ഒരു ആലപ്പുഴക്കാരൻ എന്ന നിലയിൽ മലബാറിന്റെ മണ്ണിൽ എന്റെ പുതിയൊരനുഭവമാണ് വയലട.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളുടെ തുടക്കം കൂടിയാണ് വയലടയിലെ മലനിരകൾ.
മുള്ളൻപാറ വ്യൂ പോയിന്റ് ആണ് സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാനയിടം,കക്കയം ഡാം,കാരിയാത്തുംപാറ എന്നി മനോഹരമായ പ്രദേശങ്ങളും വയലടയ്ക്കു സമീപമാണ്.കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക്,തലയാട് വഴിയാണ് എങ്ങോട്ടെത്തിപ്പെടാൻ എളുപ്പവഴി.
ചെങ്കുത്തായതും വീതി കുറഞ്ഞതുമായ റോഡ് ആണ് വയലടയിലേക്കുള്ളത്.അതിനു അരികിലൂടെയായി പാൽനിറത്തിൽ കുലംകുത്തിയൊഴുകിവരുന്ന മോഹിനിയായ വെള്ളച്ചാട്ടവും കാണാൻ കഴിയും.താരതമ്യേന വളരെ അപടകം കുറഞ്ഞ വെള്ളച്ചാട്ടമാണിത്(ബാക്കി വരും വരാഴികകൾ നമ്മുടെ ചെയ്തികൾ പോലെയിരിക്കും,അപടകം വിലയ്ക്ക് വാങ്ങാതിരിക്കുക).
വെള്ളച്ചാട്ടം കാണാൻ വണ്ടി നിർത്തി അതിനടുത്തെത്തിയപ്പോഴേക്കും പൊടുന്നനെയെത്തിയ മഴ ഞങ്ങളെ മുഴുവൻ നനച്ചിരുന്നു.കയ്യിലെ ഒരു ജാക്കറ്റ് മാത്രം ഞങ്ങൾ ഇരുവരുടെയും തലയ്ക്കു വിരിച്ചുപിടിച്ച് പത്തുമിനിറ്റോളം അനങ്ങാതെ നിൽക്കേണ്ടി വന്നു.മഴയെ തടുക്കുവാൻ മറ്റൊരു വിധ മുൻകരുതലുകളും ഞങ്ങളുടെ കയ്യിലുണ്ടായിരുന്നില്ല.
മുഴുവൻ നനഞ്ഞു അൽപം വിറയോടെ മഴയ്ക്ക് അല്പം ശമനമായപ്പോൾ വീണ്ടും മുന്നിലേക്ക് നീങ്ങി.റോഡിനിരുവശത്തും കുറുകെയുമായി അനേകം നീർച്ചാലുകൾ ആ മഴയിൽ രൂപപ്പെട്ടിരുന്നു.അങ്ങകലെ മലനിരകളെ മുറിച്ചുപോലും ചെറിയ നീർച്ചാലുകൾ കാണുവാനായി...
മുകളിലേക്ക് എത്തുമ്പോൾ ചെറിയ ലഖുഭക്ഷണ ശാലകൾ കാണാം.അതിനും മുകളിലേക്കാണ് വ്യൂ പോയിന്റിലേക്കുള്ള വഴി.
അല്പം പരിശ്രമിച്ചാൽ പ്രവേശനകവാടം വരെ ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകുവാൻ കഴിയുന്നതാണ്.
അൽപം പടികൾ ഉണ്ടെങ്കിലും പിന്നീടങ്ങോട്ട് ഒറ്റയടി പാതയാണ്,കോട മൂടിയ വഴിയിലൂടെ പച്ചപ്പിന്റെ അകമ്പടിയിൽ മുന്നോട്ടുള്ള നടത്തം ശെരിക്കും അനുഭവിച്ചറിയേണ്ടതു തന്നെയാണ്.
കല്ലുകളിൽ കാലിടറാതെ,അൽപം ബദ്ധപ്പെട്ടു കയറേണ്ട ചിലയിടങ്ങളും ഈ ചെറിയ നടത്തത്തിനിടയിലുണ്ട്.
മഴയുണ്ടായിരുന്നതിനാൽ വഴികൾ നിറയെ ചെറിയ നീർച്ചാലുകളും,വെള്ളകെട്ടുകളും കടന്നാണ് ഞങ്ങൾ വ്യൂ പോയിന്റിലേക് എത്തിയത്.
സാധാരണ ഗതിയിൽ വ്യൂപോയിന്റ് എന്ന് കേൾക്കുമ്പോൾ.നിയന്ത്രണങ്ങളുള്ള കമ്പിവേലികളാൽ സംരക്ഷിതമായ ഒരിടം എന്നെ കൂടുതലും ആളുകളിൽ ധാരണ ഉണ്ടാവാനിടയുള്ളു.എന്നാൽ അതിൽ നിന്നും വിപരീതമായി പ്രകൃതിയെ മനുഷ്യന്റെ യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഒരു മലനിരയാണ് വയലട.
അൽപം മഴയും അന്തരീക്ഷം മുഴുവൻ നിറഞ്ഞിരുന്ന കോടമഞ്ഞും വയലടയെ അതീവസുന്ദരിയാക്കിയിരുന്നു.അതിനിടയിലായി മുള്ളൻപാറ.
മുള്ളൻപാറയ്ക്കു മുകളിലേക്ക് കയറുന്നത് അൽപം ശ്രമകരവും ഒപ്പം അപകട സാധ്യത കൂടുതലുമുള്ള പ്രവർത്തിയാണ്.
താഴേക്കുള്ള കാഴ്ചകളിൽ നിന്നും ഞങ്ങളുടെ കണ്ണുകളെ വിലക്കി കോടമഞ്ഞു അതിന്റെ പൂർവ്വശക്തി പ്രാപിച്ചിരുന്നു.ആ നയനാഭിരാമായ നിമിഷത്തിൽ സ്വയം മറന്നു നില്കുമ്പോഴുള്ള അനുഭവം വാക്കുകളിൽ ഒതുക്കാവുന്നതല്ല.
പൊടുന്നനെ വീശിയടിച്ച കാറ്റിൽ കോടമഞ്ഞു അൽപം വഴിമാറിയപ്പോൾ താഴെയുള്ള കാഴ്ചകൾ ഞങ്ങൾക്ക് ദൃശ്യമായി.
പെരുവണ്ണാമൂഴി അണക്കെട്ടിന്റെ റിസർവോയറിന്റ അതിമനോഹരമായ കാഴ്ച അൽപനിമിഷത്തേക്ക് എങ്കിലും ആ ദൃശ്യഭംഗി ഞങ്ങൾക്ക് അനുഭവഭേദ്യമാക്കി വീണ്ടും കോടമഞ്ഞു മലനിരകളെ പൊതിഞ്ഞു.പുതിയൊരു പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞ ആനന്ദത്തിൽ ഞങ്ങളും...
NB: "നാം സന്ദർശിക്കുന്ന ഓരോ സ്ഥലങ്ങളും അതിന്റെ തനിമയോടെ നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ കൂടിയാണ്. അതിനാൽ ദയവായി പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞ് ഒരു പ്രദേശവും മലിനമാക്കാതെ സംരക്ഷിക്കുക"
No comments:
Post a Comment