Sunday, July 15, 2018


“കോഴിക്കോട്”
മലബാറിലെ സുന്ദരവും,അതിലേറെ ചരിത്രവും,പൈതൃകവും,പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ,ഒരുപാട് കലാകാരൻമാരെയും നമുക്ക് സമ്മാനിച്ച,സ്‌നേഹമുള്ളോരുടെ നാട് എന്ന് ഒറ്റവാക്കിൽ പറയാം.

അതിലുപരി മലബാർ രുചികളുടെ പ്രശസ്‌തി വിവരണാതീതമാണ്...
അവയിൽ എന്നും ഏറ്റവും ആകർഷിച്ചിട്ടുള്ളവ "റഹ്‌മത്തിലെ ബീഫ്ബിരിയാണിയും,
പാൽസർബത്തും,
ബീച്ചിലെ
ഐസോരച്ചതും,ഉപ്പിലിട്ടതും,
കല്ലുമ്മേക്കായയും,
നാവിൽ അലിയുന്ന കോഴിക്കോടൻ ഹൽവയും,പുതു രുചികളും,
മിട്ടായിത്തെരുവിലെ ജനസഞ്ചയത്തിന്റെ തിക്കിതിരക്കും,
S.Kയുടെ ഓർമ്മകൾ നിറയുന്ന ഒരു തെരുവിന്റെ കഥയും” എന്നിവയാണ്..

കോഴിക്കോടിന്റെ ഖൽബിലേക്കു പുതുരുചികൾ തേടി ഒരു യാത്ര എന്ന മോഹം മനസ്സിൽ കയറിക്കൂടിയിട്ടു നാളേറെയായി..
അതിലേക്കുള്ള വഴിതുറന്നുകൊണ്ടായിരുന്നു ശനിയാഴ്ച കോഴിക്കോട് നിന്ന് ഉറ്റ സുഹൃത്തായ മിഥുന്റെ വിളി.മറിച്ചൊന്നും ആലോചിക്കാതെ ഒന്ന് കോഴിക്കോട് വരെ മിഥുന്റെ അടുത്ത് പോയിട്ട് വരാം എന്ന് പറഞ്ഞു വീട്ടിലും അനുവാദം വാങ്ങി.

രാത്രി 10:45നുള്ള മാവേലി എക്സ്പ്രസ്സ്‌ പിടിക്കാൻ റെയിൽവേസ്റ്റേഷൻ വരെ അനിയൻ കൊണ്ടുവന്നാക്കി.ഓടിച്ചെന്നു ടിക്കറ്റ് എടുത്തു.അപ്പോഴാണ് അൽപം നേരത്തെയായി പോയോ എത്തിയത് എന്ന തോന്നലുണ്ടായത്.സമയം 9മണിയേ ആയിരുന്നുള്ളു.അപ്പോഴേക്കും പുറത്ത് മഴ തിമിർത്തു പെയ്യാൻ തുടങ്ങിയിരുന്നു.ഒന്നേ മുക്കാൽ മണിക്കൂർ എങ്ങനെയൊക്കെയോ തള്ളിനീക്കി എന്ന് മനസിലായത് ട്രെയിൻ എത്താറായി എന്ന അനൗൺസ്‌മെന്റ് കേട്ടപ്പോഴാണ്..

മഴയ്ക്ക് ആ നേരം അൽപം ശമനമുണ്ടായിരുന്നതിനാൽ ജനറൽ കംപാർട്മെന്റ് കയറാൻ പറ്റിയ അടുത്തേക്ക് പതുക്കെ നടന്നു.ദൂരെ നിന്നും ചാറ്റൽ മഴയുടെ നേരിയ തുള്ളികളെ വകഞ്ഞുമാറ്റി തീവണ്ടിയുടെ വെളിച്ചം വീശി.
അധികം ആളുകൾ കയറാൻ ഉണ്ടായിരുന്നില്ലെങ്കിലും ട്രെയിനിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു.ഒന്ന് രണ്ടു ബോഗികളിൽ നോക്കിയെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല എന്ന് ബോധ്യമായപ്പോൾ ഒന്നിൽ കയറിപ്പറ്റി..

ട്രെയിൻ പതിയെ അതിന്റെ ചക്രങ്ങൾ മുന്നിലേക്ക് ചലിപ്പിക്കുവാൻ തുടങ്ങി.ക്രമമായ രീതിയിലുള്ള അതിന്റെ ശബ്ദത്തോടൊപ്പം വേഗതയും കൂടി വന്നു.ഇരിക്കുവാൻ ഒരിടം തേടി ആ ബോഗിക്കുള്ളിൽ എന്റെ കണ്ണുകൾ പാഞ്ഞു.പക്ഷെ ആ ശ്രമം വിഭലമായിരുന്നു.

തിരക്കുനിറഞ്ഞ ആ ബോഗിക്കുള്ളിൽ നിന്ന് കൊണ്ടുള്ള യാത്ര തുടരുക എന്നൊരു വഴി മാത്രമേയുള്ളു എന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞിരുന്നു.അടുത്ത സ്റ്റേഷനിൽ ആളുകൾ ഇറങ്ങി തിരക്ക് കുറയുമായിരിക്കും എന്നൊരു പ്രതീക്ഷ മാത്രമായിരുന്നു മനസ്സിൽ.

എറണാകുളം സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴേക്കും എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടു ആളുകൾ വീണ്ടും ഇരച്ചുകയറി.നില വീണ്ടും പരുങ്ങലിലായി എന്ന് വേണം പറയാൻ.രാത്രി തന്നെ ഇറങ്ങി പുറപ്പെട്ടത് അബദ്ധമായോ എന്ന് പോലും ഞാൻ ചിന്തിച്ചുപോയി.

രാത്രികാലങ്ങളിൽ ഇത്രമാത്രം ആളുകൾ ട്രെയിനിൽ യാത്ര ചെയ്യാനുണ്ടാവുമോ എന്ന സംശയമാണ് എന്റെ മനസിൽ അപ്പോൾ ഉയർന്നുവന്നത്.കാരണം മുമ്പൊരിക്കൽ ആലപ്പുഴയിൽ നിന്നും ഗോവ വരെയും തിരിച്ചും ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്തിരുന്നപ്പോൾ ഇത്രയും തിരക്കുള്ളതായി അന്ന് എനിക്ക് അനുഭവപ്പെട്ടിരുന്നില്ല.അതൊരുപക്ഷേ അന്ന് ഇരിക്കുവാൻ സീറ്റ്‌ കിട്ടിയതിനാലാവണം.ഇരുന്ന് യാത്ര ചെയ്യുന്നയാളുടെ കാഴ്ചപ്പാടിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുക്കുമല്ലോ കാലുകൾ കുഴഞ്ഞു നിന്ന് യാത്ര ചെയ്യുന്നയാളുടേത്…

ഇരിപ്പ് സാധ്യമല്ല എന്ന് മനസിലായി തുടങ്ങിയതോടെ പതിയെ ആ സാഹചര്യവുമായി ഞാൻ പൊരുത്തപ്പെട്ടുതുടങ്ങി.ആ നിമിഷത്തിനു കുളിർ പകാരനെന്നവണ്ണം പൊടുന്നനെ മഴയെത്തി.ട്രെയിനിന്റെ വാതിലിനരികെ നിന്നുകൊണ്ട് പതിയെ കൈകൾ മഴയ്ക്കായി നീട്ടി കൊടുത്തു.ആർത്തലച്ചു പെയ്യുന്ന മഴയെ കുതിച്ചുപായുന്ന തീവണ്ടിയുടെ ചലനം കാറ്റിൽ ലയിപ്പിച്ചു അൽപം നേർത്ത തുള്ളികളായി എന്റെ കൈകളിലേക്ക് പകർന്നു.പതിയെ മനസ്സ് ശാന്തമായി.ആ നിമിഷം മാത്രമേ മനസ്സിൽ നിറഞ്ഞിരുന്നുള്ളു.ആ നിമിഷത്തിന്റെ നിർവൃതി ആവോളം ആസ്വദിച്ചു.

മഴയ്ക്ക് ശമനമായതോടെ  വീണ്ടും തിരക്കിന്റെ കാഠിന്യം ഞാനറിഞ്ഞു.
അഞ്ചുമണിക്കൂറോളം ഇനിയും നിന്നുകൊണ്ട് യാത്ര ചെയ്യുക എന്നത് ആ അവസരത്തിൽ എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു.കാരണം ആ ബോഗിയിലെ വാതിലിന്റെ ഇടനാഴിയിലെ തിക്കി തിരക്കൽ കാരണം അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ദൂരങ്ങൾ വീണ്ടും പിന്നിട്ടു തുടങ്ങിയപ്പോൾ അധികം താമസമില്ലാതെ ആളുകൾ നിൽപ്പ് മതിയാക്കി അതെ സ്ഥാനത്തേക്കു ഇരിക്കുവാൻ തുടങ്ങി.അവരവരുടേതായ തിരക്കുകളുടെയും,നിന്നുള്ള യാത്രയുടെയും ക്ഷീണം എല്ലാവരിലും പ്രത്യക്ഷമായിരുന്നു.അധികം വൈകാതെ എന്റെ കാലുകളിലും ഭാരം കൂടുന്നത് ഞാൻ പതിയെ അറിഞ്ഞു തുടങ്ങിയിരുന്നു.കാലുകൾ വിശ്രമം ചോദിച്ചു തുടങ്ങിയിരിക്കുന്നു.ഇനി നിൽപ്പ് വയ്യ.
ആ സാഹചര്യത്തിൽ ഇരിക്കുവാൻ ഞാൻ തയ്യാറായിരുന്നില്ല എങ്കിലും എനിക്ക് മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല.പതിയെ കാലുകൾ മടക്കി ഒരിടം കണ്ടെത്തി.അൽപം ആശ്വാസം തോന്നി…

ചെറിയ ഒരിടവേളയുടെ ഉറക്കം ഞാൻ ആ ഇരിപ്പിൽ പൂർത്തിയാക്കിയിരിക്കണം.ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്.സമയം 2മണിയോടടുക്കുന്നു,ട്രെയിൻ ഏതോ സ്റ്റോപ്പിൽ നിർത്തിയിരിക്കുകയാണ്.ഫോൺ എടുത്തപാടെ..”നീ എവിടെയെത്തി എന്ന് ചോദ്യവുമായി എന്റെ സുഹൃത്തായ ശ്രീസൂര്യയാണ്”(കണ്ണൂരിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണവൻ) കോഴിക്കോട് എത്താൻ 4മണി എങ്കിലും ആവും 3:30നു അലാറം വെച്ചു കിടന്നോളാനായി അവൻ.

എന്റെ പരിതാപകരമായ അവസ്ഥ അതേപോലെ  ഞാൻ അവനു വിവരിച്ചു കൊടുത്തു.ആ സംഭാഷണങ്ങൾക്കൊടുവിൽ “നീ എത്താറാകുമ്പോൾ വിളിച്ചാൽ മതി ഞങ്ങൾ റെയിൽവേസ്റ്റേഷനിൽ എത്തിക്കോളാം” എന്ന
വാക്കുകളിൽ ഞങ്ങൾ അവസാനിപ്പിച്ചു.
പിന്നീട് എനിക്ക് ഉറക്കവും വന്നില്ല..

അവൻ ഇടക്ക് കോഴിക്കോടേക്ക്‌ വണ്ടി കയറുന്നത് ഭക്ഷണപ്രിയം കൊണ്ടോ കാഴ്ചകൾ കാണുവാനോ അല്ല,ആറു വർഷത്തോളമായി തുടരുന്ന പ്രണയം അസ്ഥിക്ക് പിടിച്ചിട്ടാണെന്നു എനിക്കും മിഥുനും നല്ല ബോധ്യമുണ്ടെന്ന കാര്യം സാന്ദർഭികമായി ഇവിടെ കുറിക്കട്ടെ…

മുന്നോട്ട് അധികദൂരം ഇല്ലാത്തതിനാൽ ഉറക്കം വരാതെയിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.അടുത്തിരുന്ന കുട്ടികളുമായി പരിചയപ്പെട്ടു.വടകര സ്വദേശികളായിരുന്നു അവർ.അവരുമായുള്ള അൽപനേര സംസാരവും ഈ തിരക്കിന്റെ വിരസതയകയറ്റാൻ നന്നേ ഉപകരിച്ചു.ഏതാണ്ട് നാല് മണിയോടടുക്കാറായപ്പോൾ ഗൂഗിൾമാപ്പിൽ കോഴിക്കോട് റയിൽവേ സ്റ്റേഷൻ സെർച്ച് ചെയ്തു.ഏതാണ്ട് രണ്ടു കിലോമീറ്റർ കൂടിയേ എന്റെ ലക്ഷ്യസ്ഥാനത്തേക് ഉണ്ടായിരുന്നുള്ളു.അത് പുതിയൊരുണർവ് പകർന്നു തന്നിരുന്നു.ട്രെയിൻ പതിയെ വേഗത കുറച്ച് സ്റ്റേഷനിലേക് അടുക്കുന്നത് അറിയുവാൻ വലിയ താമസം ഉണ്ടായിരുന്നില്ല….

മലബാറിന്റെ മണ്ണിലേക്ക് ട്രെയിനിൽ നിന്നും ഞാൻ അടിവെച്ചിറങ്ങി.എല്ലാ ക്ഷീണങ്ങളും നടുനിവർത്തി അകറ്റി മാറ്റാൻ ഒരു ദീർഘശ്വാസം കൊണ്ട് കഴിഞ്ഞു.അത്യാവശ്യം തണുപ്പുള്ള ഒരു വെളുപ്പാൻകാലം.സ്റ്റേഷന്റെ പ്രധാനവഴി അവിടെ നിന്ന് തന്നെ നോക്കി കണ്ടെത്തി അങ്ങോട്ട്‌ നടത്തമാരംഭിച്ചു.നല്ല വൃത്തിയിൽ പാരിപാലിച്ചിരിക്കുന്ന ഒരു റെയിൽവേ സ്റ്റേഷൻ ആണിത്.നടന്നു തുടങ്ങിയപ്പോൾ കാലുകളുടെ ക്ഷീണവും പാടെ മാറിക്കിട്ടി.ഞാൻ സ്റ്റേഷന് മുന്നിലെത്തി.
1888-ഇൽ മദ്രാസ് റെയിൽവേയുടെ പടിഞ്ഞാറൻ ടെർമിനസ്സായി തുറന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ്.

ഒരുപാടാളുകൾ സ്റ്റേഷന് വെളിയിൽ ഉണ്ടായിരുന്നു.ചില ആളുകൾ ബസ് സ്റ്റാന്റിലേക്കുള്ള വഴി അന്വേഷിച്ചു എന്നെ സമീപിച്ചിരുന്നു.
ഈ നഗരത്തിൽ ആദ്യമായി എത്തുന്ന എനിക്കറിയുമോ എവിടെയാണ് ബസ് സ്റ്റോപ്പ്‌ എന്ന്.” അറിയില്ല “എന്ന് സൗമ്യതയോടെ മറുപടി നൽകുക മാത്രമേ എനിക്ക് ചെയ്യാനാവുമായിരുന്നുള്ളു.അധികം സമയം കളയാതെ ഞാൻ മിഥുനെ വിളിച്ചു.നിർഭാഗ്യവശാൽ അവൻ ഫോൺ എടുത്തില്ല.ശ്രീ സൂര്യയെ വിളിച്ചു ഞാൻ എത്തി എന്ന വിവരം അറിയിച്ചു.അധികം വൈകാതെ തന്നെ അവൻ മിഥുനെയും കൂട്ടി റെയിൽവേ സ്റ്റേഷന് മുന്നിലെത്തി…



മൂന്ന് ആലപ്പുഴക്കാരായ സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ ആണ് മലബാറിന്റെ മണ്ണിൽ.സുഹൃത്ത്ബന്ധം എന്നതിലുപരി അയൽവാസികളും ഉറ്റചങ്ങാതിമാരും.ഞങ്ങൾ മിഥുന്റെ ഹോസ്റ്റലിലേക് യാത്രയാരംഭിച്ചു.വിജനമായ വേപ്പർ ലാമ്പിന്റെ മഞ്ഞ വെളിച്ചം വീശിയ റോഡിലൂടെ ഞങ്ങൾ ചെറിയ ചാറ്റൽ മഴയിൽ മുന്നോട്ടു പോയി.ഉറ്റ സുഹൃത്തുക്കളുടെ കണ്ടുമുട്ടലിലെ തമാശകളും കളിയാക്കലുകളും ആ യാത്രക്ക് മാറ്റ് കൂട്ടി.

അധികദൂരം യാത്രയില്ലാതെ തന്നെ ഞങ്ങൾ മിഥുന്റെ ഹോസ്റ്റലിലെത്തി.വണ്ടി ഒതുക്കിവെച്ചു ഞങ്ങൾ മുകളിലെ റൂമിലേക്ക്‌ നടന്നു.ആ ചെറിയ പടികൾ കയറി മുകളിലേക്കുള്ള നടത്തം എന്നെ അല്പനേരത്തേക്കെങ്കിലും പഴയ ഹോസ്റ്റൽ കാലഘട്ടത്തിലേക് തള്ളിവിട്ടു.ഇപ്പോഴും ആ നാളുകളോട് വല്ലാത്ത അടുപ്പമാണ്.ഞങ്ങൾ മൂവരും റൂമിലെത്തി.സമയം അഞ്ചുമണിയോടടുക്കുന്നു,വേഗം തന്നെ ഡ്രസ്സ്‌ മാറി അല്പനേരമെങ്കിലും ഉറക്കക്ഷീണം കുറയ്ക്കുവാനുള്ള വ്യഗ്രതയിൽ ആയിരുന്നു ഞാൻ.ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നെങ്കിലും ഞങ്ങളുടെ സംസാരങ്ങൾ ഉറക്കത്തെ വകവെയ്ക്കാതെ അല്പനേരംകൂടി തുടർന്നിരുന്നു.അതിനിടയിലെപ്പോഴോ നിദ്രയിലാണ്ടിരുന്നു….

രാവിലെ കണ്ണുതുറന്നപ്പോൾ കണ്ട കാഴ്ച,ശ്രീസൂര്യ കുളിച്ചു റെഡി ആവുകയാണ്.കാരണം അവന്റെ ഇന്നത്തെ യാത്ര അവന്റെ പ്രണയിനിക്കൊപ്പമാണ്.ഞാനും മിഥുനുമാണ് സഹയാത്രികർ.അവൻ പോയതിനു പിറകെ ഞാൻ മിഥുനെ വിളിച്ചെഴുന്നേല്പിച്ചു.മണി എട്ടായിരുന്നു.വേഗം തന്നെ ഞങ്ങൾ കുളിച്ചു റെഡിയായി റൂം പൂട്ടിയിറങ്ങി…

ഇതാണ് ഞാൻ കുറച്ച് നാളുകളായി ആഗ്രഹിച്ചിരുന്ന നിമിഷം.കോഴിക്കോടിന്റെ രുചിപെരുമയിലേക്കും,ചരിത്ര-സാംസ്‌കാരിക സമ്പന്നമായ കാഴ്ചകളിലേക്കുമുള്ള യാത്ര.പുറത്ത് അപ്രതീക്ഷിതമായി പെയ്ത മഴ ഞങ്ങളുടെ പദ്ധതികൾ അവതാളത്തിലാക്കുമോ എന്ന ഭയം ഞങ്ങളിൽ അലയടിച്ചു.മഴയെ പ്രതിരോധിക്കാൻ ആകെ കയ്യിൽ ഉള്ളത് ഒരു റെയിൻകോട്ട് മാത്രമാണ്.രണ്ടു പേരുള്ളപ്പോൾ ഒരാൾ നനയുന്നത് ശെരിയല്ലലോ.മുഴുവനായി തോർന്നില്ലെങ്കിലും അൽപം മഴ കുറഞ്ഞപ്പോൾ ഞങ്ങൾ ഹോസ്റ്റലിനടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിലേക്ക് പ്രാതൽ കഴിക്കുവാനായി കയറി.പ്രധാന ലക്ഷ്യം മഴയ്ക്ക് അൽപം ശമനമായിട്ടു മുന്നോട്ട് നീങ്ങുക എന്നതു തന്നെ.

ഞങ്ങൾ അകത്തേക്ക് കയറി,പകുതിയിലധികം ഭക്ഷണമേശകളിലും പെൺകുട്ടികളാണ്.അതിൽ ഒഴിവുകണ്ട ഒരു മേശയിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.ചൂടോടെ ഓരോ മസാല ദോശയും കോഫിയും കഴിച്ചു.വയറു നിറഞ്ഞില്ലെങ്കിലും.ഇനിയും കഴിക്കാൻ ഒരുപാട് ലിസ്റ്റ് ഉള്ളതിനാൽ അത്രയും കൊണ്ട് ഞങ്ങൾ തൃപ്തിപ്പെട്ടു പുറത്തിറങ്ങി.മഴ തോർന്നിരുന്നു.




ഞങ്ങളുടെ ആദ്യ ലക്ഷ്യം മലബാറിന്റെ ഗവി അല്ലെങ്കിൽ ഊട്ടി എന്ന് അറിയപ്പെടുന്ന “വയലട” ആണ്.വയലടയിലെ മുള്ളൻപാറയുടെ ചിത്രങ്ങൾ മനസ്സിൽ കയറിക്കൂടിയിട്ട് നാള് കുറെയായി.അന്തരീക്ഷം യാതൊരു തെളിച്ചവുമില്ലാതെ കറുത്തിരുണ്ട കാർമേഘക്കെട്ടുകളെ പുണർന്നു നിന്നു.മഴ ശക്തിപ്രാപിക്കും മുന്നേ ഞങ്ങൾ 40കിലോമീറ്റർ അകലെയുള്ള വയലട ലക്ഷ്യമാക്കി നീങ്ങി..

മുന്നോട്ടുള്ള യാത്രയിൽ വഴിയരികിലും,റോഡിനു മുകളിലൂടെ കുറുകെ ഉയരത്തിൽ വലിച്ചുകെട്ടിയ കയറുകളിലുമായി മലബാറുകാരുടെ കാൽപ്പന്തുകളിയോടുള്ള പ്രിയം പല രാജ്യങ്ങളുടെ പതാകകളുടെയും താരങ്ങളുടെ ചിത്രങ്ങളുമായി കാറ്റിലാടികൊണ്ടിരുന്നു.
നീണ്ടുകിടക്കുന്ന റോഡിന്റെ അങ്ങകലെ നിൽക്കുന്ന മരക്കൂട്ടങ്ങൾക് തലപ്പാവ് ചാർത്തിയെന്നവണ്ണം കാർമേഘങ്ങൾ വിരിഞ്ഞു നിന്നിരുന്നു.ആ കാഴ്ച തികച്ചും നയനാനന്ദകരമായിരുന്നു.അതിനോടൊപ്പം അത് താഴേക്കു പെയ്തിറങ്ങി ഞങ്ങളെ ധർമ്മസങ്കടത്തിലാക്കുമോ എന്നൊരു ചെറിയ സന്ദേഹവും.

ബാലുശ്ശേരിമുക്കും കടന്നു ഞങ്ങൾ വയലടയിലേക്ക് പോവുന്ന വഴിയുടെ ആരംഭത്തിലെത്തി അങ്ങോട്ടേക്കുള്ള ചെറുറോഡിലേക്ക് പ്രവേശിച്ചു.ബാലുശ്ശേരിയാണ് വയലടയ്ക്കു ഏറ്റവും അടുത്ത ടൗൺ.ഇവിടെ നിന്നും കയറ്റം തുടങ്ങുകയാണ്.അങ്ങകലെ കോടയിറങ്ങിയ മലനിരകൾ കാണാം.കുറച്ച് ദൂരം മുന്നോട്ട് എത്തിയപ്പോൾ എവിടെ നിന്നോ കല്ലുകളിൽ തട്ടി പൊട്ടിച്ചിതറിയൊഴുകുന്ന ജലത്തിന്റെ കുളിർമയുള്ള ശബ്ദം ഇടത്തെകാതുകളിൽ പ്രതിധ്വനിച്ചു.ഒന്നുകിൽ ഒരു അരുവി അല്ലെങ്കിൽ ഒരു വെള്ളച്ചാട്ടം ഞങ്ങൾ ഉറപ്പിച്ചു.മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾ അതിനെ കണ്ടെത്തി.പച്ചിലക്കാടുകൾക്കിടയിൽ പാൽ പതഞ്ഞൊഴുകും പോലെ ഉരുളൻ കല്ലുകളെ പുണർന്ന് പൊട്ടിചിരിച്ചുകൊണ്ടു സുന്ദരിയായി അവൾ ഒഴുകുകയാണ്.




അരുവിയെന്നോ വെള്ളച്ചാട്ടം എന്നോ അവളെ വിശേഷിപ്പിച്ചാലും തെറ്റില്ല.കാരണം ചിലയിടങ്ങളിൽ അവൾക്കു വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവമുണ്ട്.വണ്ടി സൈഡിലേക്കൊതുക്കി ഞങ്ങൾ അതിനരികിലേക് ഓടിയിറങ്ങി.ഈർപ്പം തങ്ങി നിൽക്കുന്ന ആ അന്തരീക്ഷത്തിൽ ഒരു അരുവിക്കരയിൽ മതിമറന്നു നിൽക്കുന്ന അനുഭൂതി വിവരണാതീതമാണ്.
ഭാരതീയ സംസ്കാരം അനുസരിച്ചു നദികൾ മാതൃ തുല്യരാണ്.ഒഴുകുന്ന ദേശങ്ങളെ ഫലഭൂയിഷ്ടമാക്കുന്ന,തന്നെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങൾക്ക്‌ അന്നദാതാവ്.

അരുവിയുടെ സൗന്ദര്യവും ആവോളം ആസ്വദിച്ചു.തന്റെ സൗന്ദര്യം ഞങ്ങൾ ആസ്വദിക്കുന്നത് ഇഷ്ടപ്പെടാതെ അരുവി മഴയോട് കനിയാൻ പ്രാർത്ഥിച്ചിരിക്കണം.മഴ വലിയ തുള്ളികളോടെ ആർത്തലച്ചെത്തി.

ഓടിച്ചെന്ന് റെയിൻകോട്ടെടുത്തു.അപ്പോഴും അതിടാൻ മാർഗമില്ല.ഒരാൾ നനയേണ്ടി വരും.ഞങ്ങൾ അതിനു മുതിരാതെ റെയിൻകോട്ട് ഇരുവരുടെയും തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചു.മഴയ്ക്ക് വീണ്ടും ശക്തികൂടുകയാണ്.ഉയർത്തിപ്പിടിച്ച റെയിൻകോട്ടിന് അരികിലൂടെയും ഞങ്ങളുടെ കൈകളിലൂടെയും വെള്ളം ശരീരത്തിലേക്കു പ്രവഹിക്കുന്നുണ്ട്.തല മാത്രം അധികം നനയാതെ ശരീരവും വസ്ത്രങ്ങളും മുഴുവൻ നനഞ്ഞു കഴിഞ്ഞിരുന്നു.ഓടിക്കയറി നിൽക്കാൻ ഒരു വീടുപോലും പരിസരത്തില്ല.പത്തു പതിനഞ്ചു മിനിറ്റോളം കൈകൾ കുഴഞ്ഞു റെയിൻകോട്ട് ഉയർത്തിപ്പിടിച്ചു ഞങ്ങൾക്ക് ഒരേ നിൽപ്പ് തുടരേണ്ടിവന്നു മഴയൊന്നു കുറയാൻ..

മഴയൊന്നു കുറഞ്ഞപ്പോൾ ഞങ്ങൾ വണ്ടിയുമായി മുന്നിലേക്ക് നീങ്ങി.മുകളിലേക്കുള്ള യാത്രയിൽ ഹെയർപിൻ വളവുകളുമുണ്ട്.വാഹനങ്ങൾ വളരെ കുറവായിരുന്നു.മുകളിലേക്കു കയറുന്നവഴി മൂന്നോ നാലോ വണ്ടികൾ മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ.കുറച്ച് മുന്നിലേക്ക് സഞ്ചരിച്ചെത്തിയപ്പോൾ പനയോലകൊണ്ട് മേൽക്കൂരയുണ്ടാക്കി നിർമിച്ച വെയ്റ്റിംഗ്ഷെഡ് എന്ന് തോന്നിപ്പിക്കുന്ന ഒരു നിർമിതി ഞങ്ങൾ കാണുകയുണ്ടായി.അതിനുള്ളിൽ ഒന്നുരണ്ടുപേർ മഴയിൽ നിന്നും രക്ഷനേടാൻ കയറി നിൽപ്പുണ്ട്.

ഒരുപക്ഷെ മഴപെയ്തു തുടങ്ങിയപ്പോൾ അത് കണക്കിലെടുക്കാതെ ഞങ്ങൾ മുകളിലേക്കു പോയിരുന്നെങ്കിൽ അധികം നനയാതെ ഈ ഇരിപ്പിടത്തിൽ ഞങ്ങൾക്ക് അഭയംപ്രാപിക്കാമായിരുന്നു.മഴയുടെ കലിയടങ്ങി.
മറ്റുള്ളവർ യാത്രയായി.ഞങ്ങൾ അതിനുള്ളിൽ നിന്നുതന്നെ ഷർട്ട്‌ ഊരി പിഴിഞ്ഞു.കഴിയുന്നത്ര വെള്ളം കളഞ്ഞു വീണ്ടും ധരിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി.അതിനു വെളിയിൽ നിന്ന് നോക്കിയപ്പോൾ അങ്ങകലെയുള്ള മലമുകളിൽ നിന്നും വെള്ളച്ചാട്ടം കണക്കെ വലിയ നീർച്ചാലുകൾ ധവളിമയോടെ താഴേക്കൊഴുകുന്ന സുന്ദരമായ കാഴ്ച ഞങ്ങൾ കണ്ടു.




മുന്നോട്ടുള്ള യാത്രയിൽ മഴയുടെ കാഠിന്യം എത്രത്തോളമായിരുന്നു എന്നറിയിച്ചു റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ടായിരുന്നു.ചെറിയ കനാലുകൾ കരകവിഞ്ഞൊഴുകി,റോഡിൽ ചെറിയ പാറക്കല്ലുകൾ ചിതറികിടന്നിരുന്നു.അവയെല്ലാം താണ്ടി ചില റബ്ബർതോട്ടങ്ങളും കടന്നു ഞങ്ങൾ നീങ്ങിയപ്പോൾ “ഇതാണ് വയലട” എന്നൊരു ബോർഡ്‌ ശ്രദ്ധയിൽപ്പെട്ടു.അതിനരികിൽ കണ്ട ചെറിയ ചായക്കടയിൽ നിന്നും വ്യൂപോയിന്റിലേക്കുള്ള വഴി ചോദിച്ചു മനസിലാക്കി അങ്ങോട്ടേക്ക് തിരിഞ്ഞു.

മുന്നോട്ടുവീണ്ടും കയറ്റമാണ്.ചില കാറുകളും ജീപ്പുകളും താഴേക്കിറങ്ങി വരുന്നുണ്ടായിരുന്നു.ഏതാണ്ട് മുകളിലെത്തി എന്ന് ഞങ്ങൾക്ക് അവിടെ പാർക്ക്‌ ചെയ്തിരുന്ന കാറുകൾ കണ്ടപ്പോൾ മനസിലായി.ഞങ്ങൾ വണ്ടിയുമായി അൽപംകൂടി മുന്നോട്ട് പോയി മുന്നോട്ട് ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരിടത്തെത്തിയപ്പോൾ അതിനരികിലെ ഒരു ചെറിയ കടയുടെ അരികിൽ വണ്ടി ഒതുക്കി വെച്ച് മുകളിലേക്ക് നടക്കാനാരംഭിച്ചു.


കാഴ്ചകളാൽ സമ്പന്നമാണ് വ്യൂപോയിന്റിലേക്കുള്ള വഴി.
നടത്തം തുടരവേ ഒരാൾ രണ്ടു ചെറിയ കുട്ടികളെയും ഭാര്യയെയും വഹിച്ചുകൊണ്ട് ബൈക്കിൽ ഓഫ്‌റോഡ് എന്ന് തോന്നിപ്പിക്കുന്ന റോഡിലൂടെ മുകളിലേക്കു കയറിപ്പോയി.ഞാനും മിഥുനും മുഖാമുഖം നോക്കി.കല്ലുനിറഞ്ഞ റോഡ് ആയതുകൊണ്ട് ഒരുപക്ഷെ ഇവിടംവരെയേ വാഹനങ്ങൾ കൊണ്ടുപോവാനാവു എന്ന ഞങ്ങളുടെ ചിന്ത തെറ്റായിരുന്നു.ബൈക്കുമായി കയറിപ്പോയയാൾ പ്രദേശവാസി ആയിരുന്നിരിക്കണം.എങ്കിലും കുടുംബവുമായി ഇത്ര സാഹസം ആവശ്യമാണോ? എന്ന് ഞങ്ങൾക്ക് തോന്നി.

ഞങ്ങൾ നടത്തം തുടരുകയാണ്.തണുപ്പ് കൂടി വരുന്നതായി ഞങ്ങൾക്കനുഭവപ്പെട്ടു.ഒന്നാമത്തെ മുഴുവൻ നനഞ്ഞതും കൂടെയാണ്.സമീപത്തുള്ള മലനിരകൾ എല്ലാം തന്നെ കോടയിൽ പൊതിഞ്ഞിരുന്നു.കാറ്റുവീശാനും തുടങ്ങിയിരിക്കുന്നു.അൽപം കൂടി നടന്നെത്തിയപ്പോൾ ഒരു ചെറിയ ലഖുഭക്ഷണങ്ങൾ വിൽക്കുന്ന ഒരുകടയുടെ മുന്നിൽ നിന്നും വഴി രണ്ടായി പിരിഞ്ഞു പോവുന്നിടത്തെത്തി.കൃത്യമായ വഴി ആ കടയിലെ ചേച്ചിയോട് ചോദിച്ചു മനസിലാക്കി വീണ്ടും മുന്നോട്ട്..

കോടമഞ്ഞിനു വീണ്ടും കട്ടികൂടിവന്നു.ഒറ്റയടി പാതയിൽ പലയിടത്തും ചെറിയ വെള്ളക്കെട്ടുകളും നീർച്ചാലുകളുമാണ്.അവയും കടന്നു നടത്തമാണ്.വഴിയിൽ ചിലയിടങ്ങളിൽ പണ്ടെങ്ങോ നിർമിച്ച പടികൾ കാണാം.അവയെല്ലാം പായലിന്റെ പച്ചപ്പിലാണ്ടിരുന്നു.പൊടുന്നനെ ചുറ്റും നിറഞ്ഞ കോടമഞ്ഞു മുന്നോട്ടുള്ള വഴിയേ കണ്ണിൽനിന്നും മറച്ചു പിടിച്ചു.പ്രകൃതിയുടെ പച്ചപ്പിനെ വിഴുങ്ങിയ കോടമഞ്ഞു പച്ചിലകളോടിടകലർന്നു കണ്ണുകൾക്ക്‌ കുളിരേകുന്ന കാഴ്ചകൾ സമ്മാനിച്ചു.


പച്ചിലപ്പടർപ്പുകൾക്കും വന്മരങ്ങൾക്കും ഇടയിലൂടെ നീളുന്ന ഒറ്റയടിപ്പാത.മുകളിലേക്കെത്താറായി എന്ന് തോന്നിപ്പിക്കുന്ന ഒരു കയറ്റത്തിൽ ഞങ്ങളെത്തി.ഞങ്ങൾ താഴെ വഴിയുടെ തുടക്കത്തിൽ കണ്ട നാലംഗ കുടുംബം അപ്പോഴേക്കും അവിടെ വരെയേ എത്തിയിരുന്നുള്ളു.മുകളിലേക്കുള്ള കയറ്റം നിറയെ വലുതും ചെറുതുമായ ഉരുളൻ പാറകൾ നിറഞ്ഞതായിരുന്നു.അവരുടെ കൂടെയുള്ള കുട്ടികൾ പാറയിൽ തപ്പിയും തടഞ്ഞും മുകളിലേക്കു കയറുന്നുണ്ടായിരുന്നു.അവരുടെ ആവേശം കണ്ടപ്പോൾ മനസ്സിൽ വളരെയധികം സന്തോഷം തോന്നി.ഞങ്ങൾ അവരെയും കടന്നു മുകളിലെത്തി.


വ്യൂപോയിന്റിലേക്കുള്ള ഒറ്റയടിപാത 

വീണ്ടും ഞങ്ങളെ വിഴുങ്ങാൻ മലമുകളിലെ കോട കാത്തിരുന്നിരുന്നു.ഒന്നും കാണാൻ കഴിയാത്ത അവസ്ഥ.മുന്നിലേക്ക് എന്താണെന്നു പോലും തിരിച്ചറിയാനാവുന്നില്ല.മഞ്ഞിനിടയിലൂടെ ഞങ്ങൾ തിരഞ്ഞത് ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള മുള്ളൻപാറ ആയിരുന്നു.മഞ്ഞിനിടയിലൂടെ ഞങ്ങൾ അത് കണ്ടെത്തി “മുള്ളൻപാറ വ്യൂപോയിന്റ്”

സാധാരണ ഗതിയിൽ വ്യൂ പോയിന്റ് എന്ന് കേൾക്കുമ്പോൾ നിയന്ത്രണങ്ങളുള്ള കമ്പിവേലികളാൽ സംരക്ഷിതമായ ഒരിടം എന്നെ കൂടുതലും ആളുകളിൽ ധാരണ ഉണ്ടാവാനിടയുള്ളു.എന്നാൽ അതിൽ നിന്നും വിപരീതമായി പ്രകൃതിയെ മനുഷ്യന്റെ യാതൊരുവിധ  ഇടപെടലുകളും ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഒരു മലനിരയാണ് വയലട.സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 2300അടിയാണ് ഈ മലനിരയുടെ ഉയരം.

അൽപം മഴയും അന്തരീക്ഷം മുഴുവൻ നിറഞ്ഞിരുന്ന കോടമഞ്ഞും വയലടയെ അതീവസുന്ദരിയാക്കിയിരുന്നു.അതിനിടയിലായി മുള്ളൻപാറ.
മുള്ളൻപാറയ്ക്കു മുകളിലേക്ക് കയറുന്നത് അൽപം ശ്രമകരവും ഒപ്പം അപകട സാധ്യത കൂടുതലുമുള്ള പ്രവർത്തിയാണ്.

താഴേക്കുള്ള കാഴ്ചകളിൽ നിന്നും ഞങ്ങളുടെ കണ്ണുകളെ വിലക്കി കോടമഞ്ഞു അതിന്റെ പൂർവ്വശക്തി പ്രാപിച്ചിരുന്നു.ആ നയനാഭിരാമായ നിമിഷത്തിൽ സ്വയം മറന്നു നില്കുമ്പോഴുള്ള അനുഭവം വാക്കുകളിൽ ഒതുക്കാവുന്നതല്ല.
പൊടുന്നനെ വീശിയടിച്ച കാറ്റിൽ കോടമഞ്ഞിന്റെ പുടവ അഴിഞ്ഞുവീണപ്പോൾ താഴെയുള്ള കാഴ്ചകൾ ഞങ്ങൾക്ക് ദൃശ്യമായി.


മുള്ളൻപാറ വ്യൂപോയിന്റ് 

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ റിസർവോയറിന്റ അതിമനോഹരമായ കാഴ്ച അൽപനിമിഷത്തേക്ക് എങ്കിലും ആ ദൃശ്യഭംഗി ഞങ്ങൾക്ക് അനുഭവഭേദ്യമാക്കി വീണ്ടും കോട മലനിരകളെ പൊതിഞ്ഞു.പുതിയൊരു പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞ ആനന്ദത്തിൽ ഞങ്ങളും...കക്കയം,കാരിയാത്തുംപാറ എന്നി മനോഹരമായ പ്രദേശങ്ങളും വയലടയ്ക്ക് സമീപമാണ്.

“മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ചിലർ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വഴിയിൽ വലിച്ചെറിയുന്നത് കണ്ടു. പ്രധാനമായും നാം സന്ദർശിക്കുന്ന ഓരോ സ്ഥലങ്ങളും അതിന്റെ തനിമയോടെ നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ കൂടിയാണ്. അതിനാൽ ദയവായി പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞ് ഒരു പ്രദേശവും മലിനമാക്കാതെ സംരക്ഷിക്കുക"

കുറച്ചു സമയം വയലടയുടെ മനോഹാരിതയിൽ ഞങ്ങൾ മതിമറന്നു.ഒരുപാട് ആനന്ദം നിറഞ്ഞ കാഴ്ചകൾ സമ്മാനിച്ച മുള്ളൻപാറയിൽ നിന്നും ഞങ്ങൾ വിടപറഞ്ഞിറങ്ങി.കയറിയതിനെ പാതി സമയംകൊണ്ട് താഴെത്തി.അപ്പോഴും ഒരുപാടാളുകൾ മുകളിലേക്കു കയറിപ്പോവുന്നുണ്ടായിരുന്നു.

ഇനിയാണ് കോഴിക്കോടിന്റെ ഹൃദയത്തിലേക്കുള്ള യാത്ര.സമയം ഉച്ചയോടടുക്കുന്നതിനാൽ അടുത്ത ലക്ഷ്യം റഹ്‌മത്തിലെ ബീഫ് ബിരിയാണിയാണ്.അത് ഓർക്കുമ്പോൾ വീണ്ടും വിശപ്പിന്റെ വിളിയെത്തും.തിരിച്ചുള്ള യാത്രയിൽ മഴ കനിഞ്ഞതിനാൽ വേഗം റഹ്മത്ത് ഹോട്ടലിനു മുന്നിലെത്താനായി.ഹോട്ടലിനു മുന്നിലെ നീണ്ടനിര ഒരത്ഭുതമായി തോന്നി.സമയം കളയാതെ ഞങ്ങളും വരിയിൽ ഇടം പിടിച്ചു.ഏതാണ്ട് 10മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് അകത്തു കയറാനായി.അവിടുത്തെ ബിരിയാണി കഴിക്കാൻ ഒരുപാടാളുകൾ എന്നെ പോലെ അന്യജില്ലകളിൽ നിന്നുപോലും എത്താറുണ്ട്.ബീഫ് ബിരിയാണി ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നു.


റഹ്‌മത്തിലെ ബിരിയാണിക്കായുള്ള നീണ്ട നിര

റഹ്‌മത്തിലെ ബീഫ് ബിരിയാണി
അല്പനേരങ്ങൾക്കകം ആവിപറക്കുന്ന നല്ല ബീഫ് ബിരിയാണി ഞങ്ങൾക്കുമുന്നിലെത്തി.അത് രുചിക്കും മുന്നേ അതിന്റെ ഗന്ധം ആവോളം ആസ്വദിച്ചു.ഇനിയും താങ്ങാൻ കഴിയാത്തതിനാൽ കഴിക്കാൻ ആരംഭിച്ചു.ഈ രുചി തേടി ആളുകൾ വരുന്നതിനെ കുറ്റം പറയാനാവില്ല.നല്ല കിടിലൻ ബിരിയാണി.ബീഫ് കൂടെ ആയതുകൊണ്ട് അപാരം രുചി തന്നെ.അച്ചാറും ചള്ളാസും അതിനു രുചി കൂട്ടി.കഴിച്ചു തീർന്നത് നിമിഷവേഗത്തിൽ ആയിരുന്നു.ആദ്യ രുചി പരീക്ഷണം തന്നെ ഗംഭീരമായി.ബില്ല് കൊടുത്തു ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോഴും ഹോട്ടലിനു പുറത്തെ തിരക്കിന് കുറവുണ്ടായിരുന്നില്ല.

ഈ ബിരിയാണി ഒന്ന് ദഹിച്ചിട്ടു വേണം അടുത്ത രുചിക്ക് നാവിനെ ഒരുക്കാൻ.വണ്ടി ഞങ്ങൾ നേരെ മിട്ടായിതെരുവിലേക്ക് വിട്ടു.വണ്ടി അരികിൽ ഒതുക്കി.അവിടെ ആതിഥേയത്വം നൽകുന്നത് പ്രശസ്ത സഞ്ചാരസാഹിത്യകാരൻ കൂടിയായ എസ്.കെ പൊറ്റക്കാടിന്റെ മുഖപ്രതിമയാണ്.അതിനരികിലായി ഒരു തെരുവിന്റെ കഥയുടെ മികവാർന്ന ദൃശ്യാവിഷ്‌കാരം.മറ്റൊരു ലോകത്തെത്തിപ്പെട്ട പ്രതീതി.തിരക്കിൽ പായുന്ന മിട്ടായിത്തെരുവിലെ ജനസഞ്ചയങ്ങൾക്കിടയിലും ശാന്തമായിരിക്കാൻ പറ്റിയൊരിടം.ആ കാഴ്ചകൾ മുഴുവൻ മനസ്സിൽ ഒപ്പിയെടുത്തു.ഞങ്ങൾ ആ ജനത്തിരക്കിന്റെ ഒഴുക്കിൽ മിട്ടായിതെരുവിലേക്ക് നടന്നു..

എസ്.കെ പൊറ്റക്കാടിന്റെ മുഖപ്രതിമ




ആലപ്പുഴയിലെ മുല്ലക്കൽ തെരുവിനോളം വലിപ്പവും ദീർഘവും ഇല്ലെങ്കിലും അതിലേറെ വഴിവാണിഭക്കാരും കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്.കിട്ടാതായി ഒന്നുംതന്നെയില്ല.എല്ലാം കണ്ടു ഞങ്ങൾ പതിയെ മുന്നോട്ടു നീങ്ങി.അവിടെയും കോഴിക്കോടിന്റെ മൊഞ്ചത്തിമാർക്കു പഞ്ഞമുണ്ടായിരുന്നില്ല.ഇനിയും പെയ്യാതിരിക്കുവാനെനിക്കാവില്ല എന്ന ഭാവത്തിൽ മിട്ടായിത്തെരുവിലെ ജനസഞ്ചയത്തിനിടയിലേക്ക് മഴ പാഞ്ഞെത്തി.പലരും വേഗത്തിൽ ഓടിമാറി,കുടകൾ നിവർന്നു,തെരുവ് വിജനമായി,ആളുകൾ ഒരു കടകൾക്കു മുന്നിലും മഴയിൽ നിന്ന് രക്ഷനേടാൻ അഭയംപ്രാപിച്ചു.ഒപ്പം ഞങ്ങളും.
തെരുവിന്റെ ഇങ്ങേയറ്റത്തു ഞങ്ങൾ മഴയുടെ ശമനത്തിനായി കാത്തുനിന്നു.അല്പനേരത്തെ കാത്തിരിപ്പിന് ശേഷം മഴ ഒതുങ്ങിമാറി.തെരുവ് വീണ്ടും സജീവമായി.

മിട്ടായിതെരുവ് 

അടുത്ത ലക്ഷ്യമായി ഞങ്ങൾ തെരുവിന്റെ അറ്റത്തുള്ള “ശങ്കരൻ”സ്റ്റോർസിലെത്തി.വർഷങ്ങളുടെ പാരമ്പര്യമുള്ള ബേക്കറിയാണത്.നല്ല കോഴിക്കോടൻ ഹൽവ കിട്ടുന്നിടം എന്ന് എനിക്ക് പരിചയപ്പെടുത്തിയത് മിഥുനാണ്.നേരെ അങ്ങോട്ടേക്ക് കയറി.പലനിറത്തിൽ,രുചിയിൽ വ്യത്യസ്തമായ ഒരുപാട് ഹൽവകൾ നിറച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ കട.അൽപം രുചി നോക്കാനും വാങ്ങി.ഇഷ്ടപ്പെട്ട ഇളനീർ ഹൽവ വാങ്ങുകയും ചെയ്തു.കോഴിക്കോട് നിന്നും ഹൽവ വാങ്ങിക്കൊണ്ട് വരാം എന്ന് അമ്മയ്ക്ക് ഒരു വാഗ്ദാനം നൽകിയാണ് പോന്നത്..

ശങ്കരൻ സ്റ്റോർസിലെ വിവിധതരം ഹൽവകൾ 

മിട്ടായിത്തെരുവിന്റെ അങ്ങോളമിങ്ങോളം നടന്നുകണ്ടു.നേരെ മാനാഞ്ചിറ മൈതാനത്തേക്ക് നടന്നു.നഗരത്തിന്റെ മദ്ധ്യഭാഗത്തു പച്ചപ്പുകളാലും വൻവൃക്ഷങ്ങളാലും സമൃദ്ധമായൊരിടം.ഒരുപാടാളുകൾ അതിൽ സൊറ പറഞ്ഞിരിക്കുന്നു,നടക്കുന്നു,കാഴ്ചകൾ കാണുന്നു.ഞങ്ങളും ഉള്ളിലേക്ക് കവാടം കടന്നെത്തി.നഗരഹൃദയത്തിലേക്ക് വലിയ കുളത്തിനു സമീപമായി ശുദ്ധവായു ശ്വസിച്ചു സ്വസ്ഥമായിരിക്കാൻ പറ്റിയൊരിടം.ഒരുപാട് ശില്പങ്ങളും ഈ മൈതാനത്തിനകത്തുണ്ട്.മൈതാനത്തിന്റെ ഒത്തനടുക്കുള്ള ശില്പമാണ് എന്നെ ഏറെ ആകർഷിച്ചത്.അൽപം വെള്ളം നീണ്ടിയെങ്കിലും അതിനടുത്തുപോയി ഫോട്ടോ എടുക്കുവാൻ ഞാൻ മടികാണിച്ചില്ല.അല്പനേരത്തെ നടത്തത്തിനു ശേഷം തിരികെയെത്തി വണ്ടിയെടുത്തു.



മാനാഞ്ചിറ മൈതാനത്തിനു നടുവിലെ ശിൽപം 

ടുത്തലക്ഷ്യം ഭാസ്കരേട്ടന്റെ കടയിലെ വിശ്വവിഖ്യാതമായ “പാൽസർബത്താണ്” വഴികളെല്ലാം മിഥുന് പരിചിതമായത് കൊണ്ട് എളുപ്പത്തിൽ എത്തി.മഴ കാരണം ആവണം വലിയ തിരക്കുണ്ടായില്ല.കഴുകി വൃത്തിയാക്കിയ ചില്ലുഗ്ലാസ്സുകളിലേക്ക് സർബത്ത് ഒഴിച്ച് അതിലേക്കു ഐസുകട്ടകൾ പൊട്ടിച്ചിട്ടു പച്ചപാലിന്റെ കുപ്പി അവയ്ക്കു മുകളിലൂടെ വേഗത്തിൽ ഓടിനടന്നു ഗ്ലാസ്സുകൾ നിറക്കുന്ന കാഴ്ച നല്ല രസമുളവാക്കി.ഒരുപാട് പ്രസിദ്ധമാണ് ഭാസ്കരേട്ടന്റെ ഈ ചെറിയ സർബത്ത്കട.കുറെ നാൾ മുന്നേ ഞാനും സർബത്ത് ഉണ്ടാക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിരുന്നു.വെറും ഇരുപത് രൂപയ്ക്കു നല്ല പാൽ സർബത്തും കുടിച്ചു.ഇതുവരെ നാവറിയാത്ത ഒരു പുതുരുചി കൂടി നുണഞ്ഞു.



പാൽസർബത്തുണ്ടാക്കുന്ന ഭാസ്കരേട്ടൻ
പാൽസർബത്ത്

ഇനി ബീച്ചിലേക്കാണ്,ആലപ്പുഴയുടേതുപോലെ പഴമയുടെ പ്രൗഢിയും പ്രതാപവും ഈ കോഴിക്കോടിന് എത്രത്തോളമായിരുന്നു എന്നറിയിക്കുന്ന കടൽപ്പാലത്തിന്റെ അവശേഷിപ്പുകളായിരുന്നു മനസിൽ.ബീച്ചിലും മഴ ഞങ്ങളെ പിന്തുടർന്നു.അൽപനേരം മഴയുടെ ചെയ്തികളിൽ നിന്നും ഞങ്ങൾ ഒതുങ്ങിമാറി.വൃത്തിയോടെ സംരക്ഷിച്ചിരിക്കുന്ന റോഡ് പ്രശംസനീയമാണ്.അതിലൂടെ ബീച്ചിലെത്തി.ചാറ്റൽ മഴയെങ്കിലും ബീച്ചിൽ ആളുകളുടെ തിരക്ക് സജീവമാണ്.പതിയെ ബീച്ചിലേക്കിറങ്ങി.
റോഡിനോട് വളരെ അടുത്താണ് ബീച്ച്.കര വളരെ കുറവാണ്.ഞാൻ ആലപ്പുഴ ബീച്ചിനെ കുറിച്ചപ്പോൾ ഓർത്തുപോയി.ബീച്ചിനു എന്താ വലിപ്പം.

കോഴിക്കോട് ബീച്ച്



ഞങ്ങൾ പതിയെ നടന്നു കച്ചവടക്കാരും ഒരുപാടുണ്ട് റോഡിരികിൽ എല്ലം പൊരിച്ചതും വറുത്തതുമായ ഒരുപാട് ഭക്ഷണസാധനങ്ങൾ ആണെങ്കിൽ.ബീച്ചിൽ ഉപ്പിലിട്ടതും ഐസോരച്ചതും ഒക്കെയാണ് കാഴ്ച.കടൽപ്പാലത്തിനരികെ കല്ലുകൾ കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങളിൽ ഞങ്ങൾ അൽപനേരം വീശിയടിക്കുന്ന കാറ്റിന്റെ ഓളത്തിൽ കോഴിക്കോടിന്റെ ഈണം ആസ്വദിച്ചു.

ഇവിടെയും പോരായ്മ മാലിന്യങ്ങളാണെന്ന് തോന്നുന്നു.കടൽപ്പാലത്തിനടുത്തു ഒരുപാട് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കണ്ടു.ഇത്രയും ഭംഗിയിൽ റോഡുകളും പരിസരവും സംരക്ഷിച്ചിരിക്കുന്ന ഭരണാധികാരികൾ ഇത് കണ്ടില്ലെന്നു നടിക്കുകയാണോ.എന്ത്കൊണ്ട് ഇതിനെതിരെ നടപടികൾ എടുക്കുന്നില്ല.അർഹമായ ശിക്ഷതന്നെ ഇത്തരം ചെയ്തികൾ കാട്ടുന്നവർക്കു നൽകണം.

പതിയെ അവിടെനിന്നെഴുന്നേറ്റു തിരക്ക് കുറഞ്ഞ ബീച്ചിനരികെയുള്ള ഒരു കച്ചവടക്കാരനരികിലേക് ഞങ്ങൾ നീങ്ങി.ഐസോരച്ചതും,ഉപ്പിലിട്ടതും കഴിച്ചതിനു കയ്യും കണക്കുമുണ്ടായിരുന്നില്ല.എല്ലാം പുതുരുചിക്കൂട്ടുകൾ.പേരയ്ക്ക,പൈനാപ്പിൾ,മാങ്ങാ,ക്യാരറ്റ്,തണ്ണിമത്തൻ,നെല്ലിക്ക അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്രയും ഉപ്പിലിട്ടത്.

ഉപ്പിലിട്ടത് പലതരം

കോഴിക്കോട് സ്പെഷ്യൽ ഐസോരച്ചത്

വീണ്ടും പതിയെ നടന്നു.ഇടയ്ക്കിടക്ക് കാറ്റാടിമരങ്ങളും ബീച്ചിൽ നില്പുണ്ട്.ഒരുപാടുണ്ടായിരുന്നവ വെട്ടിക്കളഞ്ഞതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.അതല്ലെങ്കിലും എല്ലാം നശിപ്പിക്കുവാൻ ആണല്ലോ മനുഷ്യർക്ക്‌ പ്രവണത കൂടുതൽ.
പതിയെ റോഡിലേക്ക് കയറി.ഇവിടുത്തെ പെൺകുട്ടികളെ കുറിച്ച് പറയാൻ നിന്നാൽ അതിവിടെയൊന്നും നിൽക്കില്ല.അതുപോലെയുള്ള സൗന്ദര്യമാണ്.അതുകൊണ്ട് അതിനെപ്പറ്റി വിവരിക്കാൻ തയ്യാറാകുന്നില്ല.

അധികം തിരക്കില്ലാത്ത റോഡരികിലെ ഒരു ചെറിയ കടയിലേക്ക് കയറി,നല്ല ചൂടോടെ വറുത്തെടുത്ത കല്ലുമ്മേക്കായ വാങ്ങി.ഇതും എനിക്ക് പുതിയ രുചിക്കൂട്ടാണ്‌.നന്നായി ഇഷ്ടപ്പെട്ടു.വീണ്ടും വാങ്ങിക്കഴിച്ചു.ഓരോ പാൽചായ കൂടി വാങ്ങി.അതിനുശേഷം മസാലയിൽ പുരട്ടിയ കാടമുട്ട പരീക്ഷിച്ചു.മസാലക്കൂട്ടിനു വ്യത്യസ്തമായ ഒരു പുതുരുചി.ഇനി ഒരു തരിപോലും സ്ഥലം വയറ്റിലുണ്ടായിരുന്നില്ല.അത്രയ്ക്കും രുചികൾ ഇന്ന് അകത്താക്കിക്കഴിഞ്ഞിരുന്നു.




അല്പനേരംകൂടി ബീച്ചിൽ ചിലവഴിച്ചശേഷം ഗുജറാത്തി സ്ട്രീറ്റും,പാളയം മാർക്കറ്റും കണ്ടു തിരിച്ചു ഹോസ്റ്റലിൽ എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു.ശ്രീ സൂര്യ തിരിച്ചെത്തും വരെ അവിടെ വിശ്രമിച്ചു.


പാളയം മാർക്കറ്റ്

അവനും കൂടെയെത്തിയപ്പോൾ ഞങ്ങൾ പരസ്പരം ആ ദിവസത്തിന്റെ സന്തോഷങ്ങൾ പങ്കുവെച്ചു.
ശേഷം ബാഗുമെടുത്തു ഞങ്ങൾ മൂവരും കൂടെ വീട്ടിലേക്കു തിരിക്കുവാൻ തയ്യാറായി.അറേബ്യൻ ഹോട്ടലിലെ എസിയിൽ ഇരുന്നു നല്ല ചൂടുള്ള അൽഫാമും കുബ്ബൂസും കൂടെ കഴിച്ച ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 11:30ന് അന്ത്യോദയ എക്സ്സ്പ്രെസ്സിൽ (മുഴുവൻ ജനറൽ ബോഗിയാണ് എങ്കിലും നല്ല വൃത്തിയുള്ള പുതിയ ബോഗികളാണ്.ഒരു A ക്ലാസ്സ്‌ യാത്ര തന്നെ ആസ്വദിക്കാം) മലബാറിന്റെ മണ്ണിൽ നിന്നും ഒരുപാട് നിറമുള്ള ഓർമകളുമായി,വീണ്ടും തിരികെയെത്താം എന്ന ആശംസയോടെ തിരികെ നാട്ടിലേക്ക്…...

No comments:

Post a Comment

“കോഴിക്കോട്” മലബാറിലെ സുന്ദരവും,അതിലേറെ ചരിത്രവും,പൈതൃകവും,പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ,ഒരുപാട് കലാകാരൻമാരെയും നമുക്ക് സമ്മാനിച്ച...