Sunday, April 22, 2018

4സംസ്ഥാനങ്ങളിലൂടെ 4ലക്ഷ്യങ്ങളിലേക് 2100കിലോമീറ്ററുകൾ താണ്ടിയ യാത്ര.. #വാഹനം ഡിയോ "രണ്ടാംഭാഗം"



ഇരുട്ട് വീണ വഴികളിൽ ഹൈബീം ലൈറ്റുമായി വരുന്ന ലോറികളുടെ മുന്നിൽ നിന്നും രക്ഷപെടാൻ നന്നേ പ്രയാസപ്പെട്ടു.

അതിനിടയിൽ ചില ഹെയർപിൻ വളവുകളും പിന്നിട്ടു,ഈ വഴിയിലും ഹെയർപിന്നൊ എന്നായിരുന്നു ഞങ്ങളുടെ സംശയം.ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ലൈറ്റ് വെട്ടം വീശുന്ന വഴിയിലൂടെ മാത്രം പോവുക എന്ന ഒരു മാർഗം മാത്രമേയുള്ളു.മുന്നോട്ട് പോകുന്തോറും വഴി ശെരിക്കും വിജനമായിരുന്നു ഇരു വശത്തും കുറ്റിക്കാടുകൾ തിങ്ങി നില്കുന്നുഎവിടെയോ ഉള്ളിൽ ഒരു ചെറിയ പേടി അലയടിച്ചു.
രംഗനാഥസ്വാമി ടെംപിൾ 
രാത്രികാലങ്ങളിൽ ഉണ്ടാവുന്ന ആക്രമണങ്ങളും മറ്റുമാണ് പെട്ടെന്നു ആ അവസരത്തിൽ മനസിലെത്തിയത്.അത് ജിതിനോട് പങ്കുവെക്കാനും ഞാൻ മറന്നില്ല.ഞാൻ മാത്രം പേടിച്ചാൽ പോരല്ലോ.നിവർന്നു കിടക്കുന്ന റോഡിലൂടെ ഓടി അകലെ കുറെ ലൈറ്റുകൾ കണ്ടപ്പോൾ ആശ്വാസമായി.പ്രധാന ജംഗ്ഷൻ എന്ന് തോന്നിക്കുന്ന ഒരിടം.അവിടെ നിർത്തി വെള്ളവും വാങ്ങി(ഒരു സോഡാ നാരങ്ങ പറഞ്ഞു മനസിലാക്കാൻ പെട്ട പാട്.അതാണേൽ കിട്ടിയതുമില്ല)

ഞങ്ങളുടെ ലക്ഷ്യത്തിലേക്കു ഏതാനും കിലോമീറ്ററുകൾ കൂടിയേ ഉള്ളു എന്നത് വീണ്ടും ഒരു ഊർജ്ജമായി ഞങ്ങളിൽ പ്രവർത്തിച്ചു.


പിന്നീട് അങ്ങോട്ട്‌ ഗൂഗിൾ ഒന്ന് വഴി തെറ്റിച്ചെങ്കിലും.ഞങ്ങളുടെ ഒരു ഉദ്ദേശം വെച്ചുള്ള പോക്കിൽ കറക്റ്റ് റൂട്ട് കാണിക്കുകയെ ഗൂഗിളിനും വഴിയുണ്ടായിരുന്നുള്ളൂ(നമ്മളോടാ കളി)പെട്ടെന്ന് റോഡ് രണ്ടായി തിരിഞ്ഞു.നല്ല റോഡ് വലത്തേക് ഒരു പാലത്തിലൂടെയും മറ്റൊരു പൊട്ടിപൊളിഞ്ഞ റോഡ് മറ്റൊരിടത്തേക്കും.അതിനു അരികിൽ കണ്ട പൊടിപിടിച്ച ബോർഡിലേക് ലൈറ്റ്പായിച്ചു "ഗണ്ടിക്കോട്ട ഫോർട്ട്‌"

നേരെ ആ റോഡിലൂടെ വെച്ചു പിടിച്ചു സമയം ഏതാണ്ട് 8മണി ആയിരുന്നു.റോഡിലെങ്ങും ഒരു മനുഷ്യകുഞ്ഞു പോയിട്ട് വെട്ടം പോലുമില്ല,റോഡല്ലാതെ പരിസരം പോലും കാണാൻ വയ്യാത്ത ഇരുട്ട്.

പെട്ടെന്നാണ് വണ്ടി കയറ്റം കയറാൻ തുടങ്ങിയത്.വീതികുറഞ്ഞ ചെറു ടാർ റോഡിലൂടെ വണ്ടി മുകളിലേക്ക് പാഞ്ഞു.കയറ്റം തന്നെ കയറ്റം പിന്നെ ഇടക്ക് കൊടും വളവുകളും.ഏതാണ്ട് നേരെയുള്ള റോഡ് എത്തിയപ്പോഴേക്കും ഇടതുവശത്തായി ആന്ധ്രാ ടൂറിസത്തിന്റ ഒരു റിസോർട് കാണുവാൻ കഴിഞ്ഞു.മുൻപ് വായിച്ചിട്ടുണ്ട് "ഹരിത റിസോർട്സ്" ഗണ്ടികോട്ടയ്ക് അടുത്തുള്ള  ഏക താമസ സൗകര്യം.

ഞങ്ങൾ റിസോർട്ടും കടന്ന് ഏതാണ്ട് 1കിലോമീറ്റർ എത്തിയപ്പോഴേക്കും ഇരുട്ടിന്റെ മറ പുതച്ചു വലിയൊരു മതിൽക്കെട്ട്,അത് കോട്ടയുടെ മതിലാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.

ഞങ്ങൾ ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു.അടുത്തതായി സുരക്ഷിതമായി കിടക്കാൻ ഒരിടം കണ്ടെത്തണം.അതിനു മുന്നിലെങ്ങും ഒരു മനുഷ്യൻ പോലുമില്ല.ഞങ്ങൾ ഇരുട്ട് പുതച്ച ആ ഭീമാകാരനായ കോട്ടയ്ക്കുള്ളിലേക് വണ്ടി ഓടിച്ചു കയറ്റി.കല്ലുകൾ പാകിയ വഴിയിലൂടെ ലൈറ്റിന്റെ വെളിച്ചം മാത്രം ഞങ്ങളെ മുന്നോട്ട് നയിച്ചു.

അപ്പോഴാണ് മനസിലായത് ഇത് വെറും കൊട്ടയുടെ കവാടം മാത്രമാണെന്ന്.മൂന്നു വലിയ വളവുകൾ കടന്നാണ് ഞങ്ങൾ അതിനപ്പുറം എത്തിയത്.ഭാഗ്യം,അവിടെ വീടുകളും ഒരു മരത്തിന്റെ കൽക്കെട്ടിന് മേലായി പ്രായമായ ഒരാളും കൂടി ഇരിക്കുന്നുണ്ടായിരുന്നു.ഭാഷ പോലും അറിയില്ലെങ്കിലും വണ്ടി ഒരിടത്തു നിർത്തി ഞാൻ പുള്ളിയോട് കോട്ട ചൂണ്ടി കാട്ടി എപ്പോൾ ഓപ്പൺ ചെയ്യും എന്നു ആഗ്യഭാഷ കൂടി കലർത്തി ചോദിച്ചു.പുള്ളിയുടെ മറുപടിയിൽ നിന്നും രാവിലേ 9മണിയാകും എന്ന് മനസിലായി.

അടുത്തതായി സേഫ് ആയി ടെന്റ് അടിക്കാൻ ഒരു സ്ഥലം കൂടി ചോദിച്ചു മനസിലാക്കണം.അപ്പോഴേക്കും മറ്റൊരാൾ കൂടി ഇരുട്ടില്നിന്നും ഞങ്ങൾക്കഭിമുഖമായി വന്നു.കൈയും കലാശവും ഒക്കെ കാട്ടി ഞങ്ങളുടെ ആവിശ്യം പറഞ്ഞു.രണ്ടാമതുവന്ന ചേട്ടൻ കോട്ടയുടെ ചാർമിനാർ ഗോപുരം കാട്ടി തന്നിട്ട് അവിടെ കിടന്നോളാൻ പറഞ്ഞു.അൽപം പേടി ഉണ്ടായിരുന്നെങ്കിലും അത് തിരഞ്ഞെടുക്കുക എന്നതല്ലാതെ ഞങ്ങൾക്ക് വേറെമാർഗമുണ്ടായിരുന്നില്ല.

ഈ ചാർമിനാർ ഗോപുരത്തിനുള്ളിലാണ് ഞങ്ങൾ ടെന്റ് സെറ്റ് ചെയ്തു ഉറങ്ങിയത്.
വണ്ടി സുരക്ഷിതമായി വെച്ച് ഞങ്ങൾ ബാഗുമായി ചാർമിനാറിനുള്ളിലേക് നടന്നു.അതിനു മുന്നിൽ നിറയെ കാളകൾ ആയിരുന്നു ആ ചേട്ടൻ വന്നു അവയെ അരികിലേക്കു മാറ്റി മാറ്റി ഞങ്ങളെ അതിനുള്ളിലേക് കയറ്റി.ടെന്റ് സെറ്റ് ചെയ്യുന്നതിനിടയിൽ ടെന്റിന് നാലു മൂലയ്ക്കും കല്ല് വേണ്ടി വരും എന്ന് കരുതി പുള്ളി വലിയ രണ്ടു കല്ലുകളുമായി വന്നു,വീണ്ടും എടുക്കാൻ പോയപ്പോൾ ഞങ്ങൾ പുള്ളിയെ വിളിച്ചു നിർത്തി ടെന്റ് സെറ്റ് ചെയ്ത് കാട്ടി കൊടുത്തു.

പുള്ളിക്ക് സന്തോഷമായി എന്ന വിധം ഞങ്ങൾക്ക് ഒരു ഒരു ചിരിയും പാസാക്കി കിടന്നോളാൻ പറഞ്ഞു.ഒരരികിലായി പുറത്ത് പുള്ളിയും ഉറങ്ങാൻ കിടന്നു.ഉറങ്ങാൻ കിടന്നെങ്കിലും ടെന്റിനുള്ളിൽ അല്പം ചൂട് കൂടുതൽ ആയതിനാൽ വാതിൽ തുറന്നിട്ട്‌ ഞാൻ പുറത്തിരുന്നു.ജിതിൻ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു(ഇവനെന്ത് മനുഷ്യനാണോ ആവോ,ഈ ചൂടിൽ എങ്ങനെ ഇവൻ കിടക്കുന്നു എന്നായിരുന്നു എന്റെ ചിന്ത)

എന്നാൽ പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു.അൽപനേരം കഴിഞ്ഞപ്പോൾ ഉള്ളിൽ കയറി,അപ്പോഴേക്കും പുറത്തെ തണുപ്പ് ടെന്റിനുള്ളിലും കയറിയിരുന്നു.പതിയെ ഉറക്കത്തിലേക്കുവീണു....

ഇടയ്ക്ക് കുതിരകുളമ്പടി ശ്ബ്ദംകേട്ടാണ് ഉണർന്നത്.ഇതെന്താ ദൈവമേ ബാഹുബലിയോ.. ഇവനിതൊന്നും അറിയുന്നില്ലേ..വേഗം ടെന്റ് തുറന്ന് നോക്കിയപ്പോൾ കാളകൾ ആ ഗോപുരത്തിന് ചുറ്റും ഓടുകയാണ്...എന്തിനാണോ ആവോ..അതും നോക്കി ഇച്ചിരി നേരം ഇരുന്നു ഇടക്ക് ഏതേലും കാളയ്ക് ഇങ്ങോട്ടെങ്ങാനം ഒന്ന് ഓടി കേറണം എന്ന് തോന്നിയാൽ കഴിഞ്ഞില്ലേ കഥ..ആ ഒരു പേടി കൂടെ ഉള്ളിൽ ഉണ്ടായിരുന്നു..

ഞങ്ങൾക്ക് ഉറങ്ങാൻ സ്ഥലം കാട്ടിയ പുള്ളി അപ്പോഴും നല്ല ഉറക്കത്തിലാണ് ഞങ്ങളുടെ കിടപ്പിന് അൽപം മാറി ഒരു നായ കൂടി ഇടം പിടിച്ചിട്ടുണ്ട്.തെളിഞ്ഞു നിൽക്കുന്ന ആകാശത്തു അവിടിവിടെയായി നക്ഷത്രങ്ങൾ ചിതറി കിടന്നിരുന്നു.ചിന്തിക്കുന്നവനും പ്രണയിക്കുന്നവനും സ്വപ്‌നങ്ങൾ നെയ്യാൻ കഴിയുന്ന അന്തരീക്ഷം.അത് രണ്ടും ഇല്ലാഞ്ഞകൊണ്ട് വെറും ഒരു ആസ്വാദകനായി മാത്രം ഇവയെല്ലാം അനുഭവിക്കാനാണ് എനിക്കിഷ്ടം...

എങ്ങനെയായാണ് ഞാൻ ഇവിടെത്തിപെട്ടത്,വെറുമൊരു നോവലിന്റെ ഹാങ്ങ്‌ഓവർ കൊണ്ടോ??അത് മാറാൻ യാത്രയാണോ പ്രതിവിധി??അതോ യാത്രയോടുള്ള അടങ്ങാത്ത ഭ്രാന്ത് മൂലമോ??അതോ കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലത്തേക്ക് അപ്രതീക്ഷിതമായി കിട്ടിയ വിളിയോ???ആ നിമിഷം എന്റെ മനസ്സിൽ മറുപടി ഉണ്ടായിരുന്നില്ല.കിടക്കണം,രാവിലെ ഉണർന്നു സൂര്യോദയം കാണണം അത്രമാത്രം...എപ്പോഴോ ഉറങ്ങിപ്പോയി...

വേറെ എന്ത് കാര്യങ്ങൾക്കും താമസിച്ചു  എഴുന്നേറ്റാലും ഇങ്ങനുള്ള അവസരങ്ങളിൽ ആരായാലും അൽപം അല്ല വളരെ നേരത്തെ തന്നെ ഉണരും... ജിതിനെയും വിളിച്ചുണർത്തി പല്ലുതേച്ചു റെഡിയായി..അപ്പോഴേക്കും പുള്ളി ഉണർന്നിരുന്നു.ബാത്‌റൂം ആണ് പ്രശ്നം അടുത്ത് സ്കൂൾ ടോയ്ലറ്റ് ആണ് ഉള്ളത്,എന്നാൽ വെള്ളം നൂറു മീറ്റർ അപ്പുറം പോയി എടുത്ത് കൊണ്ട് വരണം.പിന്നുള്ള മാർഗം 1കിലോമീറ്റർ അപ്പുറം ഉള്ള തലേന്ന് കണ്ട "ഹരിത റിസോർട്" ആണ്.ടൂറിസ്റ്റുകൾക് അവിടെ പബ്ലിക് ബാത്‌റൂംസ് ഉണ്ട്.

സൂര്യോദയം കാണാൻ എങ്ങോട്ടാണ് ഏത് വഴിയേ ആണ് പോകേണ്ടതെന്നറിയില്ല ഇരുട്ട് ഇപ്പോഴും മാറിയിട്ടില്ല.അപ്പോഴും ഞങ്ങൾക്ക് വഴികാട്ടിയായി വന്നത് ആ ചേട്ടൻ തന്നെയായിരുന്നു..
"സഞ്ജയ്‌ നായിഡു"അതാണ് ആളുടെ പേര്.60വയസോളം പ്രായം ഉണ്ടാവും.പുള്ളി മുന്നേയും ഞങ്ങൾക്ക് പിന്നാലെയും നടന്നു....

ഒരു അഗ്രഹാരം കണക്കെ തോന്നിപ്പിക്കുന്ന വിധമുള്ള വീടുകൾക്കിടയിലൂടെയുള്ള ചെറു വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു...അൽപം മുന്നോട്ട് ചെന്നപ്പോൾ ഇരുളിന്റെ ചെറു മറയിൽ ഒരു വലിയ കെട്ടിടം കണ്ടു എന്നാൽ എന്താണ് എന്ന് മനസിലായില്ല...പഴയ നിർമിതി ഏതോ ആണെന്ന് ഉറപ്പായിരുന്നു..
അപ്പോഴതാ മുന്നിൽ ഒരു ബോർഡ്‌ "Geoge view" അത് കടന്ന് എത്തിയപ്പോഴേക്കും അൽപം വെളിച്ചം വന്നിരുന്നു,എന്നാൽ സൂര്യനെ കാണാനുണ്ടായിരുന്നില്ല.

ആ ചെറുവെളിച്ചത്തിൽ ഞങ്ങൾ കണ്ടു "ഇന്ത്യയുടെ ഗ്രാൻഡ് ക്യാൻയൻ"അൽപം ഉയർന്ന സ്ഥലം നോക്കിത്തന്നെ ഇരിപ്പുറപ്പിച്ചു.പുള്ളി താഴെ നിന്നതെയുള്ളതു.അല്ലെങ്കിലും അവർക്കിതൊരു പുതുമയല്ലല്ലോ....

രാവ് തുന്നിച്ചേർത്ത ഇരുട്ടിന്റെ കമ്പളം കീറിയെത്തുന്ന ആ പുതു പ്രഭാതത്തിന്റെ ജ്വാല ഞങ്ങൾക്ക് ഒരു പുത്തനുണർവ് പകർന്നു നൽകി...നിമിഷനേരങ്ങളിൽ കൊണ്ട് സിന്ദൂരവർണം വാരിവിതറി അർക്കനുദിച്ചുയർന്നു.ആ സ്വർണ വെളിച്ചത്തിൽ മലയിടുക്കുകളുടെ അഗാധതയിൽ "പെന്നാർ നദി" ശാന്തമായി ഒഴുകുന്നു..


വെളിച്ചത്തിലാണ് കാഴ്ചകൾ അൽപം കൂടി വ്യക്തമായത്.ഇരുളിന്റെ മറവിൽ കണ്ടതൊന്നുമായിരുന്നില്ല ശെരിക്കുള്ള കാഴ്ച.ശെരിക്കും വാപൊളിച്ചു പോകും...എത്രത്തോളമുണ്ട് കാന്യോണ് വ്യൂ.പെറുക്കിയടുക്കിയതോ ചെത്തി മിനുക്കിയതോ പോലെ തോന്നിപ്പിക്കുന്ന പാറയിടുക്കുകൾ..എങ്ങും വലിയ പാറക്കല്ലുകൾ.ശെരിക്കും ദുർഘടമായത്തും പാറകൾ താണ്ടി വേണം മുകളിലേക്കും താഴേക്കും കയറിയിറങ്ങാൻ.

ശെരിക്കും പ്രകൃത്യാ രൂപംകൊണ്ട് നിൽക്കുന്ന ഒരു സംരക്ഷണവലയം തന്നെയാണ് ഈ മലയിടുക്കുകൾ.ഒരു പരിധിവരെ ഈ കോട്ടയെ സംരക്ഷിച്ചു നിർത്തിയിരുന്നതും ഈ മലയിടുക്കുകൾ ആയിരുന്നിരിക്കണം...
അരികിലേക്കു നീങ്ങി ചെല്ലുന്തോറും എത്രമാത്രം താഴെയാണ് പെന്നാർ നദി എന്ന് മനസിലാവും.പൂർണമായും അരികിലേക്കു പോവാൻ കഴിയില്ല..കാരണം അതിന്റെ അഗാതത കാലുകളിൽ വിറ പിടിപ്പിക്കും..ഒരു അരികിൽ എത്തിയാൽ താഴെ നദിക്കരികെ കോട്ടയുടെ മതിലുകളുടെ ശേഷിപ്പുകൾ കാണുവാൻ കഴിയും..കൂടാതെ എത്രത്തോളം പ്രദേശങ്ങളിലായാണ് കോട്ടയുടെ മതിലിന്റെ വ്യാപ്തി എന്നും മനസിലാക്കുവാൻ സാധിക്കും...

ശെരിക്കും ഗണ്ടികോട്ടയ്ക്കു അരഞ്ഞാണം ചാർത്തിയത് പോലെയാണ് പെന്നാർ നീളുന്നത്...മതിയാവോളം ആ സൗന്ദര്യം വെയിൽ കനക്കുന്നതുവരെ ആസ്വദിച്ചു..വെയിലിനു നന്നേ ചൂട് കൂടുതലാണ്...
ഇന്ത്യയുടെ ഗ്രാൻഡ് ക്യാൻയോണിലെ
സൂര്യോദയം

അവിടെ നിന്നും തപ്പിതടഞ്ഞു താഴെയെത്തി,എന്തായാലും പോയി ഒരു ചായ കുടിച്ചിട്ടാവാം അടുത്ത സ്ഥലം എന്ന് കരുതി നമ്മുടെ സഞ്ജയ്‌ചേട്ടനുമായി ഒരു കടയിലെത്തി(ആകെ 2കടയെ ഉള്ളു)അവിടെ എത്തിയപ്പോൾ ചായ വേണ്ട എന്ന് പറഞ്ഞു തണുത്ത ഒരു മാ വാങ്ങി കുടിച്ചു.

ഇനി കാണുവാൻ മാധവരായടെംപിൾ,രംഗനാഥസ്വാമി ടെംപിൾ,ജമാ മസ്ജിദ്,ധാന്യപ്പുര,ജയിൽ ബിൽഡിംഗ്‌,കുളം എന്നിവ കൂടിയേ ഉള്ളു...എല്ലാം അടുത്തടുത്തായതിനാൽ, ഇന്നലെ മുതൽ ഞങ്ങൾക്കാവിശ്യമായ എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടായിരുന്ന സഞ്ജയ്‌ചേട്ടനോട് നന്ദി പറഞ്ഞു സന്തോഷത്തോടെ ചെറിയ ഒരു ടിപ്പ് അദ്ദേഹത്തിന് കൊടുത്തു.അത് സന്തോഷത്തോടെ വാങ്ങി പുള്ളി ഞങ്ങൾക്കൊപ്പം ഒരു ഫോട്ടോയ്ക്കും പോസ് ചെയ്‌തു.വളരെ നന്ദിയോടെ ഞങ്ങൾ
രംഗനാഥസ്വാമി ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.


വഴികാട്ടിയായ സഞ്ജയ്‌നായിഡു എന്നയാൾ 
സൂര്യോദയം കാണാൻ പോകുന്നവഴി ഇരുളിന്റെ മറവിൽക്കണ്ട വലിയകെട്ടിടം പഴയ ജയിലാണെന്നു ഇപ്പോൾ മനസിലായി.സമയം 9മണി  കഴിഞ്ഞിരുന്നു.ആരോ എത്തി എല്ലാ പ്രധാനയിടങ്ങളിലെയും ഗേറ്റുകൾ തുറന്നിട്ടിരുന്നു.9മണിക് ശേഷം മാത്രമേ ക്ഷേത്രങ്ങളിലേക്കും ജാമിയ മസ്ജിദിലേക്കും പ്രവേശനം അനുവദിനീയമായുള്ളു.

രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ മുൻവശകവാടം  കണ്ടാൽ ഏതോ മോഡേൺ നിർമിതിയാണെന്നേ പറയൂ,ആ കാലഘട്ടത്തിലും ഇതുപോലെയുള്ള നിർമാണങ്ങൾ നടത്തുവാൻ കഴിഞ്ഞിരുന്നു എന്ന കാര്യം അതിശയിപ്പിക്കുന്നതാണ്.ഗേറ്റ് കടന്നു ഞങ്ങൾ ഉള്ളിലെത്തി,

പ്രധാന ക്ഷേത്രം മൂന്നുഭാഗങ്ങളായി നിരയായുള്ള  തൂണുകൾകൊണ്ട് തിരിച്ചിരിക്കുന്നു.ക്ഷേത്രമുറ്റത്തു കവാടത്തിനോട് ചേർന്ന് ഇരുവശങ്ങളിലും വലിയ രണ്ടു അറകൾകാണാം.ഒരു പക്ഷെ കാവൽക്കാർക് വേണ്ടി നിർമിച്ചവയായിരിക്കാം രംഗനാഥസ്വാമി ക്ഷേത്രവും ശില്പകലയിലും കൊത്തുപണികളും ഒട്ടും പിന്നിലല്ല.പൂജയോ ആരാധനയോ ഒന്നുംതന്നെ ഇപ്പോൾ ഇവിടെ നടക്കുന്നില്ല.കോട്ട മുഴുവനായി ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റിന്റെ കീഴിലാണ്.കൂടാതെ ഗണ്ടിക്കോട്ടയെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്താനുള്ള പദ്ധതികൾ നടന്നുവരുന്നു.

നല്ല വെയിലുണ്ടായിരുന്നു,ക്ഷേത്രവും പരിസരവും മുഴുവൻ ചുറ്റിനടന്നു കണ്ടു.ക്ഷേത്രത്തിന്റെ പിന്നിൽ അതിനോട് ചേർന്ന് തണൽ വിരിച്ചിരുന്നു,അവിടെ നടവഴിയിലെ കല്ലിന്മേൽ തണലിൽ കുറച്ചു നേരം കിടന്നു.കൊടും ചൂടിലും കല്ലിൽ അനുഭവപ്പെട്ടിരുന്ന തണുപ്പ് എന്നെ അൽപനേരം കൂടി ആ കിടപ്പ് തുടരുവാൻ പ്രേരിപ്പിച്ചു.
ഇളം കാറ്റേറ് മേനിയിലേക് തണുപ്പ് പകരുന്ന ആ ശിലയിൽ കിടക്കുന്ന അനുഭവം വാക്കുകൾക്കതീതമാണ്.

അവിടെനിന്നും ജയിൽ ബിൽഡിംഗ്‌,അടുക്കിവെച്ച കല്പടവുകളാൽ മനോഹരമായ കുളവും,വലിയ മിനാരങ്ങളുള്ള ജാമിയ മസ്ജിദ് കണ്ടപ്പോൾ പെട്ടെന്നു താജ് മഹൽ ആണ് ഓർമവന്നത്.ഇവയെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകൾ തന്നെയാണ്....

നമ്മളും ചരിത്രത്തിന്റെ താളുകളിൽ അകപ്പെട്ട ഒരനുഭൂതിയാണ് ഗണ്ടിക്കോട്ട പകർന്നു നൽകുന്നത്.അടുത്തതും അവസാന ലക്ഷ്യവുമായ മാധവരായ ക്ഷേത്രത്തിലേക്കുള്ള നടവഴികൾ കല്ലുകൾ പാകി മനോഹരമാക്കിയതാണ്.ദൂരെനിന്നേ ക്ഷേത്രഗോപുരം കാണാമായിരുന്നു..

മാധവരായക്ഷേത്ര കവാടം 
അടുത്തെത്തിയപ്പോഴേക്കും അവ ദൂരകാഴ്ചയുടെ പലമടങ്ങു വലിപ്പത്തിൽ കാണപ്പെട്ടു.ഇവിടെയുമുള്ള പ്രത്യേകത ഗോപുരം നിർമിച്ചിരിക്കുന്നത് ശിലകൾ യാതൊരു ചേർത്തൊട്ടികലുകളും കൂടാതെ അടുക്കിയ രീതിയിലാണ്.ഈ ഗോപുരത്തിൽ എത്ര ശില്പങ്ങളുണ്ടാവും..??നൂറോ??ആയിരമോ??പതിനായിരമോ??ഒരുപക്ഷെ അതിലും പലമടങ്ങധികം ഉണ്ടാവും.ഗോപുരനിർമിതിയുടെ കലാവിരുത്തിൽ ആശ്ചര്യംപൂണ്ട് അകത്തേക്ക് കയറുമ്പോൾ അതിലും വലിയ അത്ഭുതങ്ങൾ ഉള്ളിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ക്ഷേത്രത്തിന്റെ വലിയ നീളൻ ശിലാപടികളിൽ ഇരുവശത്തുമായി ഉയർത്തിപിടിച്ച തുമ്പിക്കയ്യോടുകൂടിയ ഗജവീരന്റെ മുഖശില്പങ്ങൾ,എങ്ങനെയാണ് തൂണുകളിൽ ഇത്രയധികം മനോഹരശില്പങ്ങൾ വിരിയുന്നത് എന്ന് ചിന്തിപ്പിക്കുന്നവിധം വശ്യമായി തീർത്ത ശില്പചാരുതകൾ..ഈ യാത്രയിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ തൂണുകൾ ഇവിടുത്തെതാണ്.....
ക്ഷേത്രത്തിന്റെ ഏറ്റവും ഉള്ളിലേക്ക് പ്രവേശിക്കുവാനുള്ള ഞങ്ങളുടെ ശ്രമത്തെ വവ്വാലുകൾ പരാജയപ്പെടുത്തി.പ്രതിഷ്ഠയില്ലെങ്കിലും ഇപ്പോഴും അതിനുള്ളിൽ ഒരുശക്തി കുടികൊള്ളുന്നുണ്ടാവണം

മലയിടുക്കിനരികെയുള്ള കോട്ടമതിലിന്റെ ശേഷിപ്പുകൾ 
ക്ഷേത്രപരിസരം വൃത്തിയാക്കുന്ന രണ്ടാളുകൾ,പിന്നെ ഞങ്ങൾ രണ്ടുപേരുമല്ലാതെ മറ്റാരും തന്നെ അന്ന് അവിടെയുണ്ടായിരുന്നില്ല.പുറത്ത് വെയിൽ എത്രതന്നെ കലിതുള്ളിയാലും ഈ ശിലാനിർമിതികളെല്ലാം മനസ്സിനും ശരീരത്തിനും കുളിർ പകർന്നുകൊണ്ടേയിരിക്കും.ആ അനുഭൂതിയിൽ എത്രനേരം അവിടിരുന്നു എന്നോർമ്മയില്ല....

മാധവരായക്ഷേത്രത്തോട് വിടപറഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി.ഒരുമിച്ചുള്ള പള്ളികളും ക്ഷേത്രങ്ങളും അന്നുണ്ടായിരുന്ന പരസ്പര സഹകരണത്തിന്റെയും,സാഹോദര്യത്തിന്റെയും പ്രതീകങ്ങളായി ഇന്നും തലയെടുപ്പോടെ കാണാം.തലേന്ന് രാത്രി അന്തിയുറങ്ങിയ ചാർമിനാർ ഗോപുരം വെളിച്ചത്തിൽ മനോഹരമായി കാണപ്പെട്ടു.രാത്രി കടന്നു വന്ന കോട്ടയുടെ കവാടത്തിനു മുകളിലേക്ക് കയറി കണ്ട കാഴ്ച,,ഗണ്ടിക്കോട്ടയുടെ കിലോമീറ്ററുകളോളം നീണ്ടുപോകുന്ന മതിൽകെട്ടിന്റെ ഏകദേശരൂപം,പിന്നെ ജാമിയമസ്ജിദും,ക്ഷേത്രങ്ങളും,ജയിൽ ബിൽഡിംഗ്‌,മലയിടുക്കുകളുടെ ദൂരക്കാഴ്ച എന്നിവ ഒരേ ഫ്രെയിമിൽ എന്നപോലെ കാണുവാനും കഴിഞ്ഞു...

ജാമിയമസ്ജിദ് 
കടപ്പ ജില്ലയിലെ ജമ്മലമടുഗുവിൽ നിന്നും ഏതാണ്ട് 15ഓളം കിലോമീറ്റർ അകലെ പെന്നാറിന്റെ തീരത്തായാണ് "ഗണ്ടിക്കോട്ട"ഗ്രാമം നിലകൊള്ളുന്നത്.കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യവംശത്തിലെ കാപ്പാരാജാവ് 1123ൽ ആണ് ഗണ്ടികോട്ട പണികഴിപ്പിച്ചത്."ഗണ്ടി"എന്ന വാക്കിനർത്ഥം മലയിടുക്ക് എന്നാണ്.300വർഷക്കാലത്തോളം പെമ്മസാനി നായക്‌സിന്റെ കീഴിലായിരുന്നു ഈ കോട്ട.ഈ മലയിടുക്കുകളുടെ ഇടയിലൂടെ ഒഴുകുന്ന പെന്നാർ നദിയുടെ കാഴ്ച അതിമനോഹരമാണ്.....

ഗണ്ടികോട്ടയിൽ നിന്നും ഏകദേശം 61കിലോമീറ്റർ അകലെയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യമായ "ബേലുംകേവ്സ്".(ഇവിടെ വെച്ച് ഗൂഗിളിൽ വെറും 18കിലോമീറ്റർ ആണ് കാണിച്ചിരുന്നത്.അങ്ങനെ പല ദൂരങ്ങളും ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നു)ഈ റോഡിലും ഹംബുകൾക് കുറവൊന്നുമില്ല,ഇത്ര വലിയൊരു സന്ദർശനസ്ഥലം ഇവിടെയുണ്ടായിട്ടും അതിനുതകുന്ന രീതിയിലുള്ള സൈൻ ബോർഡുകളോ മറ്റോ ഞങ്ങൾക്ക്  കാണാൻ കഴിഞ്ഞില്ല..ഗൂഗിളിനെ തന്നെ വിശ്വസിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി..ഏതാണ്ട് അടുക്കാറായി എന്ന് മനസിലായത് അങ്ങ് ദൂരെ ഒരു വലിയ മലമുകളിൽ ചെരിവിലായി ബുദ്ധന്റെ ശിൽപം കണ്ടിട്ടായിരുന്നു..

കുർണൂൽ ജില്ലയിലാണ് ബേലുംകേവ്സ് സ്ഥിതി ചെയ്യുന്നത്.പത്തൊൻപതാം നൂറ്റാണ്ടിൽ ജർമൻകാരനായ "ഡാനിയേൽ ഗബർ" കണ്ടെത്തിയ ഈ ഗുഹ പതിനാലാം നൂറ്റാണ്ടിൽ രൂപംകൊണ്ടു എന്ന് കരുതപ്പെടുന്നു.1988ൽ ആന്ധ്രാപ്രദേശ് സർക്കാർ ബേലുംകേവ്സ് സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചു.തുടർന്ന് ഗുഹയ്ക്കുള്ളിൽ ഒന്നര കിലോമീറ്റർ സന്ദർശകർക്കായി തുറന്നുകൊടുക്കുവാൻ തീരുമാനമായി 1999ൽ ടൂറിസം ഡെവലപ്മെന്റ് ഗുഹ ഏറ്റെടുത്തു 2002ൽ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു....
ബേലുംകേവ്സ് പ്രവേശനം 

65രൂപയാണ് മുതിർന്നവർക്ക് ടിക്കറ്റ് നിരക്ക് കുട്ടികൾക്ക് 45ഉം.ഇവിടെയും ഞങ്ങൾക്ക് കേരള രെജിസ്ട്രേഷൻ കണ്ടത് കൊണ്ട് ഞങ്ങളോട് യാത്രയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു പാർക്കിംഗ് ഫീ ഒഴിവാക്കി തന്നു(വളരെ സന്തോഷം). ടിക്കറ്റും കാണിച്ചു താഴേക്കുള്ള പ്രവേശന പടികൾ ഇറങ്ങിച്ചെല്ലുന്നത് ഭൂമിക്കടിയിലുള്ള ഗുഹയിലേക്കാണ്.ആദ്യം എത്തിച്ചേരുന്ന മുകൾഭാഗം തുറന്നിടം  "മെഡിറ്റേഷൻ ഹാൾ"എന്നാണറിയപെടുന്നത്.

പണ്ട് ബുദ്ധസന്യാസിമാരുടെ ധ്യാനകേന്ദ്രമായിരുന്നിവിടം. അതിന്റെതായ തെളിവുകളും ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്.മുന്നോട്ട് നടക്കുന്തോറും വലിയ ഒരു ഹാളിനേക്കാൾ വലിപ്പമുള്ള ഗുഹാ ഭാഗത്തുകൂടെയാണ് നമ്മൾ നടന്നെത്തുന്നത്.ചുണ്ണാമ്പ് കല്ലുകളുടെ പല രൂപങ്ങളിൽ രൂപാന്തരപ്പെട്ട   ഭാഗങ്ങൾകൊണ്ട് മനോഹരമായിരിക്കുന്നു അന്തർഭാഗങ്ങൾ.കാഴ്ചയുടെ വ്യക്തതക്കായി നിയോൺ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്.

ബേലുംകേവ്സ് 
ശെരിക്കും കണ്ടുതന്നെ അറിയേണ്ട ഒരത്ഭുതം തന്നെയാണ് ബേലുംകേവ്സ്.ഭൂമിക്കടിയിൽ ഏതാണ്ട് 4കിലോമീറ്ററോളം നീളത്തിലാണ് ഈ തുരങ്കസമാനമായ ഗുഹ.അസഹനീയമായ ചൂടാണ് ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.കൃത്യമായി വെളിച്ചം കൊണ്ടൊരുക്കിയ വഴികൾക്കുപുറമെ പുതുതായി കണ്ടെത്തി നടവഴി ഒരുക്കികൊണ്ടിരിക്കുന്ന ചില പാതകൾകൂടി ഇതിനുള്ളിലുണ്ട്.കയ്യിൽ സോളാർ ലൈറ്റ് ഉണ്ടായിരുന്നതിനാൽ അതിനുള്ളിലേക് കടന്നു കാണാനുള്ള ഒരു ശ്രമകരമായ ദൗത്യം കൂടി ഞങ്ങൾ നടത്തി.

അതിനുള്ളിലൂടെ നടക്കുമ്പോൾ ഗുഹയുടെ മുകൾത്തട്ടിലെല്ലാം ജലത്തിന്റെ ഈർപ്പം നിറഞ്ഞിരുന്നു,ചിലയിടത്തു വലിയ തുള്ളികളായി വെള്ളം വീണുകൊണ്ടിരുന്നു.പുറത്തെ കനത്തവെയിലിലും എങ്ങനെയാണ് ഇവിടെ വെള്ളം കാണപ്പെടുന്നത്, ഞങ്ങൾ അതിശയിച്ചിരുന്നു.ഉള്ളിലേക്ക് അധികം നടന്നാൽ ശ്വാസതടസം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഞങ്ങൾ അധികം മുന്നോട്ട് നടന്നില്ല.വീണ്ടും പ്രധാന പാതയിലേക്കു തിരികെ കയറി...

ശെരിക്കും ആയാസപ്പെട്ട് കുഞ്ഞിഞ്ഞുകയറേണ്ട സ്ഥലങ്ങൾ വരെ ഇവിടെയുണ്ട്.പാണ്ടുകാലത്ത് ജലപ്രവാഹം മൂലമാണ് ഗുഹ രൂപപ്പെട്ടത് എന്നു കരുതപ്പെടുന്നു.കൂടാതെ "സിംഹദ്വാരം, കൊടിലുഗലു,മണ്ഡപം,മായാ മന്ദിർ,വസൂലമരി,സപ്തസ്വര ഗുഹ, എന്നിങ്ങനെ പേരുകളുള്ള ചില ഭാഗങ്ങൾ കൂടിയുണ്ട്.ഗുഹയുടെ ഏറ്റവും താഴ്ന്ന ഭാഗമാണ് പാതാളഗംഗ.125അടിയാണ് ഈ ഭാഗത്തെ താഴ്ച.ചെറിയൊരു വെള്ളച്ചാട്ടം പോലെ നീരൊഴുക്കും ഇവിടെയുണ്ട്.തീരെ വെളിച്ചക്കുറവായതിനാൽ കാഴ്ചയ്ക്കു കുറവായിരുന്നു.അതിനു ചുവട്ടിലെ ലൈറ്റ് പ്രകാശിച്ചിരുന്നില്ല.കാതോർത്താൽ നീരൊഴുക്കിന്റെ ശബ്ദം കൃത്യമായി കേൾക്കാൻ കഴിയും...


ഈ പ്രകൃതിദത്തമായ അത്ഭുതസൃഷ്ടി കണ്ടു മുകളിലെത്തിമ്പോൾ വിയർത്തൊലിക്കാൻ തുടങ്ങിയിരുന്നു..അടുത്ത കടയിൽനിന്നും വെള്ളവുംവാങ്ങി(നല്ല ചൂടായയതിനാൽ വെള്ളം ഫ്രീസറിൽ ആണ് സൂക്ഷിച്ചിരുന്നത്,അത് പുറത്ത് അൽപനേരം വെച്ചപ്പോൾ തന്നെ വെള്ളമാവാൻ തുടങ്ങിയിരുന്നു)അവിടെനിന്നും ബുദ്ധപ്രതിമയുടെ അടുത്തേക്ക് ഞങ്ങൾ നീങ്ങി.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രകൃതിദത്തമായ ഗുഹ കൂടിയാണ് ബേലുംകേവ്സ്.ഇവിടെനിന്നും ലഭിച്ച ബുദ്ധസ്മരണകളുടെ അടയാളം എന്ന നിലയിലാണ് തൂവെള്ള നിറത്തിൽ ആകാശം മുട്ടിനിൽകുന്ന ബുദ്ധപ്രതിമ നിലകൊള്ളുന്നത്.ശെരിക്കും ആനന്ദപ്രഭ ചൊരിയുന്ന തരത്തിലാണ് ശില്പത്തിന്റെ നിർമാണം.പാതിയടഞ്ഞ കണ്ണുകളോടെ ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്...

ഇവിടെ ഈ ബുദ്ധന് കാൽച്ചുവട്ടിൽ അവസാനിക്കുകയാണ് ഞങ്ങളുടെ യാത്ര..ഇനി മടക്കമാണ് യാഥാസ്ഥിതീകമായ ജീവിതത്തിലേക്ക്..ബുദ്ധനെയും വണങ്ങി ഞങ്ങൾ ബാംഗ്ലൂർ ലക്ഷ്യമാക്കി നീങ്ങി,അന്നത്തെ രാത്രി  ബാംഗ്ലൂരിൽ സൂരജിനടുത്തേക്, അവന്റെ റെസ്റ്റോറന്റിലേക്,വയറു നിറയെ ഭക്ഷണവും ഒരുക്കിത്തന്നു.ഞങ്ങളെ പരിചയപ്പെടാൻ റെസ്റ്റോറന്റിലെ ഒരുപാടു സ്റ്റാഫുകൾ വന്നുപോയി.അവൻ ഒരുക്കിത്തന്ന മുറിയിൽ സുഖമായൊരുറക്കവും,പിറ്റേന്ന് കാലത്ത് റൂമിലെ മറ്റാരെയും ഉണർത്താതെ,ഉണർന്നിരുന്നവരോട് യാത്രയും പറഞ്ഞു സൂരജിനെയും കണ്ട് നന്ദി പറഞ്ഞു ബാംഗ്ലൂർനിന്നും(തിരിച്ചു വരുന്ന വഴി പിന്നിലെ ആളിന് ഹെൽമെറ്റ്‌ ഇല്ലാഞ്ഞതിനു 100ഫൈൻ കിട്ടി)വീട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി..എറണാകുളത്തെത്തിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു.അൽപം മഴയും നനഞ്ഞു ഓർമകളെ വീണ്ടും കുളിരണിയിച്ചു.രാത്രി കൃത്യം 12:30വീട്ടിലെത്തി  പ്രിയകിടക്കയിലേക്ക് ഒരുപാട് നല്ല ഓർമകളുമായി........

No comments:

Post a Comment

“കോഴിക്കോട്” മലബാറിലെ സുന്ദരവും,അതിലേറെ ചരിത്രവും,പൈതൃകവും,പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ,ഒരുപാട് കലാകാരൻമാരെയും നമുക്ക് സമ്മാനിച്ച...