SAJIN SATHEESAN
ഇതുവരെ വായിച്ചുകേട്ടറിഞ്ഞ ധനുഷ്കോടിയിൽ ആരും പറഞ്ഞുകേട്ടിട്ടില്ലാത്ത ഒരനുഭവമായിരുന്നു ഞങ്ങൾ പ്രേതനഗരിയിൽ ഏറ്റുവാങ്ങിയത്.ഇവിടെ ഇനി ഒരുഅതിജീവനം സാധ്യമല്ല എന്ന വസ്തുത ബലപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു അത്.മുള്ളു കുത്തുന്ന വേദനയിൽ മണൽത്തരികൾ യാതൊരു ദയയുമില്ലാതെ സഞ്ചാരികളെ പൊതിഞ്ഞിരുന്നു.
ധനുഷ്‌കോടി മുതൽ അരിച്ചാൽ മുനമ്പ് വരെയുള്ള ഇരുകടൽ ദൂരം നടന്നെത്തുവാനുള്ള ഞങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്മാറ്റിച്ചതിൽ ഓട്ടോഡ്രൈവർ ആയ "വീര" എന്ന ചെറുപ്പക്കാരന്റെ പങ്കു ചെറുതല്ല.
ഒരുവശത്തു കലിതുള്ളി പാഞ്ഞടുക്കുന്ന പച്ച നിറത്തിൽ ബംഗാൾ ഉൾക്കടൽ മറുവശത്തു തിരയിളക്കം പോലുമില്ലാതെ ശാന്തമായി കിടക്കുന്ന ഇന്ത്യൻ മഹാ സമുദ്രം.ഇവയുടെ മധ്യത്തിൽ കാഴ്ചയുടെ വിസ്മയമൊരുക്കി അരിച്ചാൽ മുനമ്പ്.അതിലേക്കുള്ള ഒരു കാൽനടയാത്ര, അതായിരുന്നു പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ചുള്ള ബാക്ക്പാക്കിങ് യാത്രകൾ വേണം എന്ന ഞങ്ങളുടെ പുതുചിന്തയിലെ ലക്ഷ്യമായി മധുര-രാമേശ്വരം-ധനുഷ്‌കോടി തിരഞ്ഞെടുക്കുവാനുള്ള കാരണം.
യാത്രകളോട് അടങ്ങാത്ത ആഗ്രഹവും ഒരേ മനസുമുള്ള ഒരാളെ സഹയാത്രികനായി കിട്ടുക എന്നതുതന്നെയാണ് ഇങ്ങനെയുള്ള യാത്രകളിലെ ഏറ്റവും വലിയ ഭാഗ്യം.
അതിനാലാണ് ദുബായിൽ നിന്നും അവധിക്കു വന്നതിന്റെ പിറ്റേന്നുതന്നെ ചേട്ടനെയും കൂട്ടി പുറപ്പെട്ടത്.ആദ്യം ബൈക്ക് ട്രിപ്പ് പ്ലാൻ ചെയ്‌തെങ്കിലും "ബാക്ക്പാക്കിന്" ഞാൻ മുൻഗണന നൽകിയതോടെ ചേട്ടനും സമ്മതം മൂളി.
യാത്ര തുടങ്ങുമ്പോൾ അപ്രതീക്ഷിതമായ ചില അനുഭവങ്ങളും അവസരങ്ങളും നിറഞ്ഞതാവും ഈ യാത്ര എന്ന് ഞങ്ങൾ ചിന്തിച്ചിരുന്നില്ല.തിരുവല്ലയിൽ നിന്നും മധുരയ്ക്ക് രാത്രി 8മണിക്ക് പുറപ്പെടുന്ന നമ്മുടെ സ്വന്തം ആനവണ്ടിയിൽ മുന്നിലെ രണ്ടു സീറ്റ് തന്നെ പിടിച്ചെങ്കിലും ബുക്ക് ചെയ്ത ആരേലും വന്നാലോ എന്ന ഒരു സംശയം ഞങ്ങൾക്കുണ്ടായിരുന്നു. 8മണി പറഞ്ഞ വണ്ടി യാത്ര ആരംഭിച്ചത് 8:20നു ആണ്. പാന്റിന്റെ പോക്കറ്റിൽനിന്ന് പൊതുമുറുക്കാൻ വായിലേക്ക് വെച്ച് മധുര വണ്ടിയുടെ സാരഥി വണ്ടി സ്റ്റാർട്ട് ചെയ്തു.ഞങ്ങളുടെ സീറ്റിൽ ഒരെണ്ണം ബുക്കിങ് ആണെന്ന് കണ്ടക്ടർ വന്നു പറഞ്ഞപോഴേ തുടക്കമേ പണി കിട്ടിതുടങ്ങിയോ എന്ന് ഞാൻ ആലോചിച്ചു.ബസ് സ്റ്റാൻഡ് വിട്ടതോടുകൂടി ബുക്കിങ് ക്യാൻസൽ ആയി ഇനി കുഴപ്പമില്ല എനതുകേട്ടപ്പോൾ ആണ് ആശ്വാസമായത്.സീറ്റ് ഫുൾ ബുക്കിങ് ആയിരുന്നേൽ മധുര വരെ നിന്നുപോകേണ്ടി വരുന്ന അവസ്ഥവരെ അൽപനേരം കൊണ്ടുഞാൻ ചിന്തിച്ചുകൂട്ടി.
മുന്നോട്ടു പോകുംതോറും ആദ്യമേ സീറ്റ് ഉറപ്പിചപലരും ബുക്കുചെയ്തവർക്കുവേണ്ടി മാറികൊണ്ടുക്കേണ്ടിവരുന്നത് ഞങ്ങൾ കണ്ടു.ബസ് ഏകദേശം നിറഞ്ഞു. മുന്നിലത്തെ സീറ്റ് ആയതുകൊണ്ട് ഡ്രൈവറുടെ അസാമാന്യമായ ഡ്രൈവിംഗ് കണ്ടു ഞങ്ങൾ മുഖത്തോടു മുഖം നോക്കി. "എങ്ങനെ സാധിക്കുന്നു" എന്നതായിരുന്നു ഞങ്ങളുടെ സംശയം.
മുന്നിലായതിനാൽ ഡ്രൈവിംഗ് കാണാനും മുന്നോട്ടുള്ള പോക്ക് ആസ്വദിക്കാനും ശെരിക്കും സാധിച്ചു.ഇടയ്ക്കെപ്പോഴോ അല്പം മയങ്ങിയ ഞാൻ എണീറ്റത് മുഖത്ത് വെള്ളം വീണപ്പോളാണ്. പെട്ടെന്നുള്ള മഴ എല്ലാ ഷട്ടറുകളും ഒരുപോലെ താഴ്ന്നു.മുണ്ടക്കയം മുതൽ പീരുമേട് വരെയുള്ള റോഡ് ആനവണ്ടിയെ വരവേറ്റത് കോടപുതച്ചുകൊണ്ടായിരുന്നു.അതിനെ തുളച്ചുമാറ്റികൊണ്ട് വണ്ടിയുടെ പ്രകാശം മുന്നിൽ പാഞ്ഞു.
വളഞ്ഞുപുളഞ്ഞ ഹെയർ പിൻ വളവുകളിലൂടെ ആനവണ്ടിയെ മെരുക്കി കയ്യിൽ നിർത്തുന്ന ഡ്രൈവറുടെ ആരാധകരായി മാറുകയായിരുന്നു പിന്നീട് ഞങ്ങൾ.സമയം അപ്പോഴേക്കും 11കഴിഞ്ഞിരുന്നു.
ഭക്ഷണം കഴിക്കുവാനായി വണ്ടി നിർത്തിയെങ്കിലും മഴ കാരണം ഞങ്ങൾ കയ്യിൽ കരുതിയിരുന്ന വെള്ളവും ബണ്ണും കൊണ്ട് തൃപ്തിപ്പെട്ടു. വീണ്ടും മുന്നോട്ടുള്ള യാത്രയിൽ ഇരുട്ടുനിറഞ്ഞ വഴികളിൽ കാഴ്ചകൾ ഒന്നുംതന്നെ കാണുവാൻകഴിയാത്തതിനാൽ ഞങ്ങൾ അല്പം മയങ്ങി. പിന്നീട് തേനി സ്റ്റാൻഡിൽ എത്തിയപ്പോൾ ഓരോ ചായയും കുടിച്ചു. ഒന്നിന് പോകുവാണോ അങ്ങോട്ടെല്ലാം 5രൂപയാണ് വാങ്ങുന്നത്. ആവിശ്യം നമ്മുടെ ആയതുകൊണ്ട് കൊടുക്കുക തന്നെ.വണ്ടി തേനി കടന്നു മുന്നോട്ടു നീങ്ങിയപ്പോൾ തിരക്ക് നന്നേ കുറഞ്ഞിരുന്നു. കൂടുതലും തമിഴർ ആയിരുന്നു ഞങ്ങളുടെ സഹയാത്രികർ.
നേരം അപ്പോഴേക്കും പുലർച്ചെ 2മണിയായിരുന്നു. വെളിച്ചക്കുറവാണെങ്കിലും മുന്നോട്ടുള്ള വഴികൾ പരിചിതമല്ലാത്തതിനാൽ ഞങ്ങൾ ഉറക്കം കളഞ്ഞു പുറത്തേക്കു ശ്രദ്ധിക്കാൻ തുടങ്ങി. ഇടതുവശങ്ങളിൽ വലിയ മലനിരകൾ കാണപ്പെട്ടു തുടങ്ങി.വ്യക്തമല്ലെങ്കിലും അവയുടെ നിഴൽരൂപം അവയുടെ വലിപ്പം കാട്ടുന്നവയായിരുന്നു. മണ്ണിൽനിന്നും മുകളിലേക്ക് മഷി പടർത്തിയ ഒരു ചിത്രംപോലെ അവ കാണപ്പെട്ടു.അതിനേക്കാൾ ഞങ്ങളുടെ ശ്രദ്ധ പിടിച്ചത് പുലർച്ചെ ആ സമയത്തും അവരുടെ കൃഷിയിടങ്ങകിൽ ട്രാക്റ്ററുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ആ കാഴ്ചകളെല്ലാം കണ്ടിരുന്ന സമയത്തും വെളിച്ചം വീഴാൻ തുടങ്ങിയിരുന്നില്ല.
വീണ്ടും മുന്നോട്ട്, മറ്റൊരു ബസ് സ്റ്റാൻഡിൽ നിർത്തി ഡ്രൈവറും കണ്ടുക്ടറും ചായ കുടിക്കുവാനായി നീങ്ങി, അപ്പോഴേക്കും ബസിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്ന് നടുനിവർത്തനായി ഞങ്ങളും പുറത്തേക്കിറങ്ങി. അപ്പോഴേക്കും ഓട്ടോക്കാരും ഗൈഡുമാരും ഞങ്ങൾക്ക് ചുറ്റും കൂടി. വേണ്ട എന്ന് പറഞ്ഞു അവരെ ഒകെ ഞങ്ങൾ ഒഴിവാക്കി. ചായകുടികഴിഞ്ഞു ഡ്രൈവർ ബസിനുള്ളിലേക് കയറി, ഞങ്ങൾ ബസിലേക് കയറിയപ്പോ നിങ്ങൾ ഇറങ്ങിയില്ലേ ഇതാണ് ലാസ്റ്റ് സ്റ്റോപ്പ് എന്നുപറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ അവിടെനിന്നും 5കിലോമീറ്റർ ഉണ്ട് മധുരയ്ക്, മധുര പോകാൻ നിങ്ങൾ ഇതിനുമുന്നിലെ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത് എന്ന് ഡ്രൈവർ ഞങ്ങളോട് പറഞ്ഞു. നിങ്ങൾ ഒരു കാര്യം ചെയ് ഞങ്ങൾ ഇപ്പോൾ വണ്ടി തിരിക്കുന്നവഴി അങ്ങോട്ട് ബസ് കിട്ടുന്നിടത് ഇറക്കാം എന്ന് പറഞ്ഞു,അപ്പോഴാണ് എവിടെയോ രാവിലെ 8മണിക്ക് പാമ്പൻ പാലത്തിലൂടെ ട്രെയിൻ പാസ്സ് ചെയ്യും എന്ന കാര്യം ഓർമ വന്നത്, ഞങ്ങൾ ഇപ്പോൾ മധുരയിലേക് പോകുന്നില്ല രാമേശ്വരം പിടിക്കുവാൻ ആണ് പ്ലാൻ എന്ന് ഡ്രൈവറോട് പറഞ്ഞു. പുള്ളി അങ്ങോട്ട് പോവാനുള്ള ബസ് കിടക്കുന്ന സ്ഥലം കാണിച്ചുതന്നു. അവരോടു നന്ദി പറഞ്ഞ് ഞങ്ങൾ ബാഗ് എല്ലാം എടുത്ത് പുറത്തേക്കിറങ്ങി.
ചായകുടിക്കുവാനായി നീങ്ങി. അപ്പോഴേക്കും നേരത്തെ വന്നതിൽ ഒരു ഗൈഡ് പയ്യൻ ഞങ്ങളെ വിടാതെ പിന്നാലെ കൂടി. ഇവിടെ റൂം എടുത്ത് തരാമെന്നും അവരുടെ വണ്ടിയിൽ തന്നെ ഫുൾ സ്ഥലങ്ങളിൽ കൊണ്ടുപോവാം എന്നൊക്കെ പറഞ്ഞു, നടന്നു കാണാൻ വന്ന ഞങ്ങൾ പുള്ളി പറഞ്ഞ എല്ലാ കാര്യങ്ങളും നിരസിച്ചു. നിങ്ങൾ രാമേശ്വരത്തേക്കു ബസിൽ പോയാൽ ക്യാഷ് കൂടുതലാകും ട്രെയിൻ ടിക്കറ്റ് എടുത്ത് തരാം അവിടെ റൂമിനു വല്യ റെന്റ് ആണെന്നൊക്കെ പറഞ്ഞു ഞങ്ങളെ ആവുന്നവിധം മടുപ്പിക്കാൻ നോക്കി.എല്ലാം നിന്റെ ഇഷ്ടം പോലെ ആയിക്കോളാൻ ആയി ചേട്ടന്റെയും താല്പര്യം.പുള്ളിയോട് ഞങ്ങൾ ബസിനു പോയ്കോളാം എന്ന് പറഞ്ഞു തടിയൂരി. അതിനിടയിൽ കടുപ്പത്തിന്റെ കട്ടി കാരണം വാങ്ങിയ ചായ കളഞ്ഞിരുന്നു.,
പല പ്ലാറ്റുഫോമുകളായാണ് ബസ് സ്റ്റാൻഡ്, നാലാമത്തെ പ്ലാറ്റഫോമില് രാമേശ്വരം ബസ് കിട്ടും എന്ന് ചോദിച്ചു മനസിലാക്കി ട്രാൻസലേറ്ററിൽ രാമേശ്വരത്തിന്റെ തമിഴ് തർജിമയുമായി ബസിന്റെ ബോർഡ് എല്ലാം തപ്പി കണ്ടുപിടിച്ചു. തമിഴ്നാട് റോഡ് ട്രാൻസ്‌പോർട് കോർപോർഷന്റെ(TNRTC) പച്ച നിറത്തിലുള്ള ബസ്. അവരുടെ സൂപ്പർ ഫാസ്റ്റ് ആണ്. പുറമെനിന്ന് നല്ല വൃത്തിക്കുറവ് ആണെങ്കിലും ഉള്ളിൽ കുഴപ്പമില്ല.അതിൽ കയറി സീറ്റ് അങ്ങ് പിടിച്ചു. സമയം അപ്പോഴേക്കും 4മണി ആവാറായിരുന്നു. അൽപനേരം കൊണ്ട് ബസ് നിറഞ്ഞു. അതിനിടയിൽ ബസിൽ കാർഡ് കൊടുത്തു പൈസ പിരിക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ, അതുമായി രണ്ടുപേർ വന്നു. എല്ലാവരുടെകയിലും തമിഴിൽ പ്രിന്റ് ചെയ്ത ഒരു നോട്ടീസ് ഇട്ടു കൊടുത്തു. വായിക്കാൻ അറിയാതെ അത് നോക്കിയിട്ട് കാര്യമില്ലാലോ. തിരിച്ചു വന്നു നോട്ടീസ് തിരികെയെടുക്കുന്ന കൂട്ടത്തിൽ പൈസാ ചോദിക്കുന്നുണ്ടായിരുന്നു. ഒന്നും നോക്കാതെ ഞങ്ങളും പൈസ നൽകി.
ബസ് സ്റ്റാർട്ട് ചെയ്തു, ഇനിയുള്ള യാത്രയും കാഴ്ചകളും മറ്റൊരു നാടിന്റെ സംസ്കാരമാണ്, പയ്യെ പയ്യെ ആണ് ബസിന്റെ പോക്ക്. അൾട്ര ഫാസ്റ്റ് എന്നൊക്കെ പേരില് മാത്രേ ഉള്ളു. നമ്മുടെ ആന വണ്ടികളുടെ ഏഴയലത്തു വരില്ല.നേരം പുലർന്നു തുടങ്ങി, അങ്ങനെ തമിഴ്നാടൻ ആന വണ്ടിയിലിരുന്ന് ഒരു സൂര്യോദയം കണ്ടു.അധികവും തുറസായ പ്രദേശങ്ങളാണ്. അവിടിവിടെയായി വീടുകൾകാണാം. തികച്ചും ഗ്രാമം എന്നൊന്നും പറയാൻ കഴിയില്ല. എന്നാൽ വലിയ രീതിയിൽ വികസനവുമില്ല.അത്തരത്തിലാണ് കാഴ്ചകൾ.
രാമേശ്വരത്തേക്കുള്ള യാത്രയ്ക്കിടയിൽ ഒരു പ്രധാന സ്റ്റാൻഡ് എന്ന് തോന്നിക്കുന്ന ഒരിടത്തു അല്പം കൂടുതൽ നേരം ബസ് നിർത്തി. ആ സമയത്ത് ഞാൻ ഡ്രൈവറോട് പാമ്പൻ ബ്രിഡ്ജ് അടുത്ത് സ്റ്റോപ്പ് ഏതെങ്കിലും ഉണ്ടോ എന്ന് ചോദിച്ചറിഞ്ഞു. ബ്രിഡ്ജ് കയറി ഇറങ്ങുന്നത് സ്റ്റോപ്പിലാണ് അവിടെ ഇറങ്ങിയാൽ മതി എന്ന് മറുപടിയും കിട്ടി.അവിടെ നിന്നും വീണ്ടും ഏകദേശം 15കിലോമീറ്റർ ഉണ്ട് രാമേശ്വരത്തേക്കു, ഞങ്ങൾ ആദ്യമേ രാമേശ്വരത്തേക്കു ഫുൾ ടിക്കറ്റ് എടുത്തിരുന്നു. ആ കാശ് നഷ്ടം.അപ്പോഴാണ് മധുര ബസിൽ നിന്നും ബാലൻസ് 70രൂപ വാങ്ങാൻ മറന്നു എന്ന് ഞങ്ങൾ ഓർത്തത്. നഷ്ടകണക്കുകൾ ഓർക്കാൻ താല്പര്യമില്ലാത്തതുകൊണ്ടു പോയത് പോട്ടെ എന്ന് കരുതി.
ബസ് ബ്രിഡ്ജ് കയറാൻതുടങ്ങി താഴെ പാമ്പന്പാലം കാണാം.പഴയ പാലത്തിന്റെ കല്ലുകൾ പില്ലറുകൾ ഒകെ കടൽ ജലത്തിന് മുകളിൽ കാണാം, ഇതിനു മുകളിലൂടെ എങ്ങനാണ് കപ്പൽ പോവുന്നത് മുഴുവൻ കല്ലുകൾ ആണല്ലോ എന്ന് ഞങ്ങൾ ഓർത്തു.ആ സംശയത്തിന് അധികം ആയുസ്സ് ഇല്ലാതെ പാലത്തിന്റെ നടുഭാഗത് കപ്പൽ കടന്നുപോകുവാൻ പാകത്തിന് ആഴം കൂട്ടിയ ഭാഗം കാണാന്കഴിഞ്ഞു. ഞങ്ങൾ സ്റ്റോപ്പിൽ ഇറങ്ങി. പാലത്തിനു മുകളിലേക്കു നടക്കുവാൻ തുടങ്ങി. ഏതാണ്ട് രണ്ടര കിലോമീറ്റർ മേലെ നീളം ഉണ്ട് പാലത്തിനു. നടന്നു ഞങ്ങൾ പകുതി എത്തി. സമയം അപ്പോൾ 7:40ആയിരുന്നു.കുറച്ചു ഫോട്ടോസ് ഒകെ എടുത്ത് കഴിഞ്ഞപ്പോൾ 8മണിക്ക് ട്രെയിൻ വരും എന്നൊക്കെ നീ പറഞ്ഞത് ഒള്ളതാണോടെ എന്നായി ചേട്ടന്റെ ചോദ്യം. എവിടെയോ വായിച്ചറിഞ്ഞ അറിവാണ് എത്രമാത്രം സത്യമുണ്ട് എന്ന് എനിക്കും അറിയില്ലായിരുന്നു, എന്നാലും ഞങ്ങൾ കാത്തിരിപ്പ് തുടർന്നു.
ഇവിടെവരെ വന്നിട്ട് ആ കാഴ്ച കാണാതെപോയാൽ അതൊരു വലിയ നഷ്ടമായി ഉള്ളിൽ കിടക്കും എന്ന് നല്ല ബോധ്യം എനിക്കും ഉണ്ടായിരുന്നു. 8മണി കഴിഞ്ഞിട്ടും ട്രെയിൻ വന്നില്ല.നേരം വെളിച്ചം വീണപ്പോൾ തുടങ്ങിയ വെയിലാണ്, നമ്മുടെ നാട്ടിലെ ഉച്ചവെയിലിനേക്കാൾ ചൂടുണ്ട്.പുലർച്ചെ തന്നെ അല്പം വെയിൽ കൊണ്ടെങ്കിലും വെറുതെയായില്ല. ഞങ്ങളുടെ ആഗ്രഹം പോലെത്തന്നെ 10മിനിറ്റ് വൈകി ആണെങ്കിലും ട്രെയിൻ വരുന്നത് ഞങ്ങൾ കണ്ടു.ഏറ്റവും പതുക്കെയാണ് ട്രെയിൻ പാലം ക്രോസ്സ് ചെയ്യുന്നത്. അതുകൊണ്ട് ക്യാമറ റസ്റ്റ് ഇല്ലാതെ ക്ലിക്കുകൾ പാഞ്ഞു.ഇനി ഇങ്ങനൊരു അവസരം കിട്ടുമോന്നുപോലും അറിയില്ലല്ലോ.ട്രെയിൻ ഫുൾ പാസ്സ് ചെയ്തു പോകുന്നതുവരെ ഞങ്ങൾ ആ കാഴ്ച കണ്ണുനിറയെ നോക്കിനിന്നു.
![]() |
പാമ്പൻപാലത്തിലൂടെ ട്രെയിൻ കടന്നു വരുന്ന കാഴ്ച |
അങ്ങനെ ചിത്രങ്ങളിൽ മാത്രം കണ്ടു കൊതിച്ചിരുന്ന ഒരു ആഗ്രഹം കൂടി സഫലമായിരിക്കുന്നു.
ഏതാണ്ട് 2065m നീളമുള്ള റെയിൽവേ പാലം നടുഭാഗത്തു കപ്പലുകൾക് കടന്നുപോകുവാൻ കഴിയുന്നവിധം ഉയർത്തുവാൻ തക്ക രീതിയിലാണ് നിർമിച്ചിട്ടുള്ളത്.1964 ഡിസംബർ22നു കടൽ താണ്ഡവമാടി ഒരു ട്രെയിൻ അപ്പാടെ കടലെടുത്തു.ലണ്ടണിൽ നിർമിച്ചു ഇവിടെ കൂട്ടിയോജിപ്പിച്ച ട്രാക്കിലെ ലിഫ്റ്റ് മാത്രമാണ് ബാക്കിയായത്. പുതിയൊരുപാലത്തിനു ചിലവേറെയാകുമെന്നതിനാൽ പാലം ഉപേക്ഷിക്കേണ്ടിവന്ന ഘട്ടത്തിലാണ് അബ്ദുൾകലാം രാഷ്‌ട്രപതിയാവുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലയാളിയായ കൊങ്കൺ പാതയും ഡൽഹി-കൊച്ചി മെട്രോയും പണികഴിപ്പിക്കാൻ നേതൃത്വം നൽകിയ ഇ. ശ്രീധരൻ ആണ് 24കോടി ചിലവിൽ പാലം പുതുക്കിപ്പണിതത്. ഇന്ത്യയിലെ ഏറ്റവും ആദ്യത്തേതും അപകടകരവുമായ കടൽ പാലം കൂടിയായ പാമ്പൻ പാലത്തിലൂടെ 15-40kmph വേഗതയിൽ മാത്രമാണ് ട്രെയിനുകൾ കടന്നുപോവുന്നത്. 140തൂണുകൾ 40അടി വീതിയുള്ള ഉരുക്കു ഗർഡൻ പിന്നെ ഇന്ത്യയിലെ ആദ്യ കാന്റിലിവർ പാലം, കപ്പലുകൾ കടക്കുന്നത് പാക് കടലിടുക്കിലൂടെ,ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിസ്മയം എന്നുപറയുന്നത് വെറുതെയല്ല എന്ന് ഞങ്ങൾക്ക് മനസിലായി.കണ്ടിരിക്കേണ്ട ഒരു നിർമിതി തന്നെയാണത് എന്ന് നിസംശയം പറയാം.
പാലം ഇറങ്ങി കഴിഞ്ഞപ്പോഴേക്കും ബസ് എത്തിയിരുന്നു. (എപ്പോഴും ബസ് സർവീസ് ലഭ്യമാണ്) നേരെ രാമേശ്വരം ടിക്കറ്റ് എടുത്തു, സീറ്റ് ഇല്ലാത്തതിനാൽ നിക്കേണ്ടിവന്നു. അവിടെനിന്നും 15km ഉള്ളു രാമേശ്വരത്തേക്കു, ബസ് ഒരു പ്രധാന സ്റ്റാൻഡിൽ എത്തി, അവിടെവരെയേ സർവീസ് ഉള്ളു.പിന്നീട് രാമേശ്വരം എത്തണമെങ്കിൽ ആ സ്റ്റാൻഡിൽ നിന്നുതന്നെ ലോക്കൽ സർവീസ് ബസ് ഉണ്ട്. 5രൂപ ടിക്കറ്റ് ullu.ഇതുവരെ ഉള്ള യാത്ര പച്ച നിറത്തിൽ ഉള്ള വണ്ടിയിൽ നിന്നും ബ്രൗൺ നിറമുള്ള ലോക്കൽ ബസിലേക് മാറി.5മിനിറ്റ് തികച്ചെടുക്കേണ്ട മെയിൻ സ്ട്രീറ്റിൽ എത്താൻ. എന്നാൽ പിന്നെ ഞങ്ങൾ വന്ന ബസിനുഇവിടെവരെ സർവീസ് ഇട്ടാൽ പോരേ എന്നായി ഞങ്ങളുടെ ചിന്ത.
അപ്പോഴേക്കും സമയം 9മണി ആയിരുന്നു.തിരക്കുളള തെരുവാണ് അമ്പലത്തിനു മുന്നിലെത്.തീർത്ഥാടകരുടെ വലിയ തിരക്കും, അതിനിടയിലൂടെ വലുതും ചെറുതുമായ വാഹനങ്ങൾ കടന്നുപോകാൻ നന്നേ കഷ്ടപെടുന്നുണ്ടായിരുന്നു
ഞങ്ങളുടെ അടുത്ത ലക്ഷ്യം ഒരു റൂം കണ്ടെത്തുകയെന്നതായിരുന്നു.ഒരുസ്ഥലത് കയറി നോക്കിയെങ്കിലും ഒരുദിവസത്തേക് ഇല്ല എന്നുപറഞ്ഞതുകൊണ്ടു ഞങ്ങൾ തിരികെയിറങ്ങി.അടുത്ത സ്ഥലം നോക്കാനായി നടന്നപ്പോൾ ഒരു സ്കൂട്ടറിൽ ഒരാൾ വന്നു "റൂം പാക്കിറിയ സർ" എന്ന് ചോദിച്ചു. Ac or non Ac നല്ല വൃത്തിയുള്ള റൂം തരാം എന്നുപറഞ്ഞു ഞങ്ങളെ പുള്ളിയുടെ സ്കൂട്ടറിൽ കയറ്റി മുന്നോട്ട് നീങ്ങി.തിരക്കുള്ള റോഡിലൂടെ ആളുകളുടെ ഇടയിൽകൂടി പുള്ളി ട്രിപ്പിൾസ് വെച്ച് പോവുകയാണ്. പോലീസ് കണ്ടാൽ പ്രശ്നമാവിലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് "നോ പ്രോബ്ലം സർ" എന്ന് ചിരിച്ചുകൊണ്ട് മറുപടി നൽകി.
റോഡിൽ നിന്നും ഇടവഴി കയറി അവസാനം അമ്പലത്തിനു പ്രധാന ഗോപുരത്തിന് അരികെ നല്ല വൃത്തിയുള്ള ഒരു റൂം കാണിച്ചുതന്നു.900 രൂപ പറഞ്ഞെങ്കിലും 700രൂപയ്ക്ക് സമ്മതിച്ചു.ചെക്കിൻ ടൈമിൽ തന്നെ നാളെ ചെക്കോട്ട് ചെയ്തോളാം എന്ന ഉറപ്പിന്മേൽ.ബാഗ് എല്ലാം റൂമിൽ വെച്ച് കട്ടിലിലേക് മലർന്നു.10മിനിറ്റ് കിടന്നേഉള്ളു ഫ്രഷായി പുറത്തേക്കിറങ്ങാൻ ഉള്ള പരിപാടികൾ നോക്കി. പല്ലുതേച്ചു വായ കഴുകിയപ്പോളാണ് ഞാൻ അത് മനസിലാക്കിയത്.വെള്ളത്തിനു കടൽ വെള്ളത്തിന്റെ ഉപ്പാണ്. റൂമിന്റെ വൃത്തി നോക്കിയപ്പോൾ വെള്ളത്തിൽ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും കാശും കൊടുത്തു പോയി,ആ പോട്ടെ എന്ന് വിചാരിച്ചു.അതിൽത്തന്നെ അങ്ങുകുളിച്ചു.തോർത്തിയിറങ്ങിയപ്പോൾ ശരീരം ആകെ ഉണങ്ങി വരണ്ട പോലെയും മുടി ചകിരി പോലെയുമായി.
റൂമും പൂട്ടി 9:30ആയപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. നല്ല ഒരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടുപിടിച്ചു തമിഴ്‌നാടൻ മസാല മിക്സ് ദോശ തന്നെ അങ്ങ് കേറ്റി.കഴിച്ചിറങ്ങി ഞങ്ങൾ ഓരോ സ്ഥലങ്ങളായി ഗൂഗിളിൽ നോക്കി, എല്ലാം അമ്പലത്തിനു 2km ചുറ്റളവിലാണ്. ഹോട്ടലില്നിനും പുറത്തേക്കിറങ്ങിയപ്പോൾ ഓട്ടോറിക്ഷക്കാർ ഞങ്ങളെ വളഞ്ഞു, ഒരു കാർഡ് കാണിച്ചു. ഇത്രയും സ്ഥലങ്ങളിൽ കൊണ്ടുപോയി കാണിക്കാം 1600രൂപ പറഞ്ഞു. നടന്നു കാണുവാനുള്ള തീരുമാനം ആയതുകൊണ്ട് ഞങ്ങൾ അവർക്കൊന്നും പിടികൊടുക്കാതെ നേരെ ഗൂഗിളിൽ രാമതീർത്ഥം സെറ്റ് ചെയ്തു നടന്നു.
അല്പം മുന്നോട്ട് പോയപ്പോഴാണ് വെയിലിന്റെ ഭീകരത എത്രത്തോളം ആണെന് ഞങ്ങൾ തിരിച്ചറിഞ്ഞത്. Ravile10മണി ആവുന്നതേ ഉള്ളു എങ്കിലും ചൂട് 31ഡിഗ്രി ആയിരുന്നു.രാമതീർത്ഥം പാതിവഴിയിലെ ഞങ്ങൾ തളർന്നു. കയ്യിൽ ആണേൽ ക്യാമറ മാത്രേ ഉള്ളു.കുട ഉണ്ടെങ്കിലും. എല്ലാ സ്ഥലങ്ങളിലും ഈ കാലാവസ്ഥയിൽ പോവാൻ സാധിക്കില്ല എന്ന് ഞങ്ങൾ മനസിലാക്കി, കഴിച്ച ഭക്ഷണം വരെ ദഹിച്ചു.എങ്കിലും ഞങ്ങൾ ആദ്യ ലക്ഷ്യത്തിലെത്തി.
![]() |
രാമതീർത്ഥം |
രാമതീർത്ഥം കണ്ടു, പക്ഷെ ഉള്ളിലെ അമ്പലം കാണാൻ ചെരുപ്പെല്ലാം പുറത്തിടണം.ബാക്കിയുള്ള എല്ലാവരും അവരവർ വന്ന ഓട്ടോകളിലാണ് എല്ലാം സൂക്ഷിച്ചിരിക്കുന്നത്,പുറത്ത് ഇട്ടിട്ടുപോകുന്നത് സുരക്ഷിതമല്ലാത്തതുകൊണ്ടു ഞങ്ങൾ ഓരോരുത്തരായി കയറി കണ്ടു.രാമരാജ്യം ഒരു ചില്ലുകൂട്ടിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട് അതിനുള്ളിൽ. അവിടെനിന്നു പുറത്തേക്കു ഇറങ്ങാൻ വെയിൽ ഞങ്ങളെ വലച്ചു.800മീറ്റർ നടന്നപ്പോഴേ ഞങ്ങൾ തളർന്നിരുന്നു.ഒരിക്കലും ഇത്രയും കഠിനമായ വെയിൽ ഞാൻ പ്രതീക്ഷിച്ചില്ല.ആ ഓട്ടോക്കാർ കാണിച്ച ലിസ്റ്റിലെ പാതി സ്ഥലങ്ങൾ പോലും ഞങ്ങളുടെ ഡയറിയിൽ എഴുതിവെച്ചിരുന്നില്ല,അത് നോക്കി സ്ഥലങ്ങൾ കാണുവാനാണ് തീരുമാനിച്ചിരുന്നത്.രാവിലെ തന്നെ ഇത്ര വെയിലാണെങ്കിൽ നമ്മൾ ഉച്ചവരെ പോലും പൂർത്തിയാകില്ല എന്ന ബോധം ഞങ്ങൾക്ക് വീണു.ഒരിക്കലും നടന്നു ഇത്രയും സ്ഥലങ്ങൾ കാണാൻ കഴിയില്ല.ഇനി ഇങ്ങോട്ട് ഒരു വരവുണ്ടാകുമോ എന്ന് പോലും,കാണുമ്പോൾ എല്ലാം കാണണ്ടേ..ഓട്ടോ പിടിക്കാം എന്ന് ചേട്ടൻ പറഞ്ഞതിനോട് ഞാനും സമ്മതിച്ചു.
![]() |
ലക്ഷ്മണതീർത്ഥം |
അമ്പലത്തിനു മുന്നിൽ ഒരുപാട് ഓട്ടോകൾ ഉണ്ടായിരുനെങ്കിലും ഇങ്ങോട്ടൊന്നും കാണുന്നില്ലാലോ എന്ന് ചിന്തയോടെ ഞങ്ങൾ റോഡരികിലൂടെ തിരിച്ചു നടന്നു.ആ സമയത്താണ് മുന്നേ പറഞ്ഞ "വീരാ" എന്ന ചെറുപ്പക്കാരൻ, ആളൊരു ഓട്ടോഡ്രൈവറാണ്,വലിയ പ്രായം ഒന്നുമില്ല.ഞങ്ങളുടെ നടത്തം കണ്ടിട്ട് ഓട്ടോ നിർത്തി ഞങ്ങൾ അങ്ങോട്ട് ചെന്നു.ഞങ്ങളെ കലാം ഹൗസിൽ ഒന്നു കൊണ്ടുപോയിട്ട് റൂമിലേക്ക് ഡ്രോപ്പ് ചെയ്യുവാൻ ഞങ്ങൾ ആവിശ്യപെട്ടു.അങ്ങാനാവട്ടെ എന്ന് പറഞ്ഞു ഞങ്ങൾ കലാം ഹൗസിനു മുന്നിൽ ഇറക്കി വീരാ വെയിറ്റ് ചെയ്തു.
ഉള്ളിലേക്ക് ക്യാമറ പാദരക്ഷകൾ ഒന്നും അനുവദിനീയമല്ല.3നിലകളുള്ള ഒരു കെട്ടിടത്തിലാണ് കലാം സാറിന്റെ ഓർമകളും പുരസ്കാരങ്ങളും മറ്റു വസ്തുക്കളുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്.ഒരു പക്ഷെ രാമേശ്വരം എന്ന പേര് എന്റെ മനസിൽ കയറിക്കൂടാൻ കാരണം അബ്ദുൽ കലാം എന്ന ആദരണീയനായ വ്യക്തി തന്നെയാണ്.ചെറിയ ക്ലാസ്സിലെവിടെയോ പഠിച്ച അദ്ദേഹത്തെക്കുറിച്ചുള്ള പാഠഭാഗം.ആദ്യമായി"രാമേശ്വരം"എന്ന് കേൾക്കുന്നത് അപ്പോഴാണ്,അതിനൊക്കെ ഒരുപാട് ശേഷമാണു ക്ഷേത്രത്തെ കുറിച്ചും പാമ്പന്പാലത്തെ കുറിച്ചുമൊക്കെ അറിയുന്നത്.
ഭാരത് രത്ന,പദ്മ ഭൂഷൺ. പദ്മ വിഭൂഷൺ, എന്നിങ്ങനെ കേട്ടുകേൾവി മാത്രമുള്ള ഉന്നത പുരസ്‌കാരങ്ങൾ എണ്ണം അറിയാത്തത്രയും അദ്ദേഹത്തിന് ലഭിച്ച സെർട്ടിഫിക്കറ്റുകൾ ഒക്കെ നേരിട്ട് കണ്ടറിയുവാനുള്ള ഒരവസരം കൂടിയാണ് കലാം ഹൗസ്,ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ നമുക്കും അഭിമാനം തോന്നിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അതിനുള്ളിലേത്.മുഴുവൻ പോസിറ്റീവ് എനർജി നിറഞ്ഞ ഒരു അന്തരീക്ഷം
.അവിടെനിന്നും മനസുനിറഞ്ഞാണ് ഇറങ്ങിയത്.
നേരെ ഓട്ടോയിലേക് കയറി,മുന്നോട്ട് നീങ്ങുന്നവഴി നിങ്ങൾ ധനുഷ്കോടിയിലേക് പോകുന്നില്ലേ എന്നായി വീരയുടെ ചോദ്യം.നാളെ കാലത്തു നടന്നു പോകാനാണ് പ്ലാൻ എന്ന് പറഞ്ഞപ്പോൾ വണ്ടിയുടെസ്‌പീഡ് അല്പം കുറച്ച് ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.എല്ലാവരുടെയും കയ്യിൽ കണ്ട അതെ സ്ഥലങ്ങളുടെ മാപ്പ് ഞങ്ങളെ കാണിച്ചു.ധനുഷ്‌കോടി ഒഴിച്ച് ബാക്കിയെല്ലാ സ്ഥലങ്ങളും കാണിച്ചുതരാൻ 500രൂപയ്ക്ക് ഉറപ്പിച്ചു.വണ്ടി ആദ്യ ലക്ഷ്യത്തിലേക് വളഞ്ഞു.
![]() |
സുനാമിയോടെ നാമാവശേഷമായ റെയിൽവേപാലത്തിന്റെ അവശേഷിപ്പുകൾ. |
സുനാമിക് ശേഷം ബാക്കികിട്ടിയ ട്രെയിൻപാളത്തിന്റെ അവശിഷ്ടങ്ങളാണ് ആദ്യമേ ഞങ്ങളെ കാണിച്ചുതന്നത്.ഓട്ടോക്കാരുടെ പ്രത്യേകതയെന്തെന്നാൽ ഓരോസ്ഥലത് എത്തുമ്പോഴും സീറ്റില്നിനും തിരിഞ് നമുക്ക് അഭിമുഖമായി ഇരുന്നു ആ സ്ഥലത്തെകുറിച്ചുള്ള പ്രത്യേകതകളും ചരിത്രവുംഎല്ലാം നമുക്ക് പറഞ്ഞുമനസിലാക്കി തരും."വീരാ"അണുവിട പോലും വിട്ടുകളയാതെ എല്ലാം വിവരിക്കുന്നുണ്ടായിരുന്നു.
![]() |
വിഭീഷരായക്ഷേത്രം |
അവിടെനിന്നും വിഭിഷരായ എന്ന അമ്പലത്തിലേക്കാണുപോയത്.ചുറ്റും വെള്ളത്താൽ ചുറ്റപെട്ടുകിടക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷ അവിടെയെത്തി.സീതയെ ലങ്കയിൽ നിന്നും രക്ഷിച്ചു രാമൻ നല്ലവനായ രാവണ സഹോദരൻ വിഭീഷണനെ പട്ടാഭിഷേകം ചെയ്ത ക്ഷേത്രമാണത്.കൂടാതെ രാമൻ ആദ്യം ലങ്കയിലേക് പാലം പണിയാൻ സ്ഥലം കണ്ടെത്തിയതും ഇവിടെയായിരുന്നു.(പക്ഷെ ആ ശ്രമം പരാജമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് )അമ്പലത്തിനു മുന്നിലൂടെ കടൽവരെ വെള്ളക്കെട്ടാണ്.നല്ലതെളിഞ്ഞ വെള്ളത്തിലൂടെ മുന്നോട്ട് നടന്നുചെന്നാൽ പാലത്തിന്റെ ഒരു മാതൃക മണ്ണുകൊണ്ട് ഉണ്ടാക്കിവെച്ചിട്ടുണ്ട്.ആ വെള്ളക്കെട്ടിൽ ശെരിക്കും രാമൻ പണിത പാലത്തിന്റെ രൂപം നമുക്ക് കാണാനാവും.
![]() |
രാമസേതു മോഡൽ,വിഭീഷരായ ക്ഷേത്രത്തിനു മുന്നിൽ. |
ശെരിക്കും ഈ യാത്രയിൽ നമ്മളറിയാതെ തന്നെ പുരാണകഥകിലൂടെയാണ് നമ്മുടെ സഞ്ചാരം.ഓരോസ്ഥലത്തും നമുക്ക് ആ ഒരു അനുഭവം കണ്മുന്നിൽ കാണുന്നതുപോലെയാണ്.അടുത്ത ലക്ഷ്യം "രാമാർപാതമാണ്"വലിയ പടികൾ കയറി മുകളിലെത്തുമ്പോൾ അമ്പലത്തിലെ നട പോലെ ഒരു മുറി കാണാം. അതിനകത്തു ഇരുമ്പ് ഗ്രില്ലുകൾ കൊണ്ട് നാലുവശവും സംരക്ഷിതമാണ്,ഉള്ളിൽ ഒരു പൂജാരി നിൽക്കുന്നുണ്ടായിരുന്നു.ഞങ്ങൾ അകത്തേക്ക് കയറി,ശെരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്,ശ്രീ രാമന്റെ കാൽപാദങ്ങൾ കല്ലിൽ പതിഞ്ഞിരിക്കുന്നത് ചന്ദനത്താൽ അലങ്കരിച്ചിരിക്കുന്നു.ഇതെല്ലാം കൺമുമ്പിൽ കാണുമ്പോൾ വിശ്വാസികൾ അല്ലാത്തവര്പോലും ഒന്ന് അന്തംവിടും.
ലങ്കയിലേക്കുള്ള വഴി തിരഞ്ഞെടുക്കുവാൻ ശ്രീരാമൻ ഈ മലമുകളിൽ ആണ് കയറിയത്.അവിടെ തൊഴുത്തിറങ്ങുമ്പോൾ വീണ്ടും മുകളിലേക്ക് പടികൾകാണാം.അവിടെ നമ്മുടെ കണ്ണുകളെ കാത്തിരിക്കുന്നത് രാമേശ്വരത്തിന്റെ മുഴുവൻ കാഴ്ചകളാണ്.ആളുകൾ കൂടുതൽ അപ്പോൾ എത്തികൊണ്ടിരിക്കുന്നതേയുള്ളായിരുന്നു,
വീണ്ടും വണ്ടി നീങ്ങിത്തുടങ്ങി,വഴിനീളെയെല്ലാം കണ്ണുചിമ്മാതെ നീക്കിയിരിക്കാൻ പറ്റിയ കാഴ്ചകളാൽ വിശാലമാണ്.
വീണ്ടും ധനുഷ്‌കോടി ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നപ്പോൾ നാളെ സൺഡേ ആയതിനാൽ തിരക്ക് വളരെ കൂടുതൽ ആയിരിക്കുമെന്നും ഒരു പക്ഷെ നിങ്ങൾക്ക് നടന്നു പോവാൻ പറ്റിയില്ലെങ്കിൽ ഓട്ടോക്കാർ ഇരട്ടി കൂലി ചോദിക്കുവാൻ ഇടയുണ്ട് എന്ന വീരയുടെ വാക്കുകൾ അല്പം കാര്യമുള്ളതായി ഞങ്ങൾക്കും തോന്നി.ഒരുപക്ഷെ നടന്നു ഞങ്ങൾ ഈ സ്ഥലത്തൊന്നും എത്തിപ്പെടില്ലായിരുന്നു.എന്നാൽ ധനുഷ്കോടിയും അരിച്ചാൽ മുനമ്പ് വരെയും ലിസ്റ്റിൽ ചേർത്തേക്കാം എന്ന് വിചാരിച്ചു 1300രൂപ പറഞ്ഞെങ്കിലും 1100നു ഞങ്ങൾ സമ്മതിപ്പിച്ചു.
(രാമേശ്വരം അമ്പലത്തിനു മുന്നിൽ ഞങ്ങളോട് ഇത്രയും സ്ഥലങ്ങൾ കാണിക്കാൻ 1600-1900രൂപയാണ് പറഞ്ഞത്.പിന്നെ ഇ സ്ഥലങ്ങൾ എല്ലാം തമ്മിൽ ആവിശ്യത്തിന് ദൂരവും ഉണ്ട്.)അങ്ങനെ ഓട്ടോയിൽ തന്നെ ധനുഷ്‌കോടി കാണാം എന്നുറപ്പിച്ചു യാത്ര തുടങ്ങി.
ഇതിനിടയിലെല്ലാം രാമേശ്വരത്തിനു പുരാണങ്ങളിലുള്ള പ്രാധാന്യവും ചരിത്രവുമെല്ലാം ഞങ്ങളോട് സംസാരിക്കുകയായിരുന്നു പുള്ളിക്കാരൻ.റോഡ് എല്ലാം അടിപൊളിയായതിനാൽ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല.ഇതിനിടയിൽ പോലീസ് ചെക്കിങ് കണ്ടയുടനെ വീരാ വണ്ടിയിൽ നിന്നും ഇറങ്ങി മുണ്ടുമാറി പാന്റ് എടുത്തിട്ടു.കേരളത്തിൽ കാക്കി ഷർട്ട് മാത്രം മതി എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ, ഇവിടെ ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് എന്ത് കഷ്ടമാണ് എന്ന ഭാവത്തിൽ മറുപടി നൽകി.
അല്പനേരത്തെ യാത്രക്കുശേഷം ഇരുവശത്തും കടൽ കാണാനായി.ഇതാണ് ധനുഷ്‌കോടി സ്റ്റാൻഡ് ഇവിടെവരയെ ബസ് വരൂ എന്ന് പറഞ്ഞുതന്നു.പിന്നീട് അങ്ങോട്ട് കാഴ്ചകൾ മാറുകയായിരുന്നു,മറ്റേതോ ലോകത്തെത്തിയ ഒരു പ്രതീതി.അപ്പോൾ വീരയുടെ അടുത്ത ചോദ്യം "കൂളിങ്ഗ്ലാസ്, ക്യാപ് ഒക്കെ കയ്യിൽ ഉണ്ടോ എന്ന്"ആദ്യം റൂമിനു പരിസരം ഒക്കെ കാണാനിറങ്ങിയ ഞങ്ങൾ ക്യാമറ മാത്രമേ എടുത്തിട്ടുള്ളയിരുന്നു.മുന്നോട്ട് പോകുന്തോറും കാറ്റുവീശാൻ തുടങ്ങും,മണ്ണുകയറും എന്ന വാക്കുകൾ ഞങ്ങൾ വലിയ ശ്രദ്ധ കൊടുത്തില്ല.പോകുന്തോറും കടൽ കയറി ശവപ്പറമ്പാക്കി മാറ്റിയ ഒരു ജനതയുടെ ജീവിതവും സംസ്കാരവും മണ്ണിനോട് ചേർന്ന അടയാളങ്ങൾ നമുക്ക് കാണാം.
വീണ്ടും വീരയുടെ വാക്കുകളിലേക് "നിങ്ങൾ ഇപ്പോൾ കണ്ട രാമേശ്വരം ഒന്നുമല്ല,ധനുഷ്കോടിയുടെ പതനത്തോടെയാണ് ഇന്ന് കാണുന്ന രാമേശ്വരം ഉണ്ടായത്.1964വർഷത്തിലെ ഇവിടെ റെയിൽവേസ്റ്റേഷൻ,നേവി ഓഫീസ്,പോസ്റ്റ് ഓഫീസ്,ഷിപ്യാർഡ്,സ്കൂൾ,ഓകെ ഉണ്ടായിരുന്നു അതിൽ നിന്നുതന്നെ മനസിലാക്കാലോ ആ കാലത്തു തന്നെ ധനുഷ്‌കോടി എത്രത്തോളം ഡെവലെപ്ഡ് ആയിരുന്നു എന്ന്.
![]() |
ധനുഷ്കോടിയിലെ നേവിയുടെ പഴയ കെട്ടിടം(1964ലെ സുനാമിയിൽ തകർന്നത്. |
ഇതെല്ലാം അത്ഭുതത്തോടെ കേട്ടിരിക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു.പുരാണ ഐതീഹ്യപ്രകാരം ശ്രീ രാമൻ സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
മുന്നോട്ട് എത്തുംതോറും കാറ്റു വീശാൻ തുടങ്ങി.വെറുതെ വീശുന്ന കാറ്റാണെങ്കിൽ സഹിക്കാം.മണൽ തരികൾ മുള്ളുപോലെ ആ കാറ്റിൽ പറന്നടുക്കുന്നുണ്ടായിരുന്നു.കൈ കൊണ്ട് മുഖം പൊത്തിയും ചെവി അടച്ചുപിടിച്ചുമെല്ലാം നോക്കി അൽപനേരം മുന്നോട്ട് ഇല്ലെങ്കിൽ അതിലും ശക്തിയിൽ പിന്നെയും വീശിയടിക്കുന്ന മണൽകാറ്റ്.എങ്കിലും ഞങ്ങൾ പരമാവധി കാഴ്ചകളിലേക് തന്നെ കണ്ണോടിച്ചു.അപ്പോഴും അത് മുഴുവൻ സഹിച്ചുകൊണ്ട് വീരാ വണ്ടി ഓടിക്കുന്നതുകണ്ടപ്പോൾ ഞങ്ങൾക്ക് സഹതാപമാണ് തോന്നിയത്.കാറ്റിനു ഞങ്ങളുടെ കാഴ്ചകൾ മറയ്ക്കുന്ന ശക്തിയുള്ളത് കൊണ്ടാവാം പിന്നിലെ സീറ്റ് കുറച്ചുകൂടി പിറകിലേക് വീരാ അഡ്‌ജസ്‌റ് ചെയ്തു തന്നു.അധികം കുഴപ്പമില്ല എന്നാലും മണ്ണ് ഉള്ളിലേക്ക് വരുന്നുണ്ടായിരുന്നു.
ഒരുപാട് വണ്ടികൾ ഞങ്ങളുടെ മുന്നിലും പിറകിലുമായി കടന്നു പോയി കാറുകളുടെ ചില്ലുകൾ അടച്ചിരിക്കുന്നു.ഒരു ബൈക്ക് യാത്രികരെ പോലും കാണാനില്ല.നടന്നു വരാം എന്നത് ഒരു ഭ്രാന്തൻചിന്ത ആയിരുന്നു എന്ന് എനിക്ക് അപ്പോൾ മനസിലായി.ഒരിക്കലും നടന്നു പാതിവഴിപോലും പൂർത്തിയാകാൻ കഴിയില്ല എന്ന് ഞങ്ങൾക്ക് മനസിലായി.
ധനുഷ്‌കോടി എത്തുന്നതിനു മുന്നേ തുടങ്ങിയ മണൽകാറ്റ് അതുകഴിഞ്ഞു അരിച്ചാൽ മുനമ്പിലേക്കുള്ള 3കിലോമീറ്റർ ഞങ്ങളെ കൊന്നിരുന്നു.പ്രതിരോധിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങൾ.ഓട്ടോയുടെ സൈഡ് മാറ്റ് കൊണ്ട് പോലും രക്ഷയില്ല.അങ്ങ് സഹിക്കുക എന്ന മനോഭാവത്തോടെ ഞങ്ങൾ ഇരുന്നു.അതൊഴിച്ചാൽ കാഴ്ചകൾക്ക് ഒരു പഞ്ഞവുമില്ലാത്ത സ്ഥലമാണ്,പൊളിഞ്ഞടുങ്ങിയ കെട്ടിടങ്ങളും നിലവിൽ ഓലകൾ കൊണ്ട് മറച്ച ചെറിയ കടകളും വീടുകളുമാണ് ഇന്നത്തെ ധനുഷ്‌കോടി.ഈ കാലാവസ്ഥയിലും ജീവിതം ഇവിടെ കെട്ടിപ്പടുക്കാൻ പാടുപെടുന്ന ചുരുക്കംചില ആളുകൾ ഇപ്പോഴുമുണ്ട് ധനുഷ്കോടിയിൽ.
അരിച്ചാൽ മുനമ്പ് പോയി വരുമ്പോൾ ധനുഷ്‌കോടി ഇറങ്ങാം എന്നുകരുതി ഞങ്ങൾ മുന്നിലേക്ക് പോയി.അങ്ങോട്ട് അടുക്കുംതോറും ഒരുപാട് വണ്ടികൾ കാണാമായിരുന്നു.മണൽ എല്കാതിരിക്കാൻ മുഖം തുണി കൊണ്ടുമറച്ചും,അതുപോലുമില്ലാതെ അതെല്ലാം സഹിച്ചും ആളുകൾ പുറത്തിറങ്ങി കാഴ്ചകൾ കാണുന്നുണ്ടായിരുന്നു.അവിടുത്തെ കാഴ്ചകൾക് ആളുകളെ പുറത്തേക്കിറക്കുവാനുള്ള അത്രയും സൗന്ദര്യം ഉണ്ടെന്നു പറയാതെ വയ്യ.
ഓട്ടോ നിർത്തിയപ്പോൾ ഞങ്ങളുടെമേൽ എത്രത്തോളം മണൽ ഉണ്ടായിരുന്നു എന്ന് ഇപ്പോഴും അറിയില്ല.ഒരുവിധത്തിൽ കഴിയുന്നത്ര കൊട്ടിക്കളഞ്ഞു.അപ്പോൾ ചേട്ടന്റെ ചോദ്യം"കളഞ്ഞിട്ടെന്തിനാ.??പുറത്തോട്ടാണ് ഇറങ്ങാൻ പോണത്,കാറ്റിന് കുറവൊന്നുമില്ല
അത് ശെരിയാണല്ലോ എന്നു ഞാനും ഓർത്തു.ഞങ്ങളെ അവിടെയിറക്കി വീരാ വണ്ടി ഒതുക്കിയിടാൻ പോയി.
![]() |
ധനുഷ്കോടിയിലെ ഇന്ത്യയുടെ അവസാന ലാൻഡ്മാർക്ക് |
ധനുഷ്കോടിയിലെ ഇന്ത്യയുടെ ലാസ്റ്റ് ലാൻഡ്മാർക്കിലാണ് ഞങ്ങൾ എന്ന കാര്യം ഞങ്ങളെ മുന്നോട്ട് നടത്തി, കാറ്റിലൂടെ കണ്ണിലേക്കു മണൽ കയറാതെ ഞങ്ങൾ നടന്നു.അരിച്ചാൽ മുനമ്പ് അവസാനിക്കുന്നവിടെ മുകളിൽ അശോകസ്തംഭം സ്വർണനിറം പൂശിയ വലിയ ഒരു സ്തൂപം സ്ഥാപിച്ചിട്ടുണ്ട്.അതാണ് എൻഡ് പോയിന്റ്. അതിനുചുറ്റിനും വരെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് സഞ്ചാരികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്,യാതൊരുവിധ നിയന്ത്രണവുമില്ലാത്ത പാർക്കിംഗ്.പോലീസുകാരോ മറ്റു ജീവനക്കാരോ ആരുംതന്നെയില്ല.തോന്നിയപോലെയാണ് ആളുകൾ വണ്ടി പാർക്കുചെയ്യുന്നത്.അപ്പോഴും ഒരുപാടാളുകൾ മണൽ അടിച്ചുകയറുന്നതിനാൽ കാറിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ ഇരിക്കുന്നുണ്ടായിരുന്നു.ഇത്ര ദൂരം വന്നിട്ട് കാറിലിരുന്ന് കാഴ്ച കാണുന്നവരോട് സഹതാപം മാത്രം.
ഞങ്ങൾ അവിടെനിന്നു കടൽത്തീരത്തേക് നടന്നു ആർത്തലച്ചു വരുന്ന ബംഗാൾ ഉൾക്കടൽ ഇവിടെ ഇന്ത്യൻ മഹാസമുദ്രത്തിലേക് ലയിക്കുകയാണ്.അതൊരു കാഴ്ചതന്നെയാണ്.ശെരിക്കും ആളുകളെ ആകർഷിക്കുന്നത് ബംഗാൾ കടൽ തന്നെയാണ് അങ്ങുദൂരെ നിന്നുപോലും തിരകളുമായി ആർത്തിരമ്പിവരുന്ന കടലിനു ഒരു വല്ലാത്ത ഭീകരതയും ഒരു സൗന്ദര്യവും ഉണ്ട്.എല്ലാവരും അങ്ങോട്ടുതന്നെയാണ് നീങ്ങുന്നത്. ഞങ്ങൾ നേരെ എതിരെ നമ്മുടെ കടലിലേക്കു നടന്നു.മാപ്പിൽ കാണിക്കുന്ന അവസാനപോയിന്റ് വരെ. ഇന്ത്യയുടെ മറ്റൊരു അറ്റം.ഞങ്ങൾ അല്ലാതെ മറ്റൊരു പയ്യൻ മാത്രമേ അങ്ങോട്ട് നടന്നെത്തിയുള്ളു,മറ്റാരും അങ്ങനൊരു സാഹസം കാണിക്കുവാൻ മുതിർന്നില്ല.ഒരുതരത്തിൽ അതൊരു അപകടം പിടിച്ച പണിയാണ് എന്ന് പിന്നീടാണ് ഞങ്ങൾക്ക് മനസിലായത്.
![]() |
ഇന്ത്യയുടെ ഡെഡ്എൻഡ് |
![]() |
ഡെഡ്എൻഡ് സാറ്റലൈറ്റ് കാഴ്ചയിൽ |
ഉറപ്പില്ലാത്ത മണ്ണാണ് കടലിലേക്കു നീണ്ടു കിടക്കുന്നത്.പക്ഷെ അവിടെനിന്നപ്പോഴുണ്ടായ ഒരാനുഭവം ഒരിക്കലും എനിക്ക് വാക്കുകളിൽ പകർത്താനാവില്ല.ഞാൻ കണ്ട കാഴ്ചകളും അനുഭവങ്ങളും എനിക്ക് മാത്രം സ്വന്തം എന്ന വാക്കുകൾക്കാണ് ഇവിടെ പ്രാധാന്യം.അപ്പോഴും കാറ്റിനു ഒരു കുറവുമുണ്ടായില്ല.
ഇവിടെ നിന്നുമാണ് ശ്രീരാമൻ ലങ്കയിലേക് രാമസേതു പണികഴിച്ചത്.ഈ പാലം ഇന്ത്യൻ ഭൂകാണ്ഡത്തിനു പുറത്ത് "ആദംസ് ബ്രിഡ്ജ്"എന്നാണ് അറിയപ്പെടുന്നത്.ശ്രീലങ്കയിലെ തലൈമന്നാർ ദ്വീപിലേക് ഇവിടെനിന്നും നിശ്ചിത കിലോമീറ്റർ ദൂരം മാത്രമേയുള്ളു.രാമസേതു ധനുഷ്‌കോടി എന്നിവ രാമേശ്വരത്തോളം തന്നെ ഹിന്ദുക്കൾക്ക് പുണ്യ സ്ഥലങ്ങൾ ആണ്.ഞങ്ങൾ എൻഡ് പോയിന്റിൽനിന്നും തിരികെ നടക്കാൻ തുടങ്ങിയപ്പോൾ കുറച്ചുപേർ ഞങ്ങൾ നിന്ന അറ്റത്തേക് വരുന്നുണ്ടായിരുന്നു.അങ്ങോട്ട് പോയതിനെ ശകാരിക്കാനാവും എന്നാണ് ഞാൻ കരുതിയത്,എന്നാൽ അവരും ഞങ്ങളെ പോലെ അറ്റം വരെ എത്തിയതായിരുന്നു.
ഫോണിൽ ഫോട്ടോസ് എടുക്കുവാൻ നോക്കിയെങ്കിലും നല്ലതുപോലെ വീശിവരുന്ന മണൽ അതിനെ തടയിടുന്നുണ്ടായിരുന്നു.എങ്കിലും ക്യാമറ ക്ലിക്കുകൾ പാഞ്ഞു.അതിൽ ആവിശ്യത്തിന് മണ്ണുമായി.അവിടെനിന്നും അതിന്റെ അരികുപിടിച്ചുതന്നെ ഞങ്ങൾ ബംഗാൾ കടലിനെ നേർക്ക് നടന്നു.അങ്ങോട്ട് നടക്കുന്തോറും കടലിനു ഭാവമാറ്റമാണ്.പക്ഷെ കിടിലൻ കാഴ്ചയുമാണ്.കടലിൽ ഇറങ്ങുന്നത് അപകടകരമാണ് എന്നൊക്കെ ബോർഡ് ഉണ്ടെങ്കിലും ആളുകളെ നിയന്ത്രിക്കാൻ ഒരു ഗാർഡ് പോലുമില്ല.അങ്ങനെയുള്ള പോരായ്മകളുണ്ട് ഇത്രയും ആളുകൾ സന്ദർശിക്കുന്ന സ്ഥലത്തിന്.സ്ത്രീകളും കുട്ടികളുമടക്കം ഒരു സുരക്ഷയുമില്ലാതെ കടലിൽ കുളിക്കുന്നു.
ബലിതർപ്പണ ചടങ്ങുകൾ അവിടിവിടെയായി നടക്കുന്നു.
ഒരു റോഡ് വ്യത്യാസം ഉള്ളെങ്കിലും ബംഗാൾ ഉൾക്കടലിൽ നിന്നും മത്സ്യ ബന്ധനം നടത്തുവാനോ ഒന്നും ഇവിടുത്തുകാർക് അനുവാദമില്ല.ഇന്ത്യയുടെ അവസാനലാൻഡ്മാർക്കിൽ ഞങ്ങളും കാലുകുത്തി എന്ന ആഹ്ലാദം അതൊരു അനുഭവം തന്നെയായിരുന്നു.അധികനേരം മണല്തരികളെ ഞങ്ങള്ക് ചെറുത്തുനിൽകുവാൻ കഴിയാത്തതിനാൽ ഞങ്ങൾ റോഡിലേക്ക് കയറി.ഫോട്ടോ എടുക്കുവാനുള്ള ശ്രമങ്ങൾ എല്ലാം കാറ്റു നഷ്ടപ്പെടുത്തി.ഒരു നിമിഷം പോലും കണ്ണുതുറന്നു നില്കാൻ അവസരം തരാതെ മണൽ വീശിയടുക്കുന്നുണ്ടായിരുന്നു.ഞങ്ങൾ ഓട്ടോയിൽ കയറിയപ്പോൾ വീരാ മുണ്ട് തലയിൽ പുതച്ചിരിക്കുകയായിരുന്നു,അരിച്ചാൽ മുനമ്പിനോട് വിടപറഞ്ഞു ഞങ്ങൾ ധനുഷ്‌കോടി ലക്ഷമാക്കി നീങ്ങി.അങ്ങോട്ട് പോയതിലും ശക്തിയാർജിച്ചിരുന്നു കാറ്റിന്.
അതിനു പിന്നാലെ വണ്ടി നിർത്തിയത് രാമേശ്വരം ബീച്ച് എന്ന ബോർഡിന് മുന്നിലാണ്. ബംഗാൾ ഉത്കടലിലേക് ഒരു പാലം നീണ്ടു കിടക്കുന്നു.അതിനു തുടക്കം തന്നെ വലിയ ഒരു മരക്കഷ്ണം വെച്ച് അങ്ങോട്ടുള്ള നടത്തം തടസപെരുത്തിയിരിക്കുന്നു,കാരണം മറ്റൊന്നുമല്ല,ആർത്തു വരുന്നകടൽ പാലത്തിന്റെ പകുതിയോളം മുക്കിയാണ് കരയടുക്കുന്നത്.ദൂരെനിന്നു കണ്ടാലേ പേടിയാകും.അൽപനേരം അവിടെ ചിലവഴിച്ചു.ആളുകൾ ഒരുപാട് എത്തുന്നുണ്ടായിരുന്നു.അതിനരികിൽത്തന്നെ രണ്ടു ചെറിയ കടകളിലായി കടൽ മീനുകൾ വറുത്തു നല്കുന്നുണ്ടായിരുന്നു.വൈകുനേരം അമ്പലത്തിൽ കയറേണ്ടതിനാൽ ഞങ്ങൾ അത് കഴിക്കാൻ നിന്നില്ല.അതിനോടൊപ്പം വില്പനയ്ക്കായി ശംഖുകളും,ചിപ്പികളിൽ നിർമിച്ച കണ്ണാടികളും മറ്റു ഒരുപാട് സാധനങ്ങളും ഉണ്ടായിരുന്നു.ഇതെല്ലാമാണ് ഇവരുടെ പ്രധാന വരുമാന മാർഗം.
തിരികെ കയറിയപ്പോൾ"ഇന്ന് നിങ്ങൾ വന്നത് നന്നായി,ആളുകളെ കണ്ടില്ലേ.നാളെ സൺഡേ ഇതിന്റെ 4ഇരട്ടി ആളുകൾ ഉണ്ടാവും എന്ന് വീരാ പറഞ്ഞു.ഓട്ടോയിൽ വന്നിട്ട് കൊണ്ട കാറ്റിലെ മണ്ണ് ഇപ്പോഴും പോയിട്ടില്ല,അപ്പോൾ നാളെ നടന്നെങ്ങാനും വന്നിരുന്നേൽ എന്താകുമായിരുന്നു ഗതി എന്ന് പറഞ്ഞു ഞങ്ങൾ മുഖാമുഖം നോക്കി.ഓർക്കാൻകൂടിവയ്യ എന്നായി ചേട്ടൻ.ദുബൈയില് പോലും എനിക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ലലോടാ,എന്തയാലും മറക്കാൻ പറ്റാത്ത ഒരു യാത്ര തന്നെയാണ് ഇത് എനിക്ക് എന്ന് ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങൾ വണ്ടിയിൽ കയറി.
ഓട്ടോയുടെ ടാർപോളിൻ ഞങ്ങൾ തലവഴി മൂടി,ഒരുപരിധിവരെ അത് സഹായകമായി.ധനുഷ്‌കോടി എത്തിയപ്പോഴേക്കും ഒരു ലോഡ് മണൽ ഞങ്ങൾ സീറ്റിൽനിന്നും ദേഹത്തു നിന്നും തട്ടി കളഞ്ഞു.എന്നെക്കാൾ കൂടുതൽ ചേട്ടൻ മണലിൽ കുളിച്ചിരുന്നു.ഇനി തട്ടി കളഞ്ഞിട്ടും കാര്യമില്ല എന്ന് പറഞ്ഞു ചേട്ടൻ മുന്നിൽനടന്നു.പള്ളി,അമ്പലം,സ്കൂൾ,വാട്ടർടാങ്ക്,റെയിൽവേ സ്റ്റേഷൻ,നേവൽ ഓഫീസ് ഇവയെല്ലാം കടലെടുത്തതിന്റെ ബാക്കിപത്രങ്ങളായി മണൽമൂടാന് തുടങ്ങി ഇവിടെ അവശേഷിക്കുന്നു.അക്കാലത് എത്രത്തോളം വലിയ പട്ടണമായിരുന്നു ധനുഷ്‌കോടി എന്നു നമുക്ക് ഇവയെല്ലാം മനസിലാക്കിത്തരും.
![]() |
ധനുഷ്‌കോടി ചർച് |
ഒരു മുൻ തുറമുഖപട്ടണം കൂടിയാണ് ധനുഷ്‌കോടി.രാമേശ്വരം പട്ടണത്തിൽനിന്നും ഏകദേശം 17കിലോമീ റ്റർ ഉണ്ട് ഇവിടേയ്ക്.പുറംലോകവുമായി ഈ ദ്വീപിനെ ബന്ധിപ്പിക്കുന്നത് പാമ്പന്പാലമാണ്.ബ്രിട്ടീഷ് ഭരണകാലത്തു ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കപ്പൽ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ തുറമുഖം.അങ്ങനെ ധനുഷ്കോടിക് ചരിത്ര പ്രാധാന്യങ്ങൾ ഏറെയാണ്.അതാണ് ഇപ്പോൾ കാണുന്ന നിലയിൽ കനിവില്ലാതെ കടൽ കവർന്നത്.1964Dec22 എന്ന ദിവസം ഏതൊരു സഞ്ചാരിക്കും പരിചിതമാവാൻ കാരണം ഒരു പേരേയുള്ളു "ധനുഷ്‌കോടി".. അതെ മാസം 17നു ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദം ദിവസം 550കിലോമീറ്ററോളം സഞ്ചരിച്ചു Dec22ന് ധനുഷ്‌കോടി തീരമെത്തിയപ്പോഴേക്കും വിനാശകാരിയായ തിരമാലകളായി മാറിയിരുന്നു.ഏതാണ്ട് 1800ഓളം പാവങ്ങൾ കടലിന്റെ കലിയ്ക്കു ഇരകളായി.അതിൽ പാമ്പൻ പാലത്തിലൂടെ വന്ന ട്രയിനിലെ 155ഓളം യാത്രക്കാരുമുണ്ടായിരുന്നു.ട്രെയിൻ അപ്പാടെ കടൽ വിഴുങ്ങി.
ഇനി പറയുന്നത് എപ്പോഴോ കേട്ടറിഞ്ഞ ഒരറിവാണു,അന്ന് അതിൽ നിന്നും രക്ഷപെട്ട ഒരാളാണ് "നീച്ചൽ കാളി" എന്നയാൾ.ആ സുനാമിയിൽ നിന്നും എഴോളംപേരെ അദ്ദേഹം രക്ഷപെടുത്തി.എല്ലാവരെയും മറ്റുസ്ഥലങ്ങളിലേക് മാറ്റിപ്പാർപ്പിച്ചു മദ്രാസ് ഗവണ്മെന്റ് ധനുഷ്കോടിയെ പ്രേതനഗരിയായി പ്രഖ്യാപിച്ചെങ്കിലും "നീച്ചൽ കാളി" അവിടെ തന്നെ ജീവിതം തുടർന്നു.പിന്നീട് 1967ൽ തലൈമന്നാറിൽ നിന്നും ധനുഷ്‌കോടി വരെ നടത്തിയ നീന്തൽ മത്സരത്തിൽ അദ്ദേഹം സമ്മാനം നേടുകയും ചെയ്തിരുന്നു. 2010ൽ അദ്ദേഹം അന്തരിച്ചു.
![]() |
നീച്ചൽകാളി |
ഇത് ഇവിടെ പറയാൻ പ്രേരിപ്പിച്ചത് അദേഹത്തിന്റെ ഒരു ചിത്രം ധനുഷ്കോടിയിലെ ഒരു കുടിലിൽ കാണാനിടയായതിനാലാണ്.
കാഴ്ചകൾ മാത്രമല്ല ധനുഷ്‌കോടി മനസിൽ ഒരു വിങ്ങൽ കൂടിയാണ്.അവിടെനിന്നും കാഴ്ചകളെല്ലാം മനസിൽ പതിപ്പിച്ചു ഞങ്ങൾ പിന്നീട് പോയത് സുഗ്രീവ ക്ഷേത്രം,അതിനോട് ചേർന്നു തന്നെയാണ് മറ്റൊരു വിസ്മയമായി "ഫ്ലോട്ടിങ് സ്റ്റോൺസ്" അഥവാ രാമസേതു നിർമിക്കാനുപയോഗിച്ച കല്ലുകൾ കാണാം.
വലിയ സിമെന്റ് ടാങ്ക് ഉണ്ടാക്കി അതിൽ വെള്ളംനിറച്ചു അതിൽ valiya കല്ലുകൾ ഇട്ടിരിക്കുന്നു.എത്ര താഴ്ത്താൻ ശ്രമിച്ചാലും അവ മുകളിലേക്ക് ഉയർന്നുതന്നെവരും.(ഫോട്ടോഗ്രഫി അലോഡ് അല്ല)100രൂപ നൽകിയാൽ അതിന്റെ സൂക്ഷിപ്പുകാരനും പൂജാരിയുമായാൾ നമ്മുടെ പേരില് കൈപ്പിടിയിൽ ഒതുങ്ങുന്ന ചെറിയ ഒരു കഷ്ണം കല്ല് ആശീർവദിച്ചു നൽകും.അവിടെനിന്നും പിന്നീട് സീതാ തീർത്ഥം,ലക്ഷ്മണ ക്ഷേത്രം,തീർത്ഥം, ഇവയെല്ലാം കണ്ടു അവസാനം അഗ്നി തീരത്തിന് മുന്നിൽ ഞങ്ങളെ "വീരാ" ഇറക്കിതന്നു.ഒരിക്കലും ഞങ്ങൾ നടന്നു ഇവയൊന്നും കാണില്ലായിരുന്നു.അല്ലെങ്കിൽ ഇത്രയും ചരിത്രവും സ്ഥലങ്ങളും അറിയാതെ ഞങ്ങൾ മടങ്ങേണ്ടി വന്നേനെ.കൊടുത്ത കാശിനു നൂറുശതമാനവും സംതൃപ്തി ലഭിക്കും എന്നത് ഉറപ്പാണ്.
![]() |
അഗ്നിതീർത്ഥം |
ഓട്ടോ ചാർജ് നല്കിയപ്പോളാണ് വീരാ പറഞ്ഞത്,ഞാൻ മറ്റൊരു ആവിശ്യത്തിന് ഇവിടെ വന്നതാണ് നിങ്ങൾ നടന്നു തളർന്നിരിക്കുന്നത് കണ്ടത് കൊണ്ട് മാത്രമാണ് ഞാൻ ഈ സവാരി എടുത്തതെന്ന്.ആ നല്ല മനസിന് നന്ദിപറഞ്ഞു ഞങ്ങൾ അദ്ദേഹത്തോട് യാത്ര പറഞ്ഞു.അൽപനേരം അഗ്നിതീർത്ഥം പരിസരമൊക്കെ കണ്ടു റൂമിലേക്ക്,കുളിച്ചശേഷം രാമേശ്വരം അമ്പലത്തിലേക്ക് കയറി.
ഇന്ത്യയിലെ മഹത്തായ നാലു ഹൈന്ദവ ക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നാണ് രാമനാഥ സ്വാമി ക്ഷേത്രം.ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.ഏറ്റവും വലിയ ഇടനാഴികളുള്ള ക്ഷേത്രം കൂടിയാണിത്.രാമനാഥസ്വാമി അഥവാ ശിവൻ ആണ് പ്രധാന പ്രതിഷ്ഠ.
ഞങ്ങൾ ഉള്ളിലേക്ക് കയറിയപോഴെകും തീർത്ഥാടകർ ഒരുപാട് ഉണ്ടായിരുന്നു.വരിയിൽ നിന്നും തൊഴുതു മാറി നടയുടെ പിൻഭാഗത്തെ പ്രതിഷ്ഠയ്ക്ക് മുന്നിൽ അനുഗ്രഹം വാങ്ങാൻ നിൽക്കവേ"അല്പം കൂടി നേരം കഴിഞ്ഞാൽ ദീപാരാധനയും,അത്താഴപൂജയും കണ്ടു മടങ്ങാം എന്നായി പൂജാരി"ഞങ്ങൾ മലയാളികളാണെന്നു പുള്ളിക്ക് കണ്ടപ്പോഴേ തോന്നിക്കാണും കാരണം പുള്ളിയും മലയാളിയാണ്.(രാമേശ്വരം ക്ഷേത്രത്തിൽ എപ്പോഴും താന്ത്രിമാരിൽ ഒരു പ്രധാന സ്ഥാനം മലയാളിയായ ഒരു പൂജാരിക് ഉണ്ടാവും എന്ന് എവിടെയോ പോലെ) സാദാരണ അത്താഴപൂജയ്ക് ഭക്തരെ വെളിയിൽ ഇറക്കില്ലേ എന്ന് ഞങ്ങളുടെ ചോദ്യത്തിന് "അതിനാലാണല്ലോ ഈ ക്ഷേത്രത്തിനു ഇത്രയും പ്രാധാന്യം അർഹിക്കുന്നത് എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു"
എന്നാൽ എല്ലാം കണ്ടുമടങ്ങിയാൽ മതി എന്ന് ഞങ്ങളും തീരുമാനിച്ചു.അപ്പോഴേക്കും അമ്പലത്തിനുള്ളിൽ ഉണ്ടായിരുന്ന ഭക്തർ ആ ചടങ്ങ് കാണുന്നതിനായി താഴെ ഇരിപ്പുറപ്പിച്ചിരുന്നു.ഞങ്ങളും അരികിൽ ഒരിടം കണ്ടെത്തി. എന്താണ് നടക്കാൻ പോവുന്നത് എന്ന് ഒരുപിടിയുമുണ്ടായിരുന്നില്ല ഞങ്ങൾക്ക്.അൽപനേരം കഴിഞ്ഞപ്പോൾ ധൃതിയിൽ അദ്ദേഹം നടന്നുവരുന്നത് ഞങ്ങൾ കണ്ടു ഞങ്ങളെകണ്ടപ്പോൾ ഇവിടെ നിന്നാൽ നിങ്ങൾ ഒന്നും കാണാൻ കഴിയില്ല അദ്ദേഹത്തോടൊപ്പം ചെല്ലുവാൻ പറഞ്ഞു, ഞങ്ങൾ അതനുസരിച്ചു.പ്രധാന നടയുടെ നേരെ എത്തി.അവിടെ ആളുകൾ കുറവാണു.ഉള്ളിൽ നിന്ന് പ്രധാന പൂജാരി ശിവ വിഗ്രഹം കയ്യിലേന്തി പുറത്തേക്കു വന്നു.അമ്പലത്തിനുള്ളിലെങ്ങും "ഓം നമശിവായ" മുഴങ്ങി.വിഗ്രഹം ഒരു രഥത്തിനുള്ളിലേക്കു വെച്ച്. അതിൽ മറ്റുള്ളവരെ തൊടുവാൻ അനുവദിക്കില്ല ചുറ്റും പൂജാരിമാരും അവർക്കു ചുറ്റും സെക്യൂരിറ്റിമാരും ആയിരിക്കും.രഥം അമ്പലത്തെ ചുറ്റിവരുമ്പോൾ ആദ്യം നിന്ന സ്ഥലത്തേക്ക് പോക്കോളണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾ അങ്ങോട്ട് നടന്നു.അവിടെ മുഴുവനും ആളുകൾ നിറഞ്ഞിരുന്നു. അതിനിടയിൽ ഒരു സ്ഥലം കണ്ടെത്തി.
രഥം വരുന്നവഴി തടസരഹിതമാകാൻ സെക്യൂരിറ്റിക്കാർ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.രഥം കടന്നു വന്നു വിഗ്രഹം മറ്റൊരു സ്വർണത്തിൽ പണികഴിപ്പിച്ച വലിയ ആട്ടുകട്ടിലുള്ള നടയിലേക് ആനയിച്ചു.മുഴുവൻ ആളുകളും ഭക്തിയിൽ മുങ്ങിയ നിമിഷം.പൂജാരിമാർ മയിൽപീലി വിശറിയാൽ വീശുകയും കട്ടിൽ പതിയെ ആട്ടിയും ഭഗവാനെ ഉറക്കുന്ന കാഴ്ച.ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ഭക്തിമയമായ നിമിഷങ്ങളിൽ ഒന്ന്.ചടങ്ങുകൾ പൂർത്തിയാക്കി നടയടച്ചു.വേവിയ്ച്ച പയർ, പാൽ എന്നിവ പ്രസാദമായി എല്ലാവർക്കും നൽകി.രാമേശ്വരം യാത്ര പൂർത്തിയായി എന്ന് പറയണമെങ്കിൽ ഈ ചടങ്ങ് കണ്ടിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞു തന്നത്.
ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ആ അവസരത്തിൽ ഞങ്ങൾ ഒരുപാട് സന്തോഷത്തോടെയാണ് ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയത്.ഭക്ഷണം കഴിച്ചു നേരെ പോയി കിടന്നതും ഉറങ്ങി.രാവിലെതന്നെ 8മണിയോടെ ചെക്ക് ഔട്ട് ചെയ്തു മധുരയ്ക്കുള്ള ബസ് പിടിച്ചു.(ലോക്കൽ സ്റ്റാൻഡിൽ എത്തിയാല് മെയിൻ ബസ് ഒക്കെ കിട്ടു)
തിരിച്ചും ബസിലിരുന്നു പാമ്പൻ പാലത്തിന്റെ കാഴ്ചകൾ ആസ്വദിച്ചു.ബസിലാകട്ടെ തമിഴ് സ്ത്രീകളുടെ വഴക്കിടലും സൺഡേ ആയിട്ടും യൂണിഫോമിൽ കുറെ കുട്ടികളും.
"വെൽക്കം ടു ടെംപിൾ സിറ്റി" എന്ന ബോർഡ് കണ്ടപ്പോൾ മധുരൈ എത്താറായി എന്ന് എനിക്ക് മനസിലായി.ചേട്ടൻ അപ്പോഴും ഉറക്കത്തിലാണ്. മധുര ഞങ്ങളെ സ്വാഗതം ചെയ്തത് അല്പം മഴയോടെയായിരുന്നു.തമിഴരുടെ ആനവണ്ടിയും ഒരു വിന്റജ് ഫീലുള്ള തമിഴ് പാട്ടും പിന്നെ വിന്ഡോ സീറ്റും ഇതില്പരം ആനന്ദം വേറെ എന്തുവേണം.മഴ കുറഞ്ഞപോഴാണ് സ്റ്റാന്റിലെത്തിയത്.അവിടെനിന്നും തിരക്കിപിടിച്ചു മീനാക്ഷി ക്ഷേത്രത്തിലേക് പോകാനുള്ള ബസ് കണ്ടുപിടിച്ചു.
ബസിൽ വെള്ളരിക്ക മാങ്ങാ ആപ്പിൾ ഇവയെല്ലാം വിക്കുന്ന പലരും കയറിയിറങ്ങി പോയി.അമ്പലത്തിലേക്ക് പോവാൻ "സിമ്മക്കൾ"എന്ന സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത് എന്ന് ഡ്രൈവർ പറഞ്ഞു.അവിടെ ഇറങ്ങി നോക്കിയപ്പോൾ 2km ഇനിയുമുണ്ട്. ബസ് ഒന്നും അങ്ങോട്ടില്ലാത്തതിനാൽ ഓട്ടോ പിടിച്ചു പുള്ളി 50രൂപയും വാങ്ങി.അവിടെ ഫ്രഷ് ആവാൻ റൂം തിരക്കി കുറച്ച് നടന്നു എങ്കിലും നിരാശയായിരുന്നു ഫലം.റേറ്റ് കുറവിൽ റൂമിൽ ആകാം എന്നുപറഞ്ഞു ഒരു ഓട്ടോക്കാരൻ ഒരു ലോഡ്ജിൽ കൊണ്ടുപോയി ഞങ്ങളെ ആക്കി.6മണി വരെ മതി റൂം എന്ന് പറഞ്ഞെങ്കിലും റേറ്റ് കൂടുതൽ പറഞ്ഞതിനാൽ കുറെ നേരത്തെ പേശൽകൊണ്ട് 500രൂപയ്ക്കു റൂം തന്നു.
അപ്പോത്തന്നെ കുളിച്ച് റെഡിയായി അമ്പലത്തിൽ 2മണിയോടെ എത്തിയെങ്കിലും 4മണിക്ക് ദർശനം ആരംഭിക്കുകയുള്ളു എന്നറിഞ്ഞത്.നേരെ പോയത് ഉച്ച ഭക്ഷണത്തിനായിരുന്നു "മോഡേൺ റെസ്റ്റോറന്റ്" ഒരിക്കലും കേറരുത് 100രൂപ ഒരു ഊണിനു ചാർജ് ആണ്.കഴിച്ചു മടങ്ങിയപ്പോൾ അതിനടുത്ത ഹോട്ടലിൽ 65/-രൂപ മീൽസ് എന്നത് ഞങ്ങൾ കണ്ടു.രണ്ടിലും ഒരേ ഐറ്റംസ് ഒക്കെ ആണ്.
3മണിക്ക് തന്നെ ക്യു ആരംഭിച്ചു.ചെരുപ്പുകൾ അമ്പലത്തിന്റെ തന്നെ ജീവനക്കാർ സൂക്ഷിച്ചോളും.അവർത്തരുന്ന ടോക്കൺ കളയാതിരുന്നാൽ മതി.പ്രൊഫഷണൽ ക്യാമറ ബാഗ് ഇവയൊന്നും ഉള്ളിലേക്ക് കയറ്റില്ല. സെക്യൂരിറ്റി ചെക്കിങ് ഉണ്ട്.
ചെക്കിങ്ങിനു ശേഷം ഗോപുരത്തിനുള്ളിലൂടെ നമ്മൾ കടന്നു ചെല്ലുന്നത് ഉള്ളിലേക് പ്രവേശിക്കാനായി വരിനിലക്കാനുള്ള ഗ്രില്ലുകൾ ഉള്ള ഒരിടത്തേക്കാണ്(സൗത്ത് ടവർ വഴിയാണ് ഞങ്ങൾ കയറിയത്)അതിനടുത്തു തന്നെ സ്പെഷ്യൽ പാസ്സ് എടുക്കുവാനുള്ള സൗകര്യം ഉണ്ട്.100രൂപയുടെ പാസ്സ് എടുത്താല് മറ്റൊരു വരിയിലൂടെ നോർമൽ ക്യു വിനു സമാന്തരമായി അതിനുമുന്നെ നമുക്ക് കടന്നുപോകുവാൻ കഴിയും.ഞങ്ങൾ ആ വഴിയാണ് തിരഞ്ഞെടുത്തത്.
ഉള്ളിലേക്ക് കയറുമ്പോൾ മുതൽ കല്ലിലും ചിത്രപ്പണികളിലും വിരിഞ്ഞ വിസ്മയലോകമാണ് ക്ഷേത്രത്തിനുള്ളിലേത്.മുകളിലെ പ്രതലം വരെ ചിത്രങ്ങളാൽ സമൃദ്ധമാണ്.4മണിക്ക് മുന്നേ പതുക്കെ സ്പെഷ്യൽ ക്യു നടയുടെ കൃത്യം മുന്നിലെത്തി.പ്രധാന നടയുടെ അകത്തളം ഭക്തർക്കായി AC ക്രമീകരിച്ചിട്ടുണ്ട്.നടതുറന്നപ്പോൾ "മീനാക്ഷി അമ്മന്റെ"അലങ്കരിച്ച വിഗ്രഹം മതിയാവോളം തൊഴുതു.പിന്നീട് ക്യുവിന്റെ ക്ഷേത്രം ചുറ്റി തൊഴുതു മറ്റു ഭാഗങ്ങളിലേക് പോകാം.പാസ്സ് കളയാതെ സൂക്ഷിക്കണം മറ്റൊരു പ്രധാന നടയിൽ തിരക്കിലാതെ തൊഴാൻ അത് ഉപകാരപ്പെടും.ലോഹത്തിൽ തീർത്ത നടരാജ വിഗ്രഹം ഒരു വലിയ കാഴ്ചതന്നെയാണ്.അത്യാവശ്യം വലിയ ഒരു നടയിൽ ചുവരുകളും വിഗ്രഹത്തിനു പിന്നിലായി ലോഹം തീർത്തിരിക്കുന്നു.
![]() |
മധുരമീനാക്ഷി ക്ഷേത്രം |
പിന്നീട് കാണുവാനുള്ള പ്രധാന കാഴ്ചകളായി കൽത്തൂണുകളും സ്വർണം പൂശിയ വലിയ കൊടിമരവുമാണ്.കൊത്തുപണികളും ശില്പങ്ങളും എണ്ണിയാലൊടുങ്ങാത്തത്രയുമുണ്ട് ക്ഷേത്രത്തിനുള്ളിൽ.
ഏതാണ്ട് 33000ത്തോളം ശില്പങ്ങൾ ഉണ്ടെന്നാണ് കണക്ക്.14ഗോപുരങ്ങളോളം ക്ഷേത്രസമുച്ചയത്തിൽ ഉണ്ടെങ്കിലും ഏറ്റവും വലുത് തെക്കേ ഗോപുരമാണ്(സൗത്ത് ടവർ) അതിലൂടെയാണ് ഞങ്ങൾ കടന്നു വന്നത്. ശിവ-പാർവതി ദേവത ആണ് ആരാധന മൂർത്തികൾ എങ്കിലും ശിവനേക്കാൾ പ്രാധാന്യം പാർവതിദേവിക് നൽകുന്ന ഇന്ത്യയിലെ അപൂർവം ഒരു ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇത്.
പ്രധാന ആഘോഷം ഏപ്രിൽ മാസത്തിൽ നടക്കാറുള്ള "തിരുകല്യാണം" എന്ന ചടങ്ങാണ്.തിരിച്ചിറങ്ങുന്നവഴി ഒരുപാടുപേർ ഫോണിൽ ഫോട്ടോസ് ഒക്കെ എടുക്കുന്നുണ്ടായിരുന്നു ,ഞങ്ങളും ഫോട്ടോസൊക്കെ എടുത്തു തിരിച്ചിറങ്ങുമ്പോൾ അമ്പലത്തിനുള്ളിൽ തന്നെ ഒരു ആനയെ കാണാം,ആനയുടെ തുമ്പികൈയിൽ കാശ് വെച്ച് കൊടുത്താൽ തലയിൽ തുമ്പികൈ വെച്ച് അനുഗ്രഹിക്കും.(നോട്ട് തന്നെ വെക്കണം)അതും ചെയ്തു ഞങ്ങൾ മുഴുവൻ കാഴ്ചകളും നടന്നുകണ്ടു പുറത്തേക്കിറങ്ങി.
അപ്പോഴേക്കും ചെറിയ ചാറ്റൽമഴ തുടങ്ങിയിരുന്നു.
![]() |
ധനുഷ്‌കോടി ബീച്ച് |
വീട്ടിലേക് വിളിച്ചപ്പോൾ രണ്ടുദിവസമായി തോരാത്ത മഴയാണെന്നാണ് അറിയാൻ കഴിഞ്ഞത്.ചാറ്റൽ മഴ നനഞ്ഞുകൊണ്ടു ഞങ്ങൾ മധുരയിലെ തെരുവോരത്തുകണ്ട ചെറിയ ഒരു ചായക്കടയുടെ മുന്നിൽനിന്നും ഓരോ ചായ വാങ്ങിക്കുടിച്ചു.നടക്കുന്ന വഴിയിൽ മഴയത്തു ചെറുപ്പക്കാരായ യുവാക്കൾ മഴയിൽ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. റൂമിലെത്തി അൽപനേരം കിടന്നു. പിറ്റേന്ന് ചേട്ടന് ഒരു ചടങ്ങിൽ പങ്കെടുക്കേണ്ട ആവിശ്യം ഉണ്ടായിരുന്നതിൽ കോയമ്പത്തൂർ ആദിയോഗി ശിവ ശിൽപം പിന്നത്തേക് മാറ്റേണ്ടിവന്നു.ട്രെയിൻ ഞങ്ങൾക്ക് സമയത്ത് എത്താൻ കഴിയാത്തതിനാൽ ബസ് തന്നെ ആണ് മുൻഗണന നൽകിയത്.സ്റാൻഡിലൊക്കെ തിരക്കിപിടിച്ചു എറണാകുളം,ആലപ്പുഴ ഒക്കെ പോകുന്ന ബസുകൾ "മട്ടൂ താവണി"എന്ന സ്ഥലത്തു കിട്ടും എന്നറിഞ്ഞു.അങ്ങോട്ടുമുള്ള ബസ് പിടിച്ചു.
സ്റ്റാന്റിലെത്തിയപ്പോഴാണ് അറിയുന്നത് അത് പ്രൈവറ്റ് വെഹിക്കിൾസ് സർവീസ് നടത്തുന്ന വലിയ സ്റ്റാൻഡ് ആണ്.നമ്മൾ സ്റ്റാന്റിലേക് കയറുമ്പോഴേ ബസിന്റെ ആളുകൾ നമ്മളെ പൊതിയും.ചെന്നൈ, എറണാകുളം,ആലപ്പുഴ എ സി, സ്ലീപ്പർ, സെമിസ്ലീപ്പര് ഏതുവേണം എന്നൊക്കെയുള്ള ചോദ്യങ്ങളുമായി.ഞങ്ങൾ TNRTC ബസ് നോക്കിയെങ്കിലും ഞങ്ങൾ വന്ന സ്ഥലം മാറിപോയിരുന്നു.(10മണിക്ക് എറണാകുളത്തേക് ഒരു TN ട്രാൻസ്‌പോർട് ബസ് ഉണ്ടെന്നാണ് അറിവ്.സമയം കളയാനില്ലാത്തതിനാൽ ഞങ്ങൾ ആലപ്പുഴ ബസ് നോക്കിയെങ്കിലും അതിന്റെ ഡ്രൈവർ ക്യാബിൻ വരെ ബുക്ഡ് ആയിരുന്നു.പിന്നെ എറണാകുളം രാവിലെ 5മണിക്ക് എത്തുന്ന ഒരു സെമി സ്ലീപ്പർ ബുക്ക് ചെയ്തു(രണ്ടുപേർക്കു 1400 രൂപയും50രൂപ ഞങ്ങളെ ടിക്കറ്റിനു സമീപിച്ച ഏജന്റും വാങ്ങി)
രസം മറ്റൊന്നാണ്,സീറ്റ് കൺഫോം അല്ല ഡ്രൈവർ സീറ്റിനു സൈഡിലെ ഒരു സീറ്റും ക്യാബിനുമാണ് തരാമെന്നു ഏറ്റിരിക്കുന്നത്,എന്തേലും ആവട്ടെ എന്നുകരുതിയാണ് ബുക്ക് ചെയ്തത്.സമയം അപ്പോൾ 8മണി ആയതേ ഉള്ളു.ഭക്ഷണം കഴിച്ചിട്ട് ഇങ്ങോട്ട് വന്നാൽ മതി ബസിൽ കയറ്റിവിടാം എന്ന് പുള്ളിക്കാരൻ പറഞ്ഞു.നല്ലവിശപ്പുണ്ടായിരുന്നുകൊണ്ടു മധുരൈ സ്ട്രീറ്റ് ഫുഡ് തന്നെ അങ്ങ് നല്ലപോലെ തട്ടി.കൂട്ടത്തിൽ കുറച്ചു മധുരൈ സ്പെഷ്യൽ സ്‌നാക്‌സും വാങ്ങി,9:30യോടെ വണ്ടി നോക്കിയിരുന്നിട്ടും ആരും വരുന്നില്ല അപ്പോഴാണ് ഒരു ചെറിയ പയ്യൻ ഓടിവന്നു "വണ്ടി വിട്ടു"എന്ന് പറഞ്ഞത്.
മുതലാളി എന്ന് തോന്നിപ്പിക്കുന്ന ഒരാൾ ആ പയ്യനെ ശകാരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ ആ പയ്യന്റെ പിന്നാലെ ബാഗ് എടുത്തു പൊക്കോളാൻ അയാൾ പറഞ്ഞു.ഞങ്ങൾ എല്ലാം എടുത്തു പയ്യന്റെ പിന്നാലെ ഓടി റോഡിൽ എത്തിയപ്പോഴേക്കും ബസ് തിരിഞ്ഞു വരുന്നതേയുള്ളായിരുന്നു.കൈകാണിച്ചു ആ പയ്യൻ ഞങ്ങളെ അതിൽ കയറ്റിവിട്ടു.ബസിൽ ഞങ്ങൾ രണ്ടും പിന്നെ ഡ്രൈവറും ഒരു കിളിയും മാത്രം.ആളുകൾ കയറുന്നവരെ പിന്നിൽ ഇഷ്ടമുള്ളേടത് ഇരുന്നോളാൻ അവർ പറഞ്ഞു.ഞങ്ങൾ ആദ്യത്തെ 1,2 സീറ്റ് തന്നെ പിടിച്ചു.ദൈവഭാഗ്യം എന്നു പറയാല്ലോ ആദ്യ സ്റ്റോപ്പിൽ ആളുകൾ കയറിയപ്പോൾ തന്നെ ഏജന്റ് എന്ന് തോന്നിപ്പിക്കുന്ന ഒരാൾ വന്നു 1,2 സീറ്റ് ക്യാൻസൽ ആയി എന്ന് പറഞ്ഞു.ഞങ്ങൾ അവിടെയും സേഫ് ആയി.(അതിനു പുള്ളി 200രൂപ വാങ്ങി)മധുരയിൽ നിന്നും മടങ്ങുകയാണ്. പ്രതീക്ഷിക്കാതെ ലഭിച്ച ഒരുപാട് അനുഭവങ്ങളുടെയും,അവസരങ്ങളുടെയും കണ്ണുകളെ അതിശയിപ്പിച്ച ഒരുപാട് കാഴ്ചകളുടെയും കഥകളുടെയും യാത്ര.മറക്കാതെ മനസ്സിൽ സൂക്ഷിക്കാൻ ഒരുപിടി പുതിയ അനുഭവങ്ങൾ കൂടി.
ഏതാണ്ട് 5:15ന് എറണാകുളത്തെത്തുകയും 6മണിയോടെ വീട്ടിലേക് എത്തിച്ചേരുകയും ചെയ്തു..വാതിൽ തുറന്നു തന്ന അമ്മയുടെ ചോദ്യവും"എന്തെ മതിയാക്കി പോന്നത് എന്നു.."""സമയം ഇനിയുമുണ്ടല്ലോ എന്ന് മറുപടിയുമായി ഞാൻ ഉള്ളിലേക്ക് കയറി....
#ചില_അറിവുകളും_അനുഭവങ്ങളും..
*ആനവണ്ടി ഒരു ബെറ്റർ ഓപ്ഷൻ ആണ് ഈ യാത്രക്ക്.അടിപൊളി ഫീൽ ആണ്..
*ഏകദേശം 8മണിക്ക് മൂന്നായി പാമ്പന്പാലം എത്തിയാൽ ട്രയിൻ പാസ്സ് ചെയ്യുന്നത് കാണാം.
*രാമേശ്വരം ഫുൾ കാണുവാൻ ഓട്ടോക്കാരെ ആശ്രയിക്കുന്നത് നല്ലതാണ്.മാക്സിമം റേറ്റ് പേശുക.കൊടുക്കുന്ന കാശിനു തൃപ്തി നൽകുന്ന കാഴ്ചകളും വിവരങ്ങളും ലഭിക്കും.
*രാമേശ്വരം റൂം എടുക്കുന്നുണ്ടെങ്കിൽ വെള്ളത്തിനു ഉപ്പുരസം അധികം ആണോ എന്നു ആദ്യം നോക്കിയാൽ നന്നായിരിക്കും.
*രാമേശ്വരം ക്ഷേത്രത്തിലെ അത്താഴപൂജ ചടങ്ങ് ഒരിക്കലും മിസ്സ് ആകരുത്.രാത്രി 8മണിക്കാണ്.
*ധനുഷ്‌കോടി, അരിച്ചാൽ മുനമ്പ് പോകുമ്പോൾ മണൽ അധികം എല്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക.ക്യാമറബാഗിൽ കൊണ്ടുപോകുക.
*മധുര ക്ഷേത്രത്തിൽ ദർശനത്തിനു സ്പെഷ്യൽ പാസ്സ് എടുക്കുന്നതാണ് നല്ലത്.(ദർശനസമയം രാവിലെ 5:30-12:30 വൈകിട്ടു 4-9:30)
ക്ഷേത്രത്തെ കുറിച്ച് കൂടുതൽ pinakin എന്ന അമ്പലത്തിന്റെ ആപ്പ് ഉപയോഗിച്ചാൽ ലഭിക്കും.
*മധുരയിൽ ഓട്ടോക്കാർ മിനിമം ചാർജ് 50രൂപ വാങ്ങും
*രാമേശ്വരത്തു രാവിലെ തുടങ്ങുന്ന വെയിലിനുതന്നെ 30°c + ചൂടുണ്ട്.അതിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ പ്രത്യേകിച്ച് ബാക്ക്പാക്ക് ആയി പോകാൻ ഉദ്ദേശ്ശിക്കുന്നവർ എടുത്താൽ ആശ്വാസകരമായിരിക്കും...
No comments:
Post a Comment