Sunday, April 29, 2018

ആനത്താരകൾക്കിടയിലെ സ്വർഗഭൂമി പാൽക്കുളമേട്...



 ഒരു ട്രെക്കിങ്ങ് സാഹസം....

"ഏഴു കിലോമീറ്ററോളം കാടിനുള്ളിലൂടെ വഴിതെറ്റിയാണ് നടന്നിരുന്നത്" എന്ന സത്യം കേട്ടപ്പോൾ ഞങ്ങൾ കിളിപോയ അവസ്ഥയിലായിരുന്നു.
കാരണം ജീപ്പ് വരുന്ന പാത പിന്തുടർന്ന് തന്നെയായിരുന്നു ഞങ്ങൾ പാൽകുളമേട് നിന്നും ഇറങ്ങിയത്.
അതല്ലാതെ മറ്റൊരു വഴിയേ ഇല്ല എന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു.

എല്ലാ തവണത്തേയും പോലെ ആരവങ്ങളും ആഘോഷങ്ങളുമായുള്ള ഒരു ന്യൂയെറിൽ നിന്ന് ഒരു പിന്മാറ്റം എന്നചിന്തയിൽനിന്നാണ് സ്വസ്ഥമായൊരിടം എന്ന നിലയിൽ "പാൽകുളമേട്" ലക്ഷ്യസ്ഥാനമായി തീരുമാനിച്ചത്.

അതിനുവേണ്ട തയ്യാറെടുപ്പുകളുമായി ടെന്റും,ഗ്രില്ലും എല്ലാം രാത്രിതന്നെ റെഡിയാക്കി വെച്ചു....

രാവിലെ ആറു മണിക്കുതന്നെ ഞാനും നന്ദുവും ജിതിനും യാത്രതുടങ്ങിയപ്പോൾ ഒരു വണ്ടിയുടെ അഭാവത്തിൽ കൈയിൽ ഉണ്ടായിരുന്ന CDdeluxeഉം ഒരു ഡിയോയും  എടുത്തങ്ങു പോയി.ഏതുവണ്ടിയായാലും നമുക്കെത്തിയാൽ മതി എന്നാണ് എന്റെ ഒരിത്....

ഈ യാത്രയിലെ ഞങ്ങളുടെ പേടകങ്ങൾ 

എങ്കിലും യാതൊരു മുകരുതലുമില്ലാതെ എടുത്ത വണ്ടി ഞങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുമോ എന്ന ചിന്തപോലും ഞങ്ങൾക്കുണ്ടായിരുന്നില്ല
ബണ്ടുറോഡിൽ നിന്നും ഒരടിപൊളി സൺറൈസും കണ്ട് പാലായും തൊടുപുഴയും കടന്നു ഞങ്ങൾ മുന്നോട്ടുനീങ്ങി.

ഇടുക്കിയുടെ ഭാവങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ആദ്യം കണ്ട കടയിൽകയറി ഓരോ കട്ടനും ബിസ്ക്കറ്റും കഴിച്ചു  ബ്രേക്ഫാസ്റ് പൂർത്തിയാക്കി.
അവിടെനിന്നും ഞങ്ങൾ ആദ്യ ലക്ഷ്യമായ ഹിൽ വ്യൂ പാർക്കും,ഇടുക്കി ഡാമും,വൈശാലി ഗുഹയും കണ്ടു.(ഡാമിലേക് അത്യാവിശം നല്ല നടപ്പുണ്ട്..വൈശാലി ഗുഹയിലേക്കും ഡാമിലേക്കും ഇടയ്ക്ക് വഴി രണ്ടായി തിരിയും.നടക്കാതെ
ബാറ്ററി കാറിൽ പോവാൻ വേറെ പാസ്സ് എടക്കണം എന്നതുകൊണ്ട് ആ ആഡംബരം അങ്ങ് ഒഴിവാക്കി നടന്നു.മൊബൈൽ,ക്യാമറ എന്നല്ല ബാഗ് പോലും ഡാമിലേക് കയറ്റിവിടില്ല.അതൊരു നഷ്ടമായി തോന്നി)

ഹിൽവ്യൂ പാർക്കിൽ നിന്നുള്ള ഇടുക്കി ഡാമിന്റെ കാഴ്ച.

നല്ല വെയിലും കൊണ്ട് ഡാമും,ഗുഹയുമെല്ലാം കണ്ടു വന്നപ്പോഴേക്കും നല്ലതുപോലെ ക്ഷീണം ഞങ്ങൾ മൂന്നാൾക്കും തോന്നിയിരുന്നു.
ബാഗും സാധനങ്ങളും ഉള്ളിലേക്ക് കയറ്റതിനാൽ എല്ലാം വണ്ടിയിൽ തന്നെ വെച്ചു വഴിയരികിൽ കച്ചവടം ചെയ്യുന്ന ഒരു ചേച്ചിയെ ഏൽപിച്ചു.അതിനു പ്രതിഫലം എന്ന നിലയിൽ ചേച്ചി ഞങ്ങളെ കൊണ്ട് അവരുടെ കൈയിലെ പൈനാപ്പിൾ വാങ്ങിപ്പിച്ചു.
ചേച്ചിയോട് നന്ദി പറഞ്ഞു പാൽകുളമേട് വഴി ചോദിച്ചപ്പോൾ ഞങ്ങളെ ഏതോ അന്യഗ്രഹ ജീവികളെപോലെ ഒരു നോട്ടവും കുറെ ആന കഥകളും,അധികം മടുപ്പിക്കൽ കേൾക്കാൻ നിക്കാതെ ഞങ്ങൾ ചേച്ചിയോട് ഒരു സലാം പറഞ്ഞു മുന്നോട്ടുതന്നെ നീങ്ങി.

രാവിലത്തെ ബിസ്‌ക്കറ്റിന്റെ എനർജി തീരാറായതിനാൽ വഴിയരികിലെ "വീട്ടിലെ ഊണ്" എന്ന കടയിലേക്ക് കയറി.നല്ല കുത്തരി ചോറും മോരും സാമ്പാറും പോട്ടിയും കഴിച്ചു,നേരെ കാൽവരി പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു..

കാൽവരിയിലെ കയറ്റത്തിൽ വണ്ടി പതറാതെ കൂടെ നിന്നപ്പോൾ അൽപം ആത്മവിശ്വാസം കൂടി.

കാൽവരി മൗണ്ട്

മൂന്ന് മണിയായെങ്കിലും അത്യാവിശ്യം  വെയിൽ അവിടെയും ഉണ്ടായിരുന്നു.പാസ്സെടുത്തു "കാൽവരി മൗണ്ട്"ചുറ്റിക്കണ്ട ശേഷം(20രൂപ പാസും 2വീലർപാർക്കിംഗ് 15ഉം)

ഞങ്ങൾ മുന്നോട്ട് വഴിത്തിരക്കിയപ്പോൾ വന്ന വഴി 13km തിരികെ പോയാലേ പാൽകുളമേട് പോവാനുള്ള വഴിയിലേക്കു എത്താനാവു എന്നറിഞ്ഞു ഞങ്ങൾ വണ്ടി തിരിച്ചു ചെറുതോണിയെത്തി വഴി മനസിലാക്കി.

പെട്രോളും റീഫിൽ ചെയ്തു ബ്രെഡും വാങ്ങി പ്രദേശവാസികളായ ആളുകളോട് വഴിചോദിച്ചു തന്നെ ഞങ്ങൾ മുന്നോട്ടു പോയി.
ഒട്ടും തിരക്കില്ലാത്ത കുത്തനെ കയറ്റം മാത്രമുള്ള വഴികൾ പിന്നിട്ടു ഞങ്ങൾ  ദൂരെയുള്ള കാണുന്ന  മലയാണ് പാൽകുളമേട് എന്ന് മനസിലാക്കി.

അൽപം കൂടി മുന്നോട്ടു ചെന്നപ്പോൾ മലമുകളിൽ ഒരു പുകഉയരുന്നത് കണ്ടു ഞങ്ങൾ വണ്ടി നിർത്തി.
പുക മാത്രം അല്ല നല്ല തീയും ഉണ്ടെന്നു ഞങ്ങൾക്ക് പിന്നെയാണ് മനസിലായത്.മുകളിലെ ഒരുഭാഗം കത്തിത്തുടങ്ങിയിരുന്നു.

ഞങ്ങളെ ആശയകുഴപ്പത്തിലാക്കി പടർന്ന തീ.

അതുവഴി വന്ന ഒരു ചേട്ടനോട് തിരക്കിയപ്പോൾ ഇത് അല്ല പാൽകുളമേട് ഇവിടെനിന്നും മുന്നോട്ടു 4കിലോമീറ്റർ പോയാൽ അങ്ങോട്ടുള്ള വഴിയിൽ എത്താം എന്നുപറഞ്ഞു,പിന്നെ തീ കാര്യമാക്കണ്ട ഈ സമയത്തു നാട്ടുകാർ തന്നെ തീയിടുന്നതാണ്,പുതിയ പുല്ല് കിളിർക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

എന്നാലും ആ പുക കണ്ടതോടെ ഞങ്ങളുടെ സകല പ്രതീക്ഷകളും അസ്ഥാനതായിരുന്നോ എന്ന് ഞങ്ങൾ പരിഭ്രമിച്ചിരുന്നു.
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന മലനിരയുടെ ഏതോ ഒരു ജനവാസപ്രദേശമാണ് കത്തിയിരുന്നത്.അപ്പോഴേക്കും സമയം 5മണിയോടടുത്തിരുന്നു.

ഈ സമയത്തു മുകളിലേക് നടന്നാൽ നിങ്ങൾ അവിടെ എത്തില്ല എന്നാണ് പുള്ളിയും ഞങ്ങൾക്ക് നിർദ്ദേശം നൽകിയത്.ജീപ്പ് പോവുന്ന വഴിയിൽ കൂടി വണ്ടിയുമായി മുകളിലേക്ക് പോയാൽ അൽപം നേരത്തെ എത്താം എന്നും പറഞ്ഞു വഴി മനസിലാക്കി ഞങ്ങൾ  വീണ്ടും മുന്നിലേക്ക് പോയി.

അവസാനം ജീപ്പ് കയറിപോവുന്ന വഴിയുടെ തുടക്കത്തിൽ എത്തി,ഞങ്ങളെ കണ്ടെന്നവണ്ണം അതിനു മുന്നിലെ വീട്ടിൽ നിന്നും ഒരു ചേട്ടൻ ഇറങ്ങിവന്ന് കാര്യം തിരക്കി.പാൽകുളമേട് പോവാൻ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ മുന്നേ കേട്ടത് പോലെ ആനയുടെ കാര്യമാണ് പുള്ളിയും പറഞ്ഞത്.

അപ്പോഴേക്കും അൽപം ഇരുട്ട് വീണു തുടങ്ങിയിരുന്നു.അധികനേരം സമയം കളയാൻ ഞങ്ങൾ തയ്യാറല്ലാത്തതിനാൽ ജീപ്പ് പോവുന്ന വഴിയിലൂടെ വണ്ടിയുമായി പോവാൻ ഞങ്ങൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.അത്ര കഠിനമായിരുന്നു റോഡിന്റെ തുടക്കം തന്നെ.

വണ്ടി അടുത്ത വീട്ടിലേക്കു കയറ്റിവെച്ചു ഞങ്ങൾ നടന്നു കയറാൻ തീരുമാനിച്ചു.ആ വീട്ടുകാരൻ പറഞ്ഞതനുസരിച് ഇലക്ട്രിക് പോസ്റ്റ്‌ അടയാളം നോക്കി പോയാൽ ജീപ്പ് വഴിയിൽ നിന്നും മാറി കുറച്ചു ഹിന്ദിക്കാർ താമസിക്കുന്ന ഒരു വീട് ഉണ്ടെന്നും അതിനു മുന്നിലൂടെ മല ഇറങ്ങിയാൽ പാൽകുളമേട് മല കുത്തനെ കയറി വേഗം മുകളിൽ എത്താം എന്നും പുള്ളി ഷോർട്കട്ട്‌ എന്ന മുഖേന ഒരു വഴി പറഞ്ഞുതന്നു.
റോഡിലൂടെ കാട് കയറാൻ തുടങ്ങിയപ്പോൾ നെഞ്ചിടിപ്പു കൂടുന്നതു ഞങ്ങളറിഞ്ഞു.ചീവീടുകളുടെ ഉച്ചത്തിലുള്ള ശബ്ദം നാലുപാടും മുഴങ്ങികേട്ടു.മൂന്ന്പേരും മൂന്ന് ദിശയിൽ കണ്ണോടിച്ചു,മുന്നോട്ടു പോകുതോറും വഴി കൂടുതൽ മോശം ആണെന് ഞങ്ങൾക്ക് മനസിലായി.ഇലക്ട്രിക്പോസ്റ്റ്‌ അടയാളമായി ഞങ്ങൾ ജീപ്പ്വഴിയിൽ നിന്നും വലത്തേക്കു മാറി അൽപം മുന്നോട്ടു ചെന്നപ്പോൾ ഒരു ചെറിയ വീട് മലയുടെ അരികിലായി കണ്ടു,അവിടെ കണ്ട ഹിന്ദിക്കാരോട് വഴി ചോദിച്ചറിഞ്ഞു പതിയെ താഴേക്ക്‌ ഇറങ്ങി.വഴി എന്ന് പറയാൻ മാത്രം ഒന്നുമില്ല.ഒരാൾ നടന്നു പുല്ല് പതിഞ്ഞ ഒരു പാട് മാത്രം....

പാതി ഇറക്കത്തിൽ ആ അടയാളവും ഇല്ലാതായി.
അപ്പോഴേക്കും ഞങ്ങൾ ആ വലിയ മലയുടെ അടിവാരത്ത്‌ എത്തിയിരുന്നു..അവിടെയും നിറയെ ആനപിണ്ഡങ്ങൾ ആയിരുന്നു.കാട് കുലുക്കി മെതിച്ച അടയാളങ്ങൾ,നാലുപാടും നോക്കി ഞങ്ങൾ ആന അടുത്തെങ്ങും ഇല്ല എന്ന് ഉറപ്പ് വരുത്തി.വഴി ഉണ്ടാക്കിയും തപ്പി പിടിച്ചും  ആ മലയിൽ തൊട്ടു.

ജീപ്പ് വഴിയിൽ നിന്നും മാറി കുറുക്കുവഴിക്കായി കുത്തനെ കയറിയ മല.(ഏതാണ്ട് മുക്കാൽ മണിക്കൂർ എടുത്തു കയറ്റം)

ഇനിയുള്ള കടമ്പ ഈ മല കുത്തനെ കയറുക എന്നതാണ് കൃത്യമായ വഴി എന്നൊന്നും ഇവിടില്ല,നമ്മൾ എങ്ങനെ കയറുന്നുവോ അതാണ് വഴി.
പാറയിൽ വഴുക്കൽ ഇല്ലാത്തതു വലിയ ആശ്വാസമായിരുന്നെങ്കിലും കുത്തനെയുള്ള കയറ്റം ഒരു ശ്രമകരമായ കാര്യം തന്നെയായിരുന്നു.
മലയുടെ ഏറ്റവും മുകളിൽ  എത്തിയാൽ കൈയെത്തി പിടിക്കാം എന്ന രീതിയിൽ അപ്പോൾ ചന്ദ്രൻ പൂർണ രൂപത്തിൽ ദൃശ്യമായിരുന്നു.
ചിലയിടങ്ങളിൽ പാറയിൽ ഞങ്ങളെക്കാൾ രണ്ടടി പൊക്കത്തിൽ പുല്ലുകൾ നിറഞ്ഞിരുന്ന വഴി അൽപം ബുദ്ധിമുട്ടിയെങ്കിലും ഞങ്ങൾ മറികടന്നു.
ഈ മുകളിലേക്ക് കയറുന്നവഴി താഴേക്ക്‌ ഇറങ്ങുക എന്നത് അസാധ്യമായ കാര്യം ആണെന് ഞങ്ങൾക്ക് നന്നേ ബോധം ഉണ്ടായിരുന്നു.

മലയുടെ പകുതിയോളം പിന്നിട്ടപ്പോഴേക്കും ഞങ്ങൾ ക്ഷീണിതരായിരുന്നു.ഇരുട്ടിനു വീണ്ടും കട്ടി കൂടാൻ തുടങ്ങിയപ്പോൾ ഇനി വിശ്രമമില്ലാതെ എങ്ങനെയും മുകളിൽ എത്തുക എന്നത് മാത്രമായി ഞങ്ങളുടെ ലക്ഷ്യം.ചിലയിടങ്ങളിൽ കയറുവാൻ പറ്റാതെ ഞങ്ങൾ പതറിയെങ്കിലും.ഒരാൾ ആദ്യം കയറുകയും ബാഗും മറ്റു സാധനങ്ങളും വാങ്ങി മുകളിലേക്ക് ആദ്യം കയറ്റി പിന്നാലെ പതുക്കെ ശ്രദ്ധയോടെ ഞങ്ങൾ കയറുകയുമാണ് ഉണ്ടായത്.കാഴ്ച്ചയിൽ ഉള്ള വലിപ്പത്തേക്കാൾ എത്രയോ മടങ്ങു വലുതാണ് ഈ മല എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു.ഒരു കുപ്പി വെള്ളം പോലും വലിയ ഭാരമായി തോന്നിയ കയറ്റങ്ങൾ ഞങ്ങൾ അപ്പോഴേക്കും കയറിയിരുന്നു.

മലകയറ്റത്തിനിടെ തളർന്നിരിക്കുന്ന നന്ദു.

ഉണക്കപുല്ലുകൾ വകഞ്ഞുമാറ്റി ഞങ്ങൾ ഏകദേശം മുകളിൽ എത്താറായപ്പോഴേക്കും ജീപ്പ് വരുന്ന വഴി ഞങ്ങൾ കണ്ടു,പിന്നെ നേരത്തെ ആ വഴി ലക്ഷ്യമാക്കി തപ്പിത്തടഞ്ഞു പുല്ലുകൾക്കിടയിലൂടെ വേഗത്തിൽ നടന്നു ഇടയ്ക്ക് തെന്നിയും വീണുമെല്ലാം ഞങ്ങൾ ആ വഴിയിലേക്കു കയറിയപ്പോൾ ഇരുട്ട് പൂർണമായും കാഴ്ചകൾ മറച്ചിരുന്നു.

കൈയിലുണ്ടായിരുന്ന ടോർച്ചും സോളാർലൈറ്റും തെളിച്ചുപിടിച്ചു ഞങ്ങൾ വളരെ ശ്രദ്ധയോടെ മുന്നിലെ വഴിയിലൂടെ ഞങ്ങൾ നടന്നു..

പെട്ടെന്നുള്ള റോഡിലെ വളവുകളിൽ വളരെ ശ്രദ്ധയോടെ ഞങ്ങൾ ലൈറ്റിന്റെ വെട്ടം പായിച്ചു.
മുന്നിൽ ഒരു ആന ഉണ്ടെങ്കിൽ ഞങ്ങൾ തികച്ചും നിസ്സഹായരാണെന്നു ഞങ്ങൾക്ക് തിരിച്ചറിവുണ്ടായിരുന്നു.
ഇടയ്ക് കേട്ട ആനയുടെ ചിന്നംവിളി ഞങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടിയിരുന്നു,
മുന്നിലും പിന്നിലും വശങ്ങളിലും ഒരേ സമയം ഞങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരുന്നു.

ഇതിനിടയിൽ ജിതിന്റെ കാലിൽ മസിൽ വലിഞ്ഞു പിടിച്ചാൽ അവനു നടക്കുന്നതിനു ബുദ്ധിമുട്ടുണ്ടായി,പക്ഷെ അൽപനേരം പോലും അവിടെ ഇരിക്കാൻ ഞങ്ങൾ അവനെ അനുവദിച്ചിരുന്നില്ല.കാരണം ഏതു സമയവും ഒരു അപകടസാധ്യത ഞങ്ങൾ മുന്നിൽ കണ്ടിരുന്നു.
"മനസിൽ ഭയം തോന്നിയാൽ എന്താണോ ഓർക്കരുത് എന്ന് നാം വിചാരിക്കുന്നത്,ഏറ്റവും കൂടുതൽ ചിന്തകൾ നമ്മളെ അതിലേക്കാവും പിടിച്ചു വലിക്കുന്നത്"

അതിന്റെ പ്രതിഭലനമെന്നവണ്ണം എല്ലാവർക്കും ആനയെ കുറിച്ചായിരുന്നു സംസാരം."ഒന്ന് മിണ്ടാതിരിക്കെടാ"എന്ന് ഓരോരുത്തരും മാറി മാറി പറയുന്നുണ്ടായിരുന്നു.ഇത്ര താമസിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ അൽപം നേരത്തെതന്നെ കയറാമായിരുന്നു എന്ന അഭിപ്രായങ്ങൾക്കൊന്നും ഇപ്പോൾ പ്രസക്തിയില്ല എന്ന് അറിയാമെങ്കിലും ഞങ്ങൾക്ക് അപ്പോൾ അങ്ങനെ പറയുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു.

മുന്നിലേക്കുള്ള വഴി ഇരുട്ട് വിഴുങ്ങി കഴിഞ്ഞിരുന്നു അതിലേക്കു ഒരു ചെറിയ വെളിച്ചം മാത്രംകൊണ്ടു ഞങ്ങൾ ഇരുട്ടിനെ ഭേദിച്ച് മുന്നോട്ടുനടന്നു.വളഞ്ഞു പുളഞ്ഞ ആ ജീപ്പിന്റെ ടയർപാടുകൾ മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ മാർഗദർശി,ഒരുപാടു നടന്നപ്പോൾ ഞങ്ങൾ മനസിലാക്കി മലയുടെ കുത്തനെ കയറ്റം പാതി വഴിയിലാണ് വന്ന് ചേരുന്നത് വീണ്ടും ഒരുപാട് നടക്കാനുണ്ടെന്നു,

ഭയം ഉള്ളിലുണ്ടായിരുന്നതിനാൽ വേഗത്തിലുള്ള നടപ്പ് ദൂരങ്ങൾ വേഗം താണ്ടാൻ സഹായകമായി.ഏതാണ്ട് ഞങ്ങൾ ലക്ഷ്യം കണ്ടു എന്ന് മനസിലായത് മലമുകളിൽ ഒരു ചെറിയ തീ വെളിച്ചം കണ്ടപ്പോഴാണ്,ഞങ്ങൾ നടപ്പ് അൽപം കൂടി വേഗത്തിലാക്കി.. അതെ,മുകളിൽ ആളുകൾ ഉണ്ടായിരുന്നു.ഞങ്ങൾ നടന്നു അവരുടെ അടുത്തെത്തി. മലകേറിയാണ് വന്നതെന്ന് പറഞ്ഞപ്പോൾ അവർക്കും  അത്ഭുതമായി,അവർ ജീപ്പിലാണ് വന്നിരുന്നത്,അതും ഉച്ചയോടെ മുകളിൽ എത്തി.

സമയം കളയാതെ ഞങ്ങൾ ടെന്റ് സെറ്റ് ചെയ്തു.ജീപ്പിൽ വന്ന സുഹൃത്തുക്കൾ പ്രദേശവാസി കൂടിയായ ലിബിൻ ചേട്ടന്റെ കൂട്ടുകാർ ആയിരുന്നു.പുതുവർഷം ആഘോഷിക്കാൻ പുള്ളിയുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തി.അപ്പുറത്ത് കുറച്ചുമാറി പ്രദേശവാസികളായ കുറച്ച് ആളുകൾ മാത്രം,മറ്റാരും അന്ന് രാത്രി അവിടെ ഉണ്ടായിരുന്നില്ല.

ഞങ്ങളുടെ കയ്യിലെ സോളാർ വെളിച്ചം കാണിച്ചു ഞാനും നന്ദുവും ജിതിന് അൽപം വിശ്രമം കൊടുത്ത് ലിബിൻ ചേട്ടനും മറ്റു രണ്ടു പേർക്കുമൊപ്പം വിറക് വെട്ടാൻ കാടുകയറി.അപ്പോൾ സ്ഥലത്തെ കുറിച്ചും അവിടുത്തെ അപകടസാധ്യതയെ കുറിച്ചും ലിബിൻ ചേട്ടനാണ് ഞങ്ങളെ ബോധവാന്മാരാക്കിയത്.
ആവിശ്യത്തിന് വിറക് ശേഖരിച്ചു ഞങ്ങൾ ടെന്റ് അടിച്ച പാറയുടെ അടുത്തെത്തി തീ കൂട്ടി.അതിനു അടുത്തായും ആനപിണ്ടം കാണാമായിരുന്നു.തീ കൂട്ടിയാൽ ആന വരില്ലെന്നും,താൻ കുഞ്ഞുനാൾ മുതൽ കാണുന്ന സ്ഥലമാണ് ഇതെന്നുമുള്ള പുള്ളിയുടെ വാക്കുകൾ ഞങ്ങൾക്ക് ആശ്വാസമായി.കാരണം ഇവിടെ ഒരിക്കലും ഒറ്റയ്ക്ക് രാത്രി എത്തിപ്പെടുന്നത് എത്രമാത്രം അപകടം വരുത്തും എന്ന് ഞങ്ങൾക്ക് നേരത്തെ മനസ്സിലായിരുന്നു.ലിബിൻ ചേട്ടനും കൂട്ടുകാരും ഉണ്ടായിരുന്നതിനാൽ കാടുകയറി വിറകുവെട്ടാനും തീ കൂട്ടാനും ഞങ്ങൾക്ക് അധികം പ്രയാസപ്പെടേണ്ടിവന്നില്ല.

ഞങ്ങൾ കയ്യിലുണ്ടായിരുന്ന ചിക്കൻ ഗ്രിൽ ചെയ്യാനായി തീയിലേക് വെച്ചു,പിന്നീട് ഞങ്ങൾ എല്ലാവരും പരസ്പരം പരിചയപെട്ടു.




തീ ഉണ്ടായിരുന്നതിനാൽ തണുപ്പ് അധികം അറിഞ്ഞില്ല എന്നുതന്നെ പറയാം.ഞങ്ങൾ മൂന്നുപേരും ഭക്ഷണവും കഴിച്ചു മുകളിലെ കുറച്ച് സ്ഥലങ്ങളിൽ ചുറ്റിക്കണ്ടു.

എല്ലാവരും വീണ്ടും തീക്കുചുറ്റും കൂടി പാട്ടുംകൂത്തുമായി,12:00മണി ആയപ്പോഴേക്കും പടക്കം പൊട്ടിച്ചും പരസ്പരം ആശംസകൾ നേർന്നും ഞങ്ങൾ പുതുവർഷത്തെ വരവേറ്റു...

തീ കുറയാതിരിക്കാൻ വീണ്ടും പോയി വിറകുകൾ അവർ വെട്ടികൊണ്ടുവന്നു.അല്പനേരം കൂടി കഴിഞ്ഞു രണ്ടുമൂന്നുപേർ ഒഴികെ എല്ലാവരും അൽപം മയങ്ങി.
പുലർച്ചെയുള്ള കാഴ്ച...



രാവിലെ 6മണിയോടെ സൺറൈസ് കാണാൻ എല്ലാവരും എഴുന്നേറ്റെങ്കിലും സൂര്യൻ പ്രത്യക്ഷമായിരുന്നില്ല...ചുറ്റുപാടുമുള്ള മലനിരകൾ എല്ലാം മഞ്ഞുപൊതിഞ്ഞിരുന്നു അതൊരു കാഴ്ച തന്നെയായിരുന്നു... അൽപംകൂടി കഴിഞ്ഞ് പതിയെ സൂര്യൻ ഉദിച്ചുയരുന്നത് ഞങ്ങൾ ആകാംഷയോടെ കണ്ടിരുന്നു.മഞ്ഞുപൊതിഞ്ഞ മലനിരയുടെ നെറുകയിൽ സ്വർണവെളിച്ചം വാരിവിതറി പതിയെ വെളിച്ചം ഭൂമിയെ തൊടുന്നത് ഞങ്ങളറിഞ്ഞു.പുതുവർഷത്തിന്റെ തുടക്കം ആനന്ദദായകമായിരുന്നു.



രണ്ടു തട്ടായി നിൽക്കുന്ന പാൽക്കുളമേടിന്റെ ഒരു തട്ടിലാണ് ഞങ്ങൾ ഇപ്പോൾ.മുകളിലാണ് പാൽകുളവും വെള്ളച്ചാട്ടവും,ഇപ്പോൾ വെള്ളം ഇല്ലാത്തതിനാൽ വെള്ളച്ചാട്ടത്തിന്റെ പാട് മാത്രമേ ഞങ്ങൾ താഴെ നിന്ന് കണ്ടിരുന്നുള്ളൂ.
പാൽകുളത്തിൽ അൽപം വെള്ളം ഉള്ളതിനാൽ രാവിലെ സമയങ്ങളിൽ മുതൽ അവിടെ ആനകൾ ഉണ്ടാവും എന്ന അവരുടെ നിർദ്ദേശം ഞങ്ങൾ സ്വീകരിച്ചു ആ ശ്രമം ഉപേക്ഷിച്ചു.അവിടെ നിന്നാൽ ഇടുക്കിഡാമും പരിസരപ്രദേശങ്ങളും ഉൾപ്പടെ കാലാവസ്ഥ അനുകൂലമെങ്കിൽ എറണാകുളം വരെ കാണാം എന്നാണ് അവർ പറഞ്ഞുതന്നത്.

പുലർച്ചെ മലയിറങ്ങുന്ന ലിബിൻ ചേട്ടനും കൂട്ടുകാരും 

7മണിയോട് കൂടുതൽ ലിബിൻ ചേട്ടനും കൂട്ടുകാരും ഞങ്ങളോട് യാത്രപറഞ്ഞു ജീപ്പിൽ മലയിറങ്ങി.(ജീപ്പിൽ സ്ഥലം ഇല്ലാത്തതിനാൽ ഞങ്ങൾ അവർക്കൊപ്പം പോകുന്നതിനെക്കുറിച്ചു ചോദിക്കാനും പോയില്ല)
അപ്പുറത്ത് ഉണ്ടായിരുന്ന പ്രദേശവാസികളായ ചേട്ടന്മാരുടെ കൈയിൽ നിന്ന് കുറച്ച് വെള്ളവും വാങ്ങി ഞങ്ങൾ നടന്നിറങ്ങാൻ തീരുമാനിച്ചു.

തിരിച്ചുള്ള ഇറക്കത്തിലാണ് ഞങ്ങൾ മനസിലാക്കിയത് ഞങ്ങൾ അറിഞ്ഞോ അറിയാതെയോ രാത്രി ചവിട്ടി നടന്ന വഴിമുഴുവൻ ആനപിണ്ടങ്ങൾ ആയിരുന്നു എന്നത്.തിരിച്ചു വന്നവഴിയിൽ കൂടി ഇറക്കം അസാധ്യമായതിനാൽ ജീപ്പിന്റെ പാത പിന്തുടർന്നു പോവാൻ ഞങ്ങൾ തീരുമാനിച്ചു.ദൂരം കൂടുതലും കാടിനുള്ളിലൂടെയുള്ള വഴി ആയിട്ടും ഞങ്ങൾ അങ്ങനെ തന്നെ പോകുവാൻ ഉറച്ചുനടന്നു.എങ്കിലും വന്ന വഴിയിലൂടെ സൂക്ഷിച്ചു ഇറങ്ങിയാൽ അതായിരിക്കും സേഫ് എന്നും ഞാൻ അഭിപ്രായം മുന്നോട്ട് വച്ചു,ഇനിയും പേശീവലിവ് ഉണ്ടായാലോ എന്ന സംശയത്താലും കുത്തനെ ഇറക്കം ആയതിനാലും  ജിതിൻ അതിനു സമ്മതിച്ചില്ല. എന്നാൽ കാടുകേറി പോവാൻ ഞങ്ങൾ നടന്നു..സൂക്ഷിച്ചു നടന്നാൽ മതി,കേറിയ വഴിയിലൂടെ ഇറങ്ങാം എന്ന ധാരണയിൽ ഞങ്ങൾ നടന്നു...



ജീപ്പിന്റെ പാത ഞങ്ങൾ ഒരടിമാറാതെ പിന്തുടർന്നു.പാറകൾ കടന്നു ജീപ്പ് വരുന്നവഴിയിൽ കൃത്യമായ വഴിയിലേക്കു ആരോമാർക്കുകൾ ഉണ്ട്.ഇതിനിടയിൽ ഞങ്ങൾ മുകളിലേക്ക് പുല്ലുകൾ വകഞ്ഞു മലയ്ക്ക് കുറുകെ കേറിയ വഴി ഏതെന്നുപോലും ഞങ്ങൾക്ക് കണ്ടെത്താനായില്ല.എതിരെയുള്ള മലയിൽ ഇന്നലെ കണ്ട ഹിന്ദിക്കാരുടെ വീട് ഒരു പൊട്ടുപോലെ ഞങ്ങൾ കണ്ടു...മുന്നോട്ടുള്ള നടത്തത്തിൽ അതും അപ്രത്യക്ഷമായി.കാരണം ജീപ്പിന്റെ വഴി മറ്റൊരു മലയിലെ കാട്കടന്നായിരുന്നു.ഇന്നലെ രാത്രി മലയ്ക്ക് കുറുകെ ഞങ്ങൾ കയറുമ്പോൾ ഒരു കാരണവശാലും ആ കാട്ടിലേക്കു വഴി തെറ്റരുതെന്നു താഴെയുള്ള ചേട്ടൻ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ ഞങ്ങൾ അതുവഴിയാണ് ഇറങ്ങാൻ പോവുന്നതെന്ന ഭയം ഉള്ളിൽ ഒരാന്തൽ പോലെ പടർന്നു.

കയ്യിലുണ്ടായിരുന്ന ബ്രെഡും കടിച്ചു വെള്ളവും കുടിച്ചു,അൽപം ഇരുന്ന് ഞങ്ങൾ വീണ്ടും നടന്നു.ദിവസവും 2ജീപ്പ് എങ്കിലും മല കയറാറുണ്ടെന്നാണ് ഒരു ചേട്ടൻ പറഞ്ഞതെങ്കിലും പേരിനു ഒന്ന് പോലും മറ്റാളുകളുമായി വരുന്നത് ഞങ്ങൾ കണ്ടിരുന്നില്ല.

നടക്കുന്തോറും കാടിന്റെ വന്യത കൂടി വരുന്നത് ഞങ്ങളറിഞ്ഞു,അതോടെ ഞങ്ങളുടെ കാലുകൾ വേഗത കുറച്ചു,എല്ലാ ദിക്കിലും ഞങ്ങൾ കണ്ണോടിച്ചു മുന്നോട്ട് പതുക്കെ നടന്നു.കാരണം വഴിനീളെ കാണുന്ന ആനപിണ്ടങ്ങൾ തന്നെ.പിഴുതെറിഞ്ഞ മരങ്ങൾ,ആനത്താരകൾ,ചവിട്ടി മെതിച്ച പുൽക്കൂട്ടങ്ങൾ,ഇവയെല്ലാം രാത്രിയിലെ ഭീതിക് സമാനമായ ഒരു അന്തരീക്ഷം ഞങ്ങളെ മൂടുന്നതായി ഞങ്ങൾക് തോന്നി.വളവുകളിൽ പതിയെ എത്തിനോക്കിയ ശേഷമായിരുന്നു മുന്നോട്ടുള്ള നടത്തം.ആ സാഹചര്യത്തിൽ ഞങ്ങൾ പിന്നിട്ട കിലോമീറ്ററുകൾ ഞങ്ങളുടെ കാലുകളെ തളർത്തിയിരുന്നില്ല,വിശ്രമിക്കാൻ പറ്റിയ ഒരുസ്ഥലവും ആകാടിനുള്ളിൽ ഉണ്ടായിരുന്നില്ല,എല്ലായിടത്തും ആനയുടെ ഒരു സാന്നിധ്യം ഞങ്ങളറിഞ്ഞു..അരുവികൾ ഒഴുകിയവഴികൾ വറ്റിയിരുന്നു,അതിനാലാവണം ഞങ്ങൾ ഇവിടെ വരെ  അപകടം കൂടാതെ എത്തിയത്,ആനകൾ വെള്ളം കിട്ടുന്ന പ്രദേശത്തായിരുന്നിരിക്കണം.



വന്മരങ്ങൾ ആകാശംമുട്ടെ  ആ കാടിനുള്ളിൽ,ഞങ്ങൾ മൂന്നുപേരും പിടിച്ചാലും എത്താത്ത വണ്ണം.മലയണ്ണാൻ,കാട്ടുകോഴി ഇവയെല്ലാം ആ വഴിയിൽ ഞങ്ങളുടെ കുറുകെ പാഞ്ഞു.
മറ്റൊരു പ്രദേശത്തെത്തിയപ്പോഴേക്കും ഞങ്ങൾക്ക് എത്തിപിടിക്കാൻ കഴിയാത്ത ഉയരത്തിൽ പുല്ലുകൾ വഴിയിൽ നിറഞ്ഞിരുന്നു,അവയെല്ലാം വകഞ്ഞുമാറ്റി കണ്ണുകൾ മുന്നിലേക്കുതന്നെ നോക്കി നടക്കവേ ശബ്ദം കേട്ടിട്ടെന്നവണ്ണം ഒരു വലിയ കേഴമാനും കുഞ്ഞും ഞങ്ങളുടെ മുന്നിലെ പുല്ലുകളെ മെതിച്ചു മിന്നൽകണക്കെ മുന്നിലൂടെ പാഞ്ഞു,ഒരു നിമിഷം ഞങ്ങളുടെ ഹൃദയംസ്തംഭിച്ചുപോയി.

മുന്നോട്ടുള്ള നടത്തത്തിൽ ആനപിണ്ടങ്ങൾ ഞങ്ങൾക്ക് പരിചിതമായ ഒരു കാഴ്ചപോലെ ആയിക്കഴിഞ്ഞിരുന്നു.ഞങ്ങൾ മൂവരും അതിന്റെ പഴക്കം എത്ര എന്നുപോലും പറഞ്ഞു നടന്നു.ഒരുപാട് നേരത്തിനുശേഷം ഞങ്ങളെ കുഴപ്പത്തിലാക്കി മുന്നിൽ രണ്ടു വഴികളുള്ള ഒരു സ്ഥലത്ത് ഞങ്ങൾ എത്തി.വഴിചോദിക്കാൻ ഒരു മനുഷ്യകുഞ്ഞുപോലും ഇല്ലാത്ത അവസ്ഥ,അതൊരു അവസ്ഥ തന്നെയാണ്.കൂടുതൽ ചിന്തിക്കാൻ സമയം ഇല്ലാത്തതിനാൽ ഞങ്ങൾ വന്ന വഴിക്ക് സമാന്തരമായി കിടക്കുന്ന വഴി ഉപേക്ഷിച്ചു ഞങ്ങൾ എതിർദിശയിലേക് നടന്നു.
20അടി പോലും തികച്ചുകാണില്ല മുന്നിൽ 3ചേട്ടന്മാർ നടന്നു വന്നിരുന്നു.മുണ്ടും ഷർട്ടുമാണ് വേഷം എങ്കിലും KFDCജീവനക്കാർ ആയിരുന്നു അവർ.

അവരോടു ഞങ്ങൾ കയറിയ വഴിയും മറ്റും പറഞ്ഞു കൊടുത്തപ്പോൾ അവരാണ് പറഞ്ഞത് നിങ്ങൾ 7കിലോമീറ്ററോളം വഴി തെറ്റിയാണ് കാട്ടിലൂടെ വന്നതെന്ന്,കൂടാതെ നിങ്ങൾ ഇപ്പോൾ മുന്നോട്ടു  നടന്നവഴി തൊടുപുഴ റേഞ്ചിലേക്കു ആണെന്ന്.
തൊടുപുഴയോ...ഞങ്ങൾ വാപൊളിച്ചു പോയി...

ജീപ്പിന്റെ വഴിയിലൂടെയല്ലാതെ ഞങ്ങൾ ഒരടിപോലും മാറിനടന്നിട്ടില്ല എന്നിട്ടും എങ്ങനെ വഴി തെറ്റി എന്ന് ഇപ്പോഴും ഞങ്ങൾക്ക് പിടിയില്ല.ശെരിയായ വഴിയിലേക്കു അവർ എത്തിക്കാം കൂടെ പോരാൻ അവർപറഞ്ഞു..
ഞങ്ങളും അവർക്കൊപ്പം നടന്നു.എന്നാലും എങ്ങനെ നമ്മൾ വഴിതെറ്റി എന്ന ആശ്ചര്യത്തോടെ ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി.

ജോസ്,ബാബു,രവി എന്നിങ്ങനെയാണ് ആ ചേട്ടന്മാരുടെ പേരുകൾ..കുടിക്കാൻ അല്പംവെള്ളം വേണം എന്നു പറഞ്ഞപ്പോൾ അൽപം കൂടിമുന്നിലേക് നടന്നാൽ അവരുടെ താമസസ്ഥലം ഉണ്ടെന്നും അവിടെനിന്നു വെള്ളം എടുക്കാമെന്നും പറഞ്ഞു മുന്നിലേക്ക് ഞങ്ങളെ കൂട്ടി നടന്നു.ഇലക്ട്രിക് ഫെൻസിങ് കൊണ്ട് അവരുടെ സ്ഥലം ചുറ്റിയിരുന്നെങ്കിലും അതിൽ കുറെയേറെ ആന നശിപ്പിച്ചിരുന്നു.പുറത്തെ പാത്രങ്ങൾ ചവിട്ടി ചളുക്കിയിരുന്നു.ഇതെല്ലാം ഒരു കുട്ടിയാന സ്ഥിരം വന്ന് കാട്ടികൂട്ടുന്നതാണെന്നാണ്  അവർ പറഞ്ഞത്.എന്നിട്ട് പുറത്തുകിടക്കുന്ന ചാരവും വാരി പൂശി അതങ്ങ് പോകും.
അത്ര ലാഘവത്തോടെ അവർ പറഞ്ഞപ്പോൾ ഞങ്ങൾക്ക് കൗതുകമാണ് തോന്നിയത്.

വഴിതെറ്റിയ ഞങ്ങൾ KFDCയുടെ കാട്ടിലെ വിശ്രമകേന്ദ്രത്തിൽ.

ഞങ്ങൾക്ക് വഴികാട്ടിതരുന്ന ജോസ്,ബാബു,രവി എന്നീ ചേട്ടന്മാരും തോട്ടത്തിലെ ഒരു സ്ത്രീയും...

ആവിശ്യത്തിന് വെള്ളവും കുടിച്ചു കൈയും കാലും മുഖവും കഴുകി അവർക്കൊപ്പം വീണ്ടും നടത്തമാരംഭിച്ചു.
"ഇന്ദിരാഗാന്ധിയുടെ കാലത്ത് ആദിവാസികളെയെല്ലാം ഒരുമിച്ച് ഒരു സ്ഥലത്ത് കൃഷി ചെയ്യിക്കുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി നിലവിൽ വന്ന640ഓളം ആളുകൾ ഉണ്ടായിരുന്ന  പ്രോജെക്ടിലെ ശേഷിക്കുന്ന ജീവനക്കാരിൽ 3പേരായിരുന്നു അവർ,ഏലവും,കാപ്പിയുമാണ് പ്രധാന കൃഷി.അതിന്റെ മേല്നോട്ടക്കാരാണ് ഇവർ.

വരുന്ന വഴിയിൽ എല്ലാം ആനയുടെ കാല്പാടുകളും,കൊമ്പുകൊണ്ടു കുത്തിയ പാടുകളും,കുന്നിടിച്ചിറങ്ങിയ വഴികളുമെല്ലാം അവർ ഞങ്ങൾക്ക് ഒരു ഗൈഡ് എന്ന കണക്കെ കാട്ടിത്തന്നു.
കൂടാതെ മഹേഷിന്റെ പ്രതികാരം,ഇടുക്കിഗോൾഡ് എന്നീ ചിത്രങ്ങൾ ഷൂട്ട്‌ ചെയ്ത സ്ഥലവും കാട്ടിത്തന്നു.
കൂട്ടക്കുഴി ഫോറെസ്റ്റിലെ ഷൂട്ടിംഗ് ലൊക്കേഷൻ 

ഇവിടെനിന്നും 1.5km കൂടി നടന്നാൽ "മണിയാർകുടി" എന്നൊരു ജംഗ്ഷനിൽ എത്താമെന്നും അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ നിങ്ങൾ വണ്ടി വെച്ചിരിക്കുന്ന സ്ഥലത്ത് എത്താമെന്നും,വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ജോസേട്ടനും ബാബുച്ചേട്ടനും വീടുകളിലേക്കു തിരിഞ്ഞു. ഞങ്ങളെ ജംഗ്ഷനിൽ എത്തിച്ചു ഓട്ടോ കയറ്റിവിട്ട ശേഷമാണുരവിചേട്ടൻ മടങ്ങിയത്.

ഓട്ടോയിൽ 1.5km സഞ്ചരിച്ചു ഞങ്ങൾ വണ്ടി വെച്ചിരുന്ന "കൊക്കരക്കുളം"എന്ന സ്ഥലത്ത് എത്തി.ആദ്യം വഴി പറഞ്ഞുതന്ന ചേട്ടന്റെ വീട്ടിൽ നിന്ന് വെള്ളവും വാങ്ങി കുടിച്ചു ഞങ്ങൾ നടന്ന കാര്യങ്ങൾ പുള്ളിയോട് പറഞ്ഞു.അവിടെ നിന്ന് നന്ദി പറഞ്ഞ് വണ്ടി എടുക്കുമ്പോൾ

 "വഴിതെറ്റിയത് ഒരു കണക്കിന് നന്നായല്ലേടാ,ഒരുപാട് പുതിയ അറിവുകളും കാഴ്ചകളും അനുഭവങ്ങളും കിട്ടിയില്ലേ..അതും ഒരു അപകടവും കൂടാതെ.ആ ചേട്ടന്മാർ അതിലെ വന്നില്ലായിരുന്നു എങ്കിലും ഇപ്പോൾ നമ്മൾ തൊടുപുഴ എത്തിയേനെ എന്ന നന്ദുവിന്റെ ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഞങ്ങളുടെ മറുപടി....
സോളോആയും,ടു വീലർ കൊണ്ടും പോകാൻ പറ്റുന്ന ഒരു സ്ഥലമായി ഒരിക്കലും പാൽക്കുളമേട് ഞങ്ങൾ നിർദ്ദേശിക്കില്ല,കാരണം ഒരു പക്ഷെ വഴിയിൽ എവിടെയെങ്കിലും വെച്ച് ഒരു അപകടം സംഭവിച്ചാൽ നിങ്ങളും ആനയും മാത്രം ആയിരിക്കും ഉത്തരവാദി,പുറംലോകം പോലും അറിയാൻ ദിവസങ്ങൾ എടുത്തേക്കാം.

ജീപ്പിൽ പോവുന്നതാവും ഏറ്റവും സുരക്ഷിതമായ മാർഗം. 2500-3000 വരെയാണ് ജീപ്പിന് ചാർജ്ജ് എന്നാണ് അറിയാൻ കഴിഞ്ഞത്.അത് ഒട്ടും കൂടുതൽ അല്ലെന്നു വഴി കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും.ഓണക്കാലം ആണ് പാൽക്കുളമേട് സന്ദർശിക്കാൻ പറ്റിയ സമയം.നിറയെ പച്ചപ്പും വെള്ളച്ചാട്ടവും ഉണ്ടാവും,ആ സമയങ്ങളിൽ പാറ വഴി കുത്തനെയുള്ള എളുപ്പവഴി സാധ്യമല്ല.കാരണം മുകളിൽ നിന്ന് ഒരുപാട് നീർച്ചാലുകൾ ഉണ്ടാവും വഴുക്കലും...

ഈ യാത്രയിലുടനീളം ഏതാണ്ട് 25കിലോമീറ്ററോളം ഞങ്ങൾ നടന്നു കഴിഞ്ഞിരുന്നു,പാൽക്കുളമേട് ഒരിടത്തു പോലും ഒരു പ്ലാസ്റ്റിക് കഷ്ണം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.തുടർന്ന് അങ്ങോട്ട്‌ എത്തുന്നവരും അങ്ങനെതന്നെ ചെയ്യാൻ ശ്രമിക്കുക,കാരണം "Mother Earth Is A Temple..Not A Dustbin"


No comments:

Post a Comment

“കോഴിക്കോട്” മലബാറിലെ സുന്ദരവും,അതിലേറെ ചരിത്രവും,പൈതൃകവും,പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ,ഒരുപാട് കലാകാരൻമാരെയും നമുക്ക് സമ്മാനിച്ച...