Sunday, April 29, 2018

ആദിയോഗിയും,ഊട്ടിയിലെ പൈതൃക ട്രെയിൻ യാത്രയും




ശിവരാത്രി ദിവസം ആലപ്പുഴയിൽ നിന്നും രാവിലെ 06:00മണിക്ക് നമ്മുടെ കോയമ്പത്തൂർക്കുള്ള  ആനവണ്ടിയിൽ കേറിയിരുന്നു...

ചേർത്തലയിൽ നിന്നും ജിതിനും കൂടി ജോയിൻ ചെയ്തു,കോയമ്പത്തൂർ എത്തിയപ്പോൾ 12:30ആയിരുന്നു.സ്റ്റാൻഡിൽ നിന്നും ഭക്ഷണം കഴിച്ചു ഇഷയിലേക്കുള്ള ബസ് കണ്ടുപിടിച്ചു.

കോയമ്പത്തൂരിൽ നിന്നും 30കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇഷയിൽ എത്തിച്ചേർന്നത്.



വെള്ളിയാൻഗിരി മലനിരകളുടെ താഴ്‌വാരത്താണ് സദ്ഗുരു ജാഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള "ഇഷാ യോഗ ഫൌണ്ടേഷൻ" നിലകൊള്ളുന്നത്.150ഓളം ഏക്കറിലായാണ് ഇഷാ സ്ഥിതി ചെയ്യുന്നത്.

112അടി ഉയരത്തിലുള്ള "ആദിയോഗി"ശിവ ശില്പമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.ആദിയോഗി അഥവാ ആദ്യത്തെ യോഗി എന്ന നിലയിൽ യോഗയുടെ ആചാര്യനായി ശിവൻ ഇവിടെ അറിയപ്പെടുന്നു.



500ടെൺ  ഭാരമുള്ള ഈ ശില്പ്പം യോഗയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രതീകംകൂടിയാണ്.ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഏറ്റവും വലിയ മുഖപ്രതിമ എന്ന
നിലയിലും "ആദിയോഗി" സ്ഥാനം പിടിച്ചിട്ടുണ്ട്.യോഗയ്ക്ക് വലിയ പ്രാധാന്യമാണ് ഇഷാ നൽകുന്നത്..അത് യോഗയെ കുറിച്ച് സാധാരണക്കാർക്ക് അവബോധം സൃഷ്ടിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്.

ശിവരാത്രിയിൽ നടക്കുന്ന കലാപരിപാടികളാണ് മറ്റൊരു ആകർഷണം.വളരെ അകലെനിന്നുപോലും ശിവരാത്രി ദിവസം ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്.അന്നേ ദിവസം ഏറ്റവും വലിയ തിരക്കുമാണ് അനുഭവപ്പെടാറുള്ളത്.



മറ്റു ദിവസങ്ങളിൽ പ്രവേശനം സൗജന്യമാണെങ്കിൽ.ശിവരാത്രി ദിവസം 500രൂപ മുതലുള്ള പാസ്സ്(വൈകിട്ട് 6മണി മുതൽ രാവിലെ 6മണി വരെയുള്ള പരിപാടികൾ അടുത്ത് കാണുവാൻ)ഉപയോഗിച്ചായിരിക്കും.

തിരക്ക് കൂടുതലായതിനാൽ മെഡിറ്റേഷനിൽ പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല.ശിവരാത്രി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സമാധാനപരമായി  തീർത്ഥകുളത്തിൽ കുളിച്ചു യോഗയിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണ്.

ഒരു വട്ടം കൂടി,പ്രപഞ്ചം നിറഞ്ഞു നിന്ന് ആനന്ദ മനോഭാവം നൽകുന്ന  ആദിയോഗിയിലേക് എത്തും എന്ന തീരുമാനത്തോടെ...

കോയമ്പത്തൂർ വണ്ടി കയറി.അധികം വൈകാതെ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും മേട്ടുപ്പാളയം ബസ് പിടിച്ചു.



ബസ് സ്റ്റാൻഡിൽ 1കിലോമീറ്റർ ദൂരം പോലുമില്ല റെയിൽവേ സ്റ്റേഷനിലേക്.ഭക്ഷണം കഴിച്ചു അവിടെ എത്തിയപ്പോൾ 08:30pm ആയിരുന്നു.

പുലർച്ചെ 07:10നുള്ള ട്രെയിൻ പിടിക്കാൻ തലേന്നേ രാത്രി എത്തിയ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലോ പരിസരത്തോ ടെന്റ് ചെയ്യാനായിരുന്നു ഉദ്ദേശം എങ്കിലും മറ്റു സ്ഥലങ്ങളിലെ പോലെ ഇവിടെ കിടക്കാൻ അനുവദിക്കില്ല എന്ന നിർദ്ദേശത്തോട് കൂടി ഒരു പോലീസുകാരൻ ഞങ്ങളെ ട്രെയിൻ സമയവും ടിക്കറ്റിന്റെ വിവരങ്ങളും നൽകി അടുത്ത ലോഡ്ജില് എവിടെയെങ്കിലും കിടക്കുവാൻ പറഞ്ഞയച്ചു.

പല യാത്രകളിലും കടത്തിണ്ണകളിലും ബസ് സ്റ്റാൻഡിലും കിടന്നുള്ള ശീലം നേരെ ഞങ്ങളെ ബസ് സ്റ്റാന്റിലേക്കാണ് നയിച്ചത്.
ഓരോ സിമന്റ് ബഞ്ച് ഞങ്ങൾ കട്ടിലാക്കി, തണുപ്പിനെ വകവെക്കാതെ അവിടെ കിടന്നു.

പുലർച്ചെ 03;30യോടെ വീണ്ടും റെയിൽവേ സ്റ്റേഷനിലേക് നടന്നപ്പോൾ തണുപ്പിന്റെ കാഠിന്യം ഞങ്ങൾ ശെരിക്കറിഞ്ഞു.



ഞങ്ങൾ എത്തിയ ശേഷമാണു റെയിൽവേയിലെ ജീവനക്കാർ പോലും അവിടെ എത്തിതുടങ്ങിയത്.ജനറൽ യാത്രക്കാർക്ക് ആറു മണിയോടെ സ്റ്റേഷൻ മാസ്റ്റർ വന്നാൽ മാത്രമേ ടിക്കറ്റ് കൊടുക്കുകയുള്ളൂ.

ആ സമയം കൊണ്ട് pay&use സ്റ്റേഷൻ ഉപയോഗിച്ച് കുളിച്ചു റെഡിയായി.(റൂമെടുത്തു ക്യാഷ് കളയാൻഒട്ടും  താല്പര്യമില്ല.ഒരു ടെന്റും എവിടെയും കിടക്കാനുള്ള മനസും ഉണ്ടെങ്കിൽ യാത്ര ചിലവ് വളരെ കുറവായിരിക്കും)

4മണിയോടുകൂടി ടിക്കറ്റിനായി ആളുകൾ എത്തി തുടങ്ങിയിരുന്നു.രസം എന്താണെന്നുവെച്ചാൽ അവർ എല്ലാം മലയാളികൾ ആയിരുന്നു എന്നതാണ്.ആദ്യം എത്തിയത് ഞങ്ങളുടെ സ്വന്തം ആലപ്പുഴക്കാർ ആയ ഫാമിലി  ആയിരുന്നു.

അപ്പോഴേക്കും ട്രെയിന്റെ എൻജിൻ സ്റ്റാർട്ട്‌ ചെയ്തിരുന്നു.യാത്രക് ഒരു മണിക്കൂർ മുന്നേ എൻജിൻ സ്റ്റാർട്ട്‌ ചെയ്തിടും എന്നാണ് അറിയാൻ കഴിഞ്ഞത്.

ജനറൽ ടിക്കറ്റ് എടുക്കുവാൻ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിലുള്ള പ്രത്യേക വരിയിൽ നിൽക്കണം(പുള്ളി കൃത്യം 6മണിക്കേ വരു)

ആളുകളുടെ എണ്ണം പറഞ്ഞാൽ ഒരു ചെറിയ സ്ലിപ്പിൽ എഴുതി തരും. ആ സ്ലിപ്പുമായി സ്റ്റേഷന് മുന്നിലുള്ള കൗണ്ടറിൽ കാണിച്ചു ടിക്കറ്റ് വാങ്ങണം.(ടിക്കറ്റ് സ്ലിപ് വാങ്ങാൻ എത്ര ആളുകൾ കൂടെയുണ്ടോ എല്ലാവരും വരി നിൽക്കണം.എന്നാൽ ടിക്കറ്റ് വാങ്ങാൻ ഒരാൾ പോയാൽ മതിയാകും)

ടിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആദ്യം ഇടത്‌ വിൻഡോ സീറ്റ്‌ പിടിക്കുവാൻ ശ്രമിക്കുക,കാരണം ആ ഭാഗത്താണ് കൂടുതൽ കാഴ്ചകൾ കാണാൻ കഴിയുക.(ആള് കൂടുതൽ ആണെങ്കിൽ ഒരുമിച്ചു വന്നവരെ അങ്ങനെ മാത്രമേ ഇരുത്താൻ അനുവദിക്കൂ.അപ്പോ എല്ലാവരും വിൻഡോ സീറ്റ്‌ ലഭിക്കണം എന്നില്ല.ഭാഗ്യവശാൽ ഞങ്ങൾക്ക് വിൻഡോ സീറ്റ്‌ തന്നെ ലഭിച്ചു...





കൃത്യം 07:10നു തന്നെ യാത്ര ആരംഭിച്ചു.അപ്പോഴേക്കും 4ബോഗികളും നിറഞ്ഞിരുന്നു...
നീലഗിരി മലയിടുക്കുകളിലൂടെയുള്ള ഈ ട്രെയിൻ യാത്ര ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ട്രെയിൻ കൂടിയാണ്.ജനറൽ ടിക്കറ്റിനു 15രൂപ,സെക്കന്റ്‌ ക്ലാസിനു 20രൂപ,ഫസ്റ്റ് ക്ലാസിനു 250രൂപ എന്നിങ്ങനെയാണ് നിരക്ക്.

സ്റ്റേഷനിൽ വന്ന് ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുള്ളവർക് ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക്‌ ചെയ്യാവുന്നതാണ്(യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ മാസങ്ങൾക് മുന്നേ ബുക്ക്‌ ചെയ്യേണ്ടി വരും എന്ന് മാത്രം)

46കിലോമീറ്ററോളമാണ് മേട്ടുപ്പാളയം-ഊട്ടി പാതയുടെ ദൂരം.ഏകദേശം 5മണിക്കൂറോളമാണ് യാത്രയ്ക്ക് ആവിശ്യമായ സമയം.പല സിനിമകളിലും മാത്രം കണ്ടു പരിചയമുള്ള  ലോക പൈതൃക പട്ടികയിൽ തീവണ്ടിയിലെ യാത്ര ആരംഭിക്കുന്ന ത്രില്ലിലായിരുന്നു ഞങ്ങൾ.2005ലാണ് യുനെസ്കോ ഈ സർവീസ് പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.



ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള ഈ റെയിൽപാത നിരവധി തുരങ്കങ്ങളും ആർച് പാലങ്ങളും കടന്നാണ് യാത്ര അവസാനിപ്പിക്കുന്നത്.

യാത്ര ആരംഭിച്ചു "കല്ലാർ" സ്റ്റേഷനിൽ എത്തുമ്പോൾ കാഴ്ചകൾ കാണാനായി അല്പനേരം നിർത്തുന്നതാണ്.ഇവിടെ നിന്നാണ് റാക്ക് ആൻഡ് പീനിയൻ സംവിധാനം ഉപയോഗിച്ച് ട്രെയിൻ മല കയറി തുടങ്ങുന്നത്.പാളങ്ങൾക് ഇടയിലാണ് റാക്ക് പിടിപ്പിച്ചിരിക്കുന്നത്.ഇതിൽ പൽചക്രം കൊളുത്തിപിടിച്ചാണ് ട്രെയിൻ മല കയറുന്നത്.പിന്നിൽ ഘടിപ്പിച്ച ആവി എൻജിൻ ബോഗികളെ മുന്നിലേക്ക് തള്ളി കയറ്റുന്നതാണ് ഈ ട്രെയിനിന്റെ മറ്റൊരു പ്രത്യേകത.


17കിലോമീറ്റർ അകലെ "ഹിൽഗ്രോവ്"ആണ് അടുത്ത സ്റ്റേഷൻ,ചെറിയ പലഹാരങ്ങളും ചായയുമൊക്കെ ഇവിടെ നിന്നും ലഭിക്കുന്നതാണ്.
അതിനുശേഷം "റണ്ണിമേഡ്"സ്റ്റേഷനിലെത്തുന്ന ട്രെയിൻ ഇവിടെ നിന്നാണ് എൻജിൻ പ്രവർത്തിക്കാൻ ആവിശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്.ഇതൊരു പമ്പിങ് സ്റ്റേഷൻ കൂടിയാണ്.

അൽപനേരം പമ്പിങ്ങും എൻജിൻ പ്രവർത്തനവും കണ്ടു മനസിക്കാൻ കഴിഞ്ഞു.ട്രെയിൻ പ്രവർത്തിക്കാൻ ആവിശ്യമായ വെള്ളം ഭവാനിപുഴയിൽ നിന്നാണ് ശേഖരിക്കുന്നത്.ഏകദേശം 8000ലിറ്റർ വെള്ളം ഒരു വട്ടം പൈതൃക തീവണ്ടി സർവീസ് നടത്തുന്നതിനായി ആവിശ്യം വരും.

പമ്പിങ്ങിനു ശേഷം യാത്ര ആരംഭിക്കുന്ന തീവണ്ടി പതിയെ പതിയെ എത്തുന്നത് ഒരു പ്രധാന സ്റ്റേഷൻ കൂടിയായ "കൂനൂർ"ആണ്.35മിനിറ്റ് തീവണ്ടി ഇവിടെ നിർത്തിയിടുന്നതാണ്.ഇവിടെ വരെയാണ് റാക്ക് റെയിൽ ഉള്ളത്....



മേട്ടുപ്പാളയം-ഊട്ടി പാതയിൽ ഈ ഒരു ട്രെയിൻ മാത്രമാണ് സർവീസ് നടത്തുന്നത് എങ്കിലും കൂനൂർ-ഊട്ടി പാതയിൽ മറ്റു മൂന്ന് ടോയ് ട്രെയിനുകൾ കൂടി സർവീസ് നടത്തുന്നുണ്ട്.ഊട്ടി വരെ പോവാൻ താല്പര്യമില്ലാത്ത ആളുകൾക്ക് ഇറങ്ങാവുന്ന പ്രധാന സ്റ്റേഷൻ കൂടിയാണ് കൂനൂർ.സ്റ്റേഷന്റെ കെട്ടിടം ഇംഗ്ലീഷുകാരുടെ പ്രതാപത്തെ കാണിക്കുന്നതാണ്.

ഇവിടെ മുതൽ ട്രെയിൻ മുന്നോട്ട്കൊണ്ട്പോവുന്നത് ഡീസൽ എൻജിൻ ആണ്.മുന്നോട്ടുള്ള യാത്രയിൽ ഇരുവശങ്ങളിലും തണുപ്പ് അരിച്ചു കയറുന്നത് നമുക്കനുഭവിക്കാൻ കഴിയും.വലിയ യൂക്കാലി മരങ്ങളും പച്ച പുൽമേടുകളും പൈൻ മരങ്ങളുകലുടെയുമെല്ലാം ഇടയിലൂടെ മുന്നോട്ട് നീങ്ങുന്ന യാത്ര ശെരിക്കും ഒരു വട്ടമെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്.

ഗ്രാമകാഴ്ചകൾ

ഇടയ്ക്ക് തേയില തോട്ടത്തിൽ നിന്നിരുന്ന ഒരു വമ്പൻ കാട്ടുപോത്തിനേയും കാണുവാൻ കഴിഞ്ഞു.മേട്ടുപ്പാളയത്തുനിന്നു യാത്ര തുടങ്ങുമ്പോൾ ധാരാളം മയിലുകളെയും കാണുവാൻ കഴിയും.
റെയിൽവേ പാതയ്ക്ക് വശങ്ങളിൽ ആന പിണ്ടങ്ങളും കണ്ടിരുന്നു.

തേയില തോട്ടങ്ങളുടെ ഒരു പറുദീസ തന്നെയാണ് കുനുർ.ഊട്ടിയിലേക്കുള്ള പൈതൃക തീവണ്ടിയെ വരവേൽക്കാൻ തണുപ്പും അകമ്പടിയായി ഇവിടെ തുടങ്ങുകയായി.

മുന്നോട്ട് വെല്ലിങ്ടൺ,
അരവൻകാട്‌,കെട്ടി,ലവ്ഡെയ്ൽ എന്നിങ്ങനെയാണ് സ്റ്റേഷനുകൾ...ആളുകൾ ആരും കയറുവാനോ ഇറങ്ങുവാനോ ഉണ്ടാവില്ല..

അവസാന സ്റ്റേഷനായ ഉദഗമണ്ഡലം അഥവാ നമ്മുടെ ഊട്ടി എത്തുമ്പോൾ യാത്രക്കാർ ഒരു ആരവത്തോടെയാണ് യാത്ര അവസാനിപ്പിച്ചത്.5മണിക്കൂറോളം നീണ്ട കൺകുളിർപ്പിക്കുന്ന പുതിയ ഒരനുഭവം നൽകിയ പൈതൃക ട്രെയിൻ യാത്ര.....

അപ്പോഴും ഉദഗമണ്ഡലം സ്റ്റേഷൻ നിറയെ ആളുകൾ അടുത്ത സർവീസിനായി കാത്തുനിൽപ്പുണ്ടായിരുന്നു..

ഉദഗമണ്ഡലം അഥവാ ഊട്ടി 


No comments:

Post a Comment

“കോഴിക്കോട്” മലബാറിലെ സുന്ദരവും,അതിലേറെ ചരിത്രവും,പൈതൃകവും,പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ,ഒരുപാട് കലാകാരൻമാരെയും നമുക്ക് സമ്മാനിച്ച...