യാത്രയ്ക്ക് പ്രേരണയായ ചിത്രം.... |
കുറച്ച് മാസങ്ങൾക്കുമുൻപാണ്
ദൂദ് സാഗറിന്റെ ഈ ഫോട്ടോ കാണാൻ ഇടതായത്.അപ്പോൾ തൊട്ടുതുടങ്ങിയ ആഗ്രഹമാണ് അതൊന്നു നേരിട്ടുകാണണം പറ്റിയാൽ അതിലൊന്ന് കുളിക്കണം എന്നത്.
ആ ആഗ്രഹത്തിന് വിരാമമിട്ടുകൊണ്ടായിരുന്നു അപ്രതീക്ഷിതമായ ഗോവൻ യാത്ര.ബാഗയിൽ ആയിരുന്നു താമസം ശെരിയാക്കിയത്.ബീച്ച് സൈഡിൽ അടിപൊളി ഒരു റൂം.ബീച്ചിനോട് അടുക്കുന്തോറും റെന്റ് കൂടും എന്ന് അന്ന് മനസിലായി ചേട്ടനും പിന്നെ 3കൂട്ടുകാരും ഒപ്പം ഞാനും.
ബാഗയിലെ കറക്കം ഒക്കെ കഴിഞ്ഞു പിറ്റേന്ന് ദൂദ്സാഗർ പോകാം എന്ന് പ്ലാൻ ചെയ്തു.(ഗോവയിൽ എല്ലാ സ്ഥലത്തുനിന്നും അങ്ങൊട്ട് പാക്കേജ് ട്രിപ്പുകൾ ഉണ്ട്)ഞങ്ങൾ റെന്റ് എടുത്ത ഡിയോയിൽ തന്നെ പോകാം എന്ന് തീരുമാനിച്ചു.അപ്പോൾ ഒരു റൈഡ് കൂടി ആകുമല്ലോ(Baga-Dhudhsagar ഏകദേശം 80km ഉണ്ട്)
രാവിലെ തന്നെ റെഡിയായി ഇറങ്ങി.നിരത്തുകളിൽ കച്ചവടം തുടങ്ങുന്നതേ ഉള്ളു.ഗൂഗിൾമാപ്പ് നോക്കിയാണ് യാത്ര.അങ്ങൊട്ട് പോവുന്ന പ്രധാന റോഡിൽ കയറി.റോഡിൻറെ കാര്യം പിന്നേ പറയണ്ടല്ലോ,നമ്മുടെ നാട്ടിലെ അല്ലാതെ വേറെ എല്ലാടത്തും റോഡ് സൂപ്പർ ആണെന്ന്.(ഇപ്പോൾ നമ്മുടെ നാട്ടിലെ റോഡും നല്ലതാണ് )
ഡിയോയുടെ ഫുൾ സ്പീഡ് എന്താണെന്നു അന്നറിഞ്ഞു.(സ്പീഡിൽ പോവണം എന്നല്ല.)റെന്റ് വണ്ടി ആയത്കൊണ്ട് മാക്സിമം 90km ഒക്കെ പ്രതീക്ഷിച്ചാൽ മതി.
റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു.ഗോവയിൽ ബീച്ച്,ടൂറിസ്റ്റ് പ്ലേസ് എന്നിവ ഒഴിച്ചാൽ മറ്റു പ്രദേശങ്ങൾ എല്ലാം ഏറെക്കുറെ വിജനമാണ്.അധികം ആളുകളെ ഒന്നും റോഡിൽ കാണാൻ കഴിഞ്ഞില്ല.കുറച്ചുകൂടി മുന്നോട് ചെല്ലുമ്പോൾ തണൽമരങ്ങൾ എല്ലാം വഴിമാറും.വെയിൽ അതിന്റെ തനിരൂപം കാണിക്കാൻ തുടങ്ങി.
ആ സമയം എനിക്ക് പൊള്ളാച്ചി ആണ് ഓർമവന്നത്.(വാല്പാറ മങ്കിഫാൾസ് കാണാൻ പോയത്,കട്ട വെയിൽ കൊണ്ട് അവിടെ ചെന്നപ്പോ ഒരു കപ്പിൽ കോരിയെടുക്കാൻ പോലും വെള്ളം ഇല്ലാരുന്നു.അങ്ങോട്ട് കൊണ്ടുപോയ എന്റെ പ്രിയകൂട്ടുകാരനെ ഞാൻ ഈ അവസരത്തിൽ ഓർത്തുപോവുകയാണ്)ഏതാണ്ട് അതേപോലെയൊക്കെ ഉള്ള കാലാവസ്ഥയായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോ റിസർവ് ഫോറെസ്റ്റ് എന്നൊരു ബോർഡ് കണ്ടു.അതിലൂടെ ആണ് ഇനിയുള്ള യാത്ര.വന്ന വഴിപോലെതന്നെ ഒരു മാറ്റവും ഇല്ലാത്ത റോഡ്.ഈ കരിഞ്ഞുണങ്ങിയ കാട്ടില് ഒരു പൂച്ചയെ പോലും കാണാൻ ആവില്ല.ഫോറെസ്റ്റ് ആണത്രേ,കാഴ്ചയിൽ അത്രയും പരിതാപകരമായ അവസ്ഥ...
ചേട്ടൻ വണ്ടിപറപ്പിക്കുകയാണ് .അപ്പൊഴെല്ലാം അവിടെ വെള്ളം ഉണ്ടാവുമോ എന്ന എന്റെ സംശയത്തെ ബലപ്പെടുത്തുന്ന രീതിയിൽ വെയിൽ കൂടിവന്നു. റോഡിൽ എല്ലാടത്തും സൈൻ ബോർഡ് ഉണ്ടായിരുന്ന കൊണ്ടും നല്ലറോഡ് ആയതിനാലും പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ എത്തുവാൻ കഴിഞ്ഞു.
അടുക്കുന്തോറും ഒരുപാട് ടാക്സി വാഹനങ്ങൾ കാണുവാൻതുടങ്ങി.പാക്കേജ് ട്രിപ്പ് വരുന്ന സഞ്ചാരികളാണ്. വണ്ടി പാർക്കിങ്ങിൽ കൊണ്ടുപോയിവെച്ചു.
അപ്പോൾതന്നെ ഫ്രോക്ക് ഒക്കെ ഇട്ട ഒരു അമ്മച്ചി വന്നു 30രൂപയുടെ 3സ്ലിപ്പ് തന്നു.അപ്പോഴാണ് കാര്യംമനസിലായത്,
അവരുടെ സ്ഥലം ആണ്,Pay&Park നടത്തുകയാണ്. (2വീലർ 30രൂപയാണ്) അതുംകൊടുത്തു റോഡിലേക്കിറങ്ങി.
റോഡിൽനിറയെ ജീപ്പുകളായിരുന്നു.ഒരു ഷോറൂമിൽ ഉള്ളതിലധികം അവിടെ കാണാം.ഒരാളോട് ചോദിച്ചപ്പോഴാണ് അവിടുത്തെ കാര്യപരിപാടികൾ മനസിലായത്.അവിടെനിന്നും 14കിലോമീറ്റർ ഉണ്ട് വാട്ടർഫാൾസിലേക്ക്.പ്രൈവറ്റ് വാഹനങ്ങൾ ഉൾപ്പടെ ഒരു വണ്ടിക്കും അങ്ങൊട് പ്രവേശനം ഇല്ല.ജീപ്പ് മാത്രേ പോകൂ.ഒരാൾക്ക് ₹400/-രൂപയാണ് റേറ്റ് എന്നും പുള്ളിക്കാരൻ നല്ല ഹിന്ദിയിൽ പറഞ്ഞു.
അപ്പോഴാണ് ഒരു കൂട്ടുകാരൻ ട്രെയ്‌നിൽപോവാം കഴിയും എന്നുപറഞ്ഞ കാര്യമോർത്തത്.അത് പുള്ളിയോട് ചോദിച്ചപ്പോ അവിടെ സ്റ്റോപ്പില്ല എന്നാണ് പറഞ്ഞത്.അങ്ങനെ പോകുന്നവർ ബ്രിഡ്ജ് കയറുമ്പോൾ ട്രെയിൻ സ്‌ലോചെയ്യും അപ്പോൾ ചാടിയിറങ്ങുകയാണ് ചെയ്യുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.(പിന്നീട് അങ്ങനെ പോവാൻ കഴിയുമായിരുന്നു എന്നറിഞ്ഞതിൽ ആ വഴി പറഞ്ഞു തന്ന ആളോട് ദേഷ്യം തോന്നിയിരുന്നു)
അത്രയ്ക്കു റിസ്ക് എടുക്കാൻ ഞങ്ങൾക്ക് താല്പര്യമില്ലാത്തതിനാൽ ജീപ്പിനു പോവാൻ തീരുമാനിച്ചു.നേരെ കൗണ്ടറിലേക്ക്.അധികം തിരക്കൊന്നുമില്ല ,അധികവും നോർത്തിന്ത്യൻസ് ആണ്.കുറെ അധികം ജീപ്പുകൾ സഫാരിക്ക് ശേഷം തിരികെ എത്തുന്നുണ്ടായിരുന്നു.
അവരോട് ചോദിച്ചപ്പോൾ നല്ല കാഴ്ചയാണ് എന്ന അഭിപ്രായമാണ് ലഭിച്ചത്. കുറച്ചു ഫോട്ടോസും കാണിച്ചുതന്നു.അപ്പോഴാണ് ആശ്വാസമായത് ആവിശ്യത്തിനു
വെള്ളമുണ്ട് വീണ്ടും ആവേശം കൂടി.കുറച്ചുനാളായുള്ള ആഗ്രഹം സാധിക്കാൻ പോവുന്നു.
കൗണ്ടറിൽച്ചെന്നു കാര്യംപറഞ്ഞപ്പോൾ അടുത്തപണി,ഒരുജീപ്പിൽ 7പേർക്കാണ് സഫാരി.7പേര് ഉണ്ടെങ്കിലാണ് ഒരാൾക്ക് ₹400/-രൂപ.ഞങ്ങൾ 5പേരെ ഉള്ളു എന്നുപറഞ്ഞപ്പോ ഒരാൾക്ക് ₹560/- വെച്ച് ആവും എന്നുപറഞ്ഞു.ആ കാശിന്‌പോവാൻ ഞങ്ങൾ റെഡിയായില്ല,(പേശൽ ഒന്നും നടക്കില്ല ഫിക്സിഡറേറ്റ്ആണ്.)
കുറെയൊക്കെ പറഞ്ഞുനോക്കിയെങ്കിലുംകാര്യം നടപ്പില്ല എന്ന് ഞങ്ങൾക്ക് മനസിലായി.അവസാനം പോവണ്ട എന്നുതീരുമാനമായി.
തിരിച്ചു പാർക്കിങ്ങിലേക് നടന്നു,ഒരുനിമിഷം ഞാൻ വാട്ടർഫാൾസിന്റെ ബോർഡിലേക്ക് നോക്കിനിന്നു.ആ ആഗ്രഹം സാധിക്കാതെ മടങ്ങുകയാണ്,പാർക്കിങ്ങിലെത്തി ഒരുകരിക്കും വാങ്ങി കുടിച്ചോണ്ട് സഫാരികഴിഞ്ഞു വരുന്നവരെ വായിനോക്കിനിന്നു .
അപ്പോഴേക്കും മറ്റുള്ളവർ അടുത്തസ്ഥലം സെർച്ച് ചെയ്യുകയായിരുന്നു.എനിക്കതിനോട് വല്യതാല്പര്യം തോന്നിയില്ല..അങ്ങോട്ടുള്ള പോക്ക് മുടങ്ങിയെന്നു ഞാൻ ഉറപ്പിച്ചു.ഇത്രയും വെയിലൊക്കെ കൊണ്ടുവന്നതല്ലേ നമുക്കുപോയിനോക്കിയാലോ എന്ന് ഞാൻ ചോദിച്ചു.
അത് ഏറ്റതുപോലെ അങ്ങോട്ട് പോവാൻ ആരൊക്കെ താല്പര്യം ഉണ്ടെന്ന് ബ്രോ ചോദിച്ചു,ഞാൻ ആദ്യമേ കൈപൊക്കി,ഞങ്ങൾ തിരിച്ചു പോവുകയാണ് എന്നുതോന്നിയിട്ടാവണം ഒരു ഗൈഡ് വന്നു ഞങ്ങളോട് കാര്യം തിരക്കി.
ഞങ്ങൾ ഉള്ളകാര്യം അങ്ങോട്ട് പറഞ്ഞു.ഈ റേറ്റിൽ ഞങ്ങൾക്ക് താല്പര്യം ഇല്ലെന്നു..2പേരെ പുള്ളി ഒപ്പിച്ചുതരാം കൂടെ വരാൻ പറഞ്ഞു.എന്നാൽ പിന്നെ എന്തായാലും പോയിട്ടേ ഉള്ളു എന്നായി.നേരെ വെയ്റ്റിംഗ് സീറ്റിലേക് പോയിരുന്നു.
കൗണ്ടറിലേക്ക് 2പേരായിട്ട് ആരെങ്കിലും വരുന്നുണ്ടോ എന്ന് എല്ലാരും നോക്കുന്നുണ്ടായിരുന്നു.
ഒരു സായിപ്പും മദാമ്മയും നേരെ കൗണ്ടറിൽ ചെന്ന് തിരക്കുന്നതും അവർ അവിടന്നു പോവാനുള്ള ഭാവം ആയിരുന്നു(2പേർക്കുള്ള റേറ്റ് കേട്ടിട്ടാവണം).പിന്നെ ഒന്നും നോക്കില്ല,നേരെ ഓടിച്ചെന്നു അവരോട് കാര്യം പറഞ്ഞു.അവർ ഡബിൾ ഓക്കേ,എല്ലാവരെയും വിളിച്ചു ഒക്കെയാക്കി.
ഒരാൾക്ക് ₹400/-രൂപവെച്ചു കൗണ്ടെറിലടച്ചു.
അപ്പോൾ ഒരുസ്ലിപ്പുമായി ഡ്രൈവർ നമ്മളെയുംകൊണ്ട് വേറെ ഒരു കൗണ്ടറിലേക്കുപോവും,അവിടെച്ചെന്നു ലൈഫ് ജാക്കറ്റ് വാങ്ങണം.(ഫ്രീയൊന്നുമല്ല ₹30രൂപ വെച്ച് കൊടുക്കണം) അതുംകൊടുത്തു നേരെജീപ്പിലേക്ക്.
ഓരോ ജീപ്പിനും ഐഡന്റിഫിക്കേഷൻ എന്ന രീതിയിൽ ഓരോ നമ്പർ ഉണ്ടാവും.(നമ്പർ പ്ലേറ്റ് അല്ല) ഞങ്ങൾ കയറിയ വണ്ടിക്ക് 155 ആണ് നമ്പർ (ഫ്രണ്ട് ഗ്ലാസിൽ ഉണ്ടാവും,പാർക്കിങ്ങിൽ വണ്ടി കണ്ടുപിടിക്കാനുള്ള എളുപ്പത്തിനാണ്) വണ്ടി നീങ്ങിത്തുടങ്ങി..
അങ്ങോട്ടുള്ള കാഴ്ചകൾ ഒന്നുംതന്നെ മിസ് ചെയ്യരുതെന്ന് മുൻപേ തീരുമാനിച്ചിരുന്നു.തുടക്കം ഓഫ്‌റോഡ് ആണ് ഉരുളൻകല്ലുകൾ മെതിച്ചുകൊണ്ടു ജീപ്പ് മുന്നോട്ട്പാഞ്ഞു.ആരും ഒന്നുംമിണ്ടുന്നില്ല,
അങ്ങനെ പോയാലെന്താരസം ,നമ്മുടെ ഫോറിനേഴ്‌സിനെ അങ്ങ് പരിചയപ്പെട്ടു. ടോബ്ബി&ആഷ്‌ലിൻ.ഇരുവരും ഉക്രൈൻ സ്വദേശികളാണ്.പുള്ളിക്കാരിക് ഇംഗ്ലീഷ് വല്യപിടിയില്ല കുറച്ചൊക്കെ മനസ്സിലാവൂ.പുള്ളിക്കാരൻ ആണ് കുറച്ചൊക്കെ ട്രാൻസലേറ്റ് ചെയ്തു കൊടുക്കുന്നത്...
പൊടിനിറഞ്ഞ റോഡാണ്.ജീപിന്റെ സൈഡിലെ ഗ്ലാസുകൾ എല്ലാം പൊക്കിവെച്ചു.ഇതിനിടയിൽ ജീപ്പ് രണ്ടു വെള്ളക്കെട്ടുകൾ മറികടന്നുപോയി.
മാറ്റുവാഹനങ്ങൾ കടത്തിവിടാത്തതിന്റെ കാരണം അപ്പോ മനസിലായി.
പെട്ടെന്ന് വണ്ടിനിന്നു,ഫോറസ്റ്റ് ചെക്‌പോസ്റ്റ് ആണ്,"ഭഗവാൻ മഹാവീർ നാഷണൽപാർക്ക്".
ഡ്രൈവർ ഒരാളിന് 20രൂപവെച്ചു എൻട്രി പാസ്സ് എടുക്കണം എന്നുപറഞ്ഞു,പണം നൽകി കൂപ്പൺ വാങ്ങിയപ്പോൾ ടോബി സായിപ്പ് ഇങ്ങനെ ഓരോന്നിനായി ക്യാഷ് വാങ്ങുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു,അതിനെ ഞങ്ങളുംസപ്പോർട്ട് ചെയ്തു.
ഡ്രൈവറൊന്നും മിണ്ടിയില്ല.യാത്ര തുടർന്നു. നാഷണൽപാർക് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല വഴിയിലെ പൊടികാരണം ഇരുവശങ്ങളിലെയും മരങ്ങൾ വരെ ആ നിറത്തിലാണ്.ധാരാളം മൃഗങ്ങളുണ്ടിവിടെ വേനൽ ആയതിനാലാണ് ഇവിടെ കാണാത്തത് എന്ന് പുള്ളിപറഞ്ഞു(എനിക്കങ്ങനെ തോന്നിയില്ല).ഇതുവെച്ചു നോക്കുമ്പോൾ കേരളത്തിലെ കാടുകൾ മൃഗങ്ങൾക്കു സ്വർഗ്ഗമാണു.
ഏകദേശം 12km കഴിഞ്ഞപ്പോ ഒരുമലയുടെ സൈഡിൽ പാറചെത്തിമിനുക്കിയ പോലെയുള്ള സ്ഥലത്തുകൂടി അതാപോകുന്നു ഒരു ഗുഡ്‌സ് ട്രെയിൻ.
എല്ലാവരുടേം കണ്ണുകൾ അങ്ങോട്ടായി.അതൊരു കാണേണ്ട കാഴ്ചതന്നെയാണ് അല്പം ദൂരകാഴ്ചയായാണ്. സ്ഥലം ഏകദേശം എത്താറായി എന്ന് അപ്പോൾമനസിലായി.
റോഡിലെ വളവിനും പൊടിക്കും അപ്പോഴും ഒരു കുറവുമുണ്ടായിരുന്നില്ല.ഇതുപോലൊരു ട്രെയിൻ അവിടെ ചെല്ലുമ്പോഴും കാണാന് മനസ്സിൽ ആഗ്രഹിച്ചു.മറ്റുജീപ്പുകൾ കാണുവാൻ തുടങ്ങി,അല്പം തിരക്കുണ്ടായിരുന്നതിനാൽ ഒരു 200മീറ്റർ മാറിയാണ് വണ്ടിനിർത്തിയത്.
എല്ലാവരും കുളിക്കാനുള്ള ഡ്രെസ്സും എടുത്ത് നടന്നു.എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ വച്ചു,അപ്പോൾ ഡ്രൈവർ വക ഒരു ഉപദേശം,1 മണിക്കൂറിനുള്ളിൽ തിരികെയെത്തണം.ഇല്ലെങ്കിൽ ഫൈൻ അടയ്‌ക്കേണ്ടിവരുമെന്നു.അത് നമ്മുടെ ടോബിക്കും ആഷ്‌ലിനും പറഞ്ഞുമനസിലാക്കി കൊടുത്തു.എല്ലാരും മുന്നേനടന്നു ഞാൻ ഫോൺ ഒക്കെ എടുത്ത് ഡ്രസ്സ്മാറിയപ്പോ പോകണ്ട എന്നുപറഞ്ഞ ആളുകൾ എല്ലാം ദേ മുന്നേപോകുന്നു.
അതിനിടയിൽ ഡ്രൈവർ വേഗംപോയിവാ എന്നൊക്കെപ്പറയുന്നുണ്ടായിരുന്നു.ഓ..ആയിക്കോട്ടെ എന്ന് പറഞ്ഞു ഞാൻ അവരുടെ ഒപ്പമെത്താനായി ഓടി.
ആ വഴിയിലൂടെ ഓട്ടം അല്പം അപകടം പിടിച്ച പണിയായതുകൊണ്ട് പതുക്കെ നടത്തമാക്കി. ഇറക്കമിറങ്ങി ചെന്നപ്പോ നിറയെ കറുത്തുരുളൻകല്ലുകൾ ഉള്ളസ്ഥലം അതിനിടയിലൂടെ വെള്ളമൊഴുകി വരുന്നുണ്ട്.അപ്പുറത്തേക് കടക്കാൻ ഇരുവരികളുള്ള ഒരു താലക്കാലിക പാലം.
ഒരുപാടുപേർ വെള്ളച്ചാട്ടത്തിലെ കുളിയൊക്കെ കഴിഞ്ഞുവരുന്നുണ്ട്.ചിലർ വിറയലോടെ കൈകൾ കൂട്ടിപിടിച്ചിരുന്നു.
അതുകണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.ഈ കൊടും വെയിലത്തും വിറയോ.മറ്റുള്ളവർ എന്നേക്കാൾ മുന്നിലാണ്, അവിടെനിന്നു കുറച്ചു ഫോട്ടോസ് എടുത്തു.പിന്നെ അവർക്കൊപ്പം എത്താനായി വേഗം കൂട്ടീ.
അല്പംകൂടി മുന്നോട്ടചെന്നപ്പോ കുറേയധികംപേർ കുളിക്കുന്നു.വെള്ളച്ചാട്ടത്തിൽ നിന്ന് ഒരുഭാഗത്തേക്ക് വരുന്ന വെള്ളമാണത്,അവിടെ നിന്ന് കാണാം..ശെരിക്കുമുള്ള ദൂദ്സാഗർ ..ഞാൻ മുന്നോട്ടോടി.
നല്ല തിരക്കുണ്ട് പാറക്കെട്ടുകളിലൂടെ സൂക്ഷിച്ചു വേണം നടക്കാൻ.തപ്പിത്തടഞ്ഞു ആളുകളുടെ ഇടയിലൂടെ വേഗം കയറി.അവസാനം ഞാൻ എന്റെ ഒരു ആഗ്രഹം കൂടി പൂർത്തീകരിച്ചിരിക്കുന്നു.മുന്നിൽ അതാ ഫോട്ടോയിൽ മാത്രം കണ്ടു കൊതിപ്പിച്ച ദൂദ്സാഗർ എന്റെ കൺമുന്നിൽ.
പാൽ പതഞ്ഞൊഴുകുന്നപോലെ മുകളിൽനിന്നും വെള്ളം ഒഴുകിവരുന്നു.ദൂദ്സാഗർ എന്നതിനേക്കാൾ അനുയോജ്യമായ ഒരു പേര് അതിനില്ല എന്ന് എനിക്ക് തോന്നി.മറ്റുള്ളവർ വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു,
കൂടുതലും നോർത്ത് ഇന്ത്യൻസ് ആണ്,എന്നാൽ വിദേശികളും കുറവല്ല,കുറച്ചു ചിത്രങ്ങൾ ഒക്കെ എടുത്തു,അപ്പോഴെല്ലാം മനസിലുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു,വെള്ളത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി.
കണ്ണാടിപോലെ തെളിഞ്ഞ വെള്ളം.വെള്ളത്തിൽ അവിടിവിടെയായി പാറകളുണ്ട്.ചിലർ അതില്കയറി ഇരിക്കുന്നു.കാൽവെള്ളത്തിൽ തൊട്ടപ്പോൾ മുന്നേപോയവർ വിറച്ചതിന്റെ കാര്യം എനിക്ക് പിടികിട്ടി.പതുക്കെ ഇറങ്ങാം എന്ന എന്റെ ധാരണ തെറ്റി വഴുക്കലുള്ള പാറയായിരുന്നു.ദേ കിടക്കുന്നു വെള്ളത്തിൽ, ഒറ്റവീഴ്ച ആയതുകൊണ്ട് തണുപ്പിന്റെ കാഠിന്യം അധികം അറിയേണ്ടിവന്നില്ല.
മറ്റുള്ളവരോടൊപ്പം കൂടി ജീവിതത്തിൽ ആദ്യമായാണ് ലൈഫ് ജാക്കറ്റ് ഇട്ടു നീന്തുന്നത്, (ലൈഫ് ജാക്കറ്റ് ഇല്ലാതെ വെള്ളത്തിൽ ഇറക്കില്ല)അതുകൊണ്ട് ആഴം അറിയില്ല,ഒരു പേടിയും വേണ്ട, ജാക്കറ്റ് അസ്വസ്ഥത ഉണ്ടാക്കുന്നത്പോലെ എനിക്കുതോന്നി..
എന്നാലും നീന്തി മുകളിൽനിന്നും വെള്ളം താഴെ പതിക്കുന്നവിടെ എത്തിഅതിൽ തല കാണിക്കാൻ നോക്കി,പക്ഷെ അടുക്കാൻ പറ്റുന്നില്ല.മുകളിൽ നിന്ന് പാൽ പോലെ വന്നു താഴെ മുള്ള് പോലെയാണ് പതിക്കുന്നത്.കഴിയുന്നത്ര അടുത്തുനിന്നു.
ഇത്രവേഗം ഇവിടെ എത്താൻ കഴിയും എന്നുഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.ആ ആഗ്രഹം സാധിച്ച സന്തോഷത്താൽ മതിയാവോളം നീന്തി. അപ്പോൾ അതാ ഞാൻ മനസ്സിൽ ആഗ്രഹിച്ചപോലെ ട്രെയിൻ കടന്നു വരുന്നു..അത്ര വലുതല്ല എങ്കിലും എൻജിനും 4 ബോഗികളും മാത്രേ ഉണ്ടായിരുന്നുള്ളു.
വെള്ളത്തിലായതിനാൽ ആ കാഴ്ച പകർത്തിയെടുക്കാനുള്ള എന്റെ ശ്രമം വിഫലമായി.എന്തായാലും കാണാൻ കഴിഞ്ഞല്ലോ,മനസ് നിറഞ്ഞു...
ഇടയ്ക്കു ചെറിയ മീൻ കൊത്തലുകൾ പോലെ തോന്നിയതായി ചേട്ടൻ പറഞ്ഞു.ആരും വല്യകാര്യമാകില്ല . ഒരു ഫോട്ടോ എടുക്കാൻ ആദ്യം കരയ്ക്കു കയറിയ ശരത്തിനോട് പറഞ്ഞപ്പോൾ ആണ് രസം,
ഒരു ടർക്കി,തോർത്താൻ അല്ലാതെ വേറെ ആരും ഫോൺ പോലും എടുത്തിട്ടില്ല.എന്റെ ഫോൺ 5% കാണിച്ചപ്പോൾ ആണ് ഞാൻ വെള്ളത്തിലേക്ക് ഇറങ്ങിയത്.പതുക്കെ വെള്ളത്തിൽനിന്നും കയറി ഫോണിന്റെ ലോക്ക് അഴിച്ചുകൊടുത്തു.
വീണ്ടും വെള്ളത്തിലേക്ക്.4,5 ഫോട്ടോ എടുത്തുകാണും ഫോൺ സമാധിയായി.നമ്മുടെ ടോബ്ബിയും ആഷ്‌ലിനും അപ്പോഴേക്കും കരയ്ക്കുകയറിയിരുന്നു.കുറേനേരം വെള്ളത്തിൽ മുങ്ങിനിന്നു.അപ്പോഴെല്ലാം ജാക്കറ്റ് മുകളിലേക്ക് എന്നെ വലിക്കുന്നുണ്ടായിരുന്നു.
സമയം ഏതാണ്ട് 1മണിക്കൂർ ആവാറായി. മനസില്ലാമനസോടെ വെള്ളത്തിൽനിന്നും മുകളിലേക്ക് കയറി,ഡ്രസ്സ് ഒക്കെ മാറി എല്ലാവരും തിരികെ പോവാൻ റെഡിയായി.
കുറച്ചുനേരം കൂടി ഞങ്ങൾ ദൂദ്സാഗറിന്റെ മനോഹാരിത ആസ്വദിച്ചു,അപ്പോഴാണ് ഞങ്ങൾ ആ കാഴ്ച കണ്ടത്.കണ്ണാടിപോലെ തിളങ്ങുന്ന വെള്ളത്തിൽ അത്യാവശ്യം നല്ല വലിപ്പമുള്ള മീനുകൾ,മീൻ കൊത്തൽ തോന്നിയതല്ല അതുള്ളതാണെന്നു അപ്പോ മനസിലായി...
വീണ്ടും ഒരിക്കൽ ഒരു മൺസൂൺകാലത് അതിന്റെ പൂർണരൂപം കാണണം എന്ന മോഹം തോന്നി.(മൺസൂൺകാലത്താണ് ശെരിക്കും അതിന്റെ പൂർണരൂപം കാണാനാവുക,പക്ഷെ വെള്ളത്തിൽ ഇറങ്ങുന്നതിനു ചില നിബന്ധനകൾ ഉണ്ടാവും എന്നാണ് അറിയാൻകഴിഞ്ഞത്,)
പതുക്കെ പാർക്കിങ്ങിലേക്ക് നടന്നു.അപ്പോഴും ഒരുപാട് കാഴ്ചക്കാർ എത്തുന്നുണ്ടായിരുന്നു..
ഞങ്ങളെ കാത്തു ഡ്രൈവർ വണ്ടിക്കടുത്തു നിൽക്കുന്നുണ്ടായിരുന്നു,അപ്പോഴാണുഞാൻ ഒരുകാര്യം ശ്രദ്ധിച്ചത്, പ്ലാസ്റ്റിക്ക് ഒന്നുംതന്നെ ഇല്ലാതെ വളരെ വൃത്തിയായാണ് അവിടം സംരക്ഷിച്ചിരിക്കുന്നത്.
അതുകണ്ടപ്പോൾ സന്തോഷംതോന്നി.(സഫാരി തുടങ്ങുമ്പോൾ ദൂദ് വരെ കഴിക്കാനൊ കുടിക്കാനോ ഒന്നുംകിട്ടില്ല,ജീപ്പിൽ കയറുന്നതിനുമുന്നെ ആവിശ്യം എങ്കിൽ മുന്നേവാങ്ങണം) അങ്ങനെതിരിച്ചു യാത്ര തുടങ്ങി.
ദൂദിനോട് ഇനിയുംകാണാം എന്ന ശുഭപ്രതീക്ഷയോടെ,
യാത്രയ്ക്കിടയിൽ നമ്മുടെ ഫോറിനേഴ്സിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു,
മോശംപറയരുതല്ലോ,
കേരളം എന്ന് അവർകേട്ടിട്ടുപോലുമില്ലായിരുന്നു.
കേരളത്തെകുറിച് ചില ഐഡിയ ഒകെ അവർക്കു പറഞ്ഞു കൊടുത്തപ്പോ "May be next time" എന്ന് അവർ പറഞ്ഞു.
തലേന്ന് അവർ എലിഫന്റ് ബാത്തിനു പോയ കുറച്ചു ഫോട്ടോസ് കാണിച്ചുതന്നു, ഡ്രൈവർ അപ്പോ പുറത്തു ഒരു വലിയ ഇരണ്ട പക്ഷിയെ കാണിച്ചു തന്നു,പിന്നെ കുറെ കുരങ്ങുകളും,അവിടെ ഇതൊക്കേയുള്ളു എന്നെനിക്ക് തോന്നി.
ഇടക്ക് വണ്ടി ഒന്ന് നിർത്തി ഡ്രൈവർ (കാടിന് നടുവിൽ ഒരു പെട്ടിക്കട സെറ്റപ്പ്)ഡ്രൈവർ ആർക്കേലും ബിയർ വേണോന്നു ചോദിച്ചു, അങ്ങൊട് പോയപ്പൊ കണ്ടിരുന്നില്ല ആരും താല്പര്യം പ്രകടിപ്പിക്കാഞ്ഞതുകൊണ്ടു വണ്ടി നീങ്ങി.
സഫാരിക്കൊടുവിൽ എല്ലാവർക്കും കൈ തന്നു"നൈസ് ടു മീറ്റ് യു" പറഞ്ഞു ഞങ്ങളോടൊത്തു ഒരു സെൽഫിക്കും പോസ് ചെയ്തു ടോബ്ബി ഉം ആഷ്‌ലിനും നടന്നകന്നു.
ജാക്കറ്റ് എല്ലാം ഡ്രൈവറെ ഏൽപ്പിച്ചു വണ്ടി എടുത്ത് ഞങ്ങൾ മഡ്‌ഗോവൻ ലക്ഷ്യമാക്കി നീങ്ങി,ഒരുപിടി നല്ല നിമിഷങ്ങളുമായി.....
ദൂദ് സാഗർ നമ്മൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് എന്ന് ഞാൻ പറയില്ല,പക്ഷെ നമ്മുടെ മനസിന് ഉന്മേഷം പകരുന്ന ഒരുപാട് കാഴ്ചകൾ ഉണ്ടവിടെ.....
No comments:
Post a Comment