പുലർച്ചെ 3:30നു ആരെയും ശല്യപ്പെടുത്താതെ കട്ടൻ തിളപ്പിക്കുമ്പോഴാണ് അമ്മ എണീറ്റത്..
തലേന്ന് തന്നെ ചെറിയ സൂചന നല്കിയിരുന്നതിനാൽ അധികം ചോദ്യംചെയ്യൽ ഒന്നും ഉണ്ടായില്ല.
അപ്പോഴും പുറത്തു മഴ നല്ല തകർത്തു പെയ്യുന്നുണ്ടായിരുന്നു.ഇതുവരെ കാലത്ത് ഇല്ലാത്ത മഴ കറക്റ്റ് ഇന്ന് തന്നെ പെയ്യാൻ എന്താ കാരണം എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ജിതിനെ വിളിച്ചുണർത്തുന്ന കാര്യം ഓർത്തത്.തലേന്ന് അവനോടു രാവിലെ 4മണിക്ക് വരണം എന്ന് എത്രവട്ടം പറഞ്ഞെന്നു ഓർമയില്ല..
ഏതായാലും പോസ്റ്റ് തരാതെ അവനും എത്തി.മഴ അൽപം കുറഞ്ഞപ്പോൾ ഞങ്ങൾ യാത്ര ആരംഭിച്ചു.
മുന്നോട്ടും മഴ തന്നെയായിരുന്നു ഞങ്ങളുടെ സംസാരം.
കൂടിയും കുറഞ്ഞും മഴ നല്ല പണി തന്നുകൊണ്ടിരുന്നു..
ഞങ്ങൾ എങ്ങും നിർത്താനും തയ്യാറായില്ല.. നമുക്കും ഉണ്ടല്ലോ അൽപം വാശി.
അപ്പോഴും നേരം പുലരാനുള്ള ഒരു സാധ്യതയും കാണാനില്ല.
കായംകുളം എത്തുന്നതിനു മുന്നേ മഴ കഴിഞ്ഞു,മുന്നോട്ട് ഒരു തുള്ളി വെള്ളം പോലും തൊടാത്ത റോഡ്, മഴയുടെ ചെയ്തികളെ അൽപം നല്ല രീതിയിൽ സ്മരിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി..
വണ്ടിഓടിച്ചു കൊണ്ട് തന്നെ അന്നത്തെ സൂര്യോദയവും കണ്ടു അപ്പോഴേക്കും ഞങ്ങൾ പുനലൂർ എത്തിയിരുന്നു.
![]() |
തെങ്കാശി |
അവിടെ നിന്ന് തെന്മല റോഡ് പിടിച്ചു,മലകൾ കാഴ്ച്ചയിൽ പതിഞ്ഞു തുടങ്ങിയപ്പോഴേക്കും അവയ്ക്കു മുകൾഭാഗം മഞ്ഞു പൊതിഞ്ഞിരുന്നു.
വഴിയിൽ ആദ്യംകണ്ട അരുവിയുടെ അരികിൽ അൽപനേരം ഇരിപ്പുറപ്പിച്ചു ഞങ്ങൾ വീണ്ടും ചലിച്ചു..
കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത കടന്നു പോവുന്ന 13കണ്ണാറപാലം ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനമായി.
കൊല്ലത്തിനെയും മദ്രാസിനെയും ആണ് ഈ പാത ബന്ധിപ്പിച്ചിരുന്നത്.പുനർ നിര്മാണവും തുരങ്കത്തിന്റെ ജോലികളും നടക്കുന്നതിനാൽ ഇപ്പോൾ സർവീസ് നിർത്തി വെച്ചിരിക്കുകയാണ്.
ബ്രിട്ടീഷ്കാലത്തു നിർമിച്ച ഈ പാലത്തിൽ സിമെന്റ് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.പകരം സുർക്കി മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്.
![]() |
13കണ്ണാറപ്പാലം |
താഴെനിന്നും മുകളിലേക്ക് കയറി കാഴ്ചകൾ കാണുവാൻ കഴിയും,ചെറിയ പടികൾ കയറി മുകളിലേക്ക് എത്തുമ്പോൾ ഇടതുവശത്തായി ഒരു തുരങ്കം കാണാം.പാറകൾ വെട്ടി നിർമിച്ച വലിയ ഒരു തുരങ്കം.അതിലൂടെയാണ് റെയിൽ കടന്നു വരുന്നത്.
ആ വിസ്മയ കാഴ്ചകൾക്കു ശേഷം ഞങ്ങൾ പാലരുവി ലക്ഷമാക്കി നീങ്ങി,
ആളൊന്നിന് 40രൂപ പാസും എടുത്തു പാർക്കിംഗ് ഫീയും നൽകി ഫോറെസ്റ്റിന്റെ ബസിൽ 4km കാടിനുള്ളിലൂടെ ചെന്നാൽ കാണാം പഴയ ഒരു തകർന്ന കുതിരാലയവും അതിനും മുന്നോട്ട് നടന്നു ചെല്ലുമ്പോൾ ഉയരത്തിൽനിന്നും പതഞ്ഞൊഴുകുന്ന "പാലരുവി" പുലർച്ചെയായതിനാൽ അധികം തിരക്ക് അനുഭവപ്പെട്ടില്ല.കൂടുതലും തമിഴർ ആയിരുന്നു സന്ദർശകർ.അൽപനേരം അതിന്റെ ഭംഗി ആസ്വദിച്ചു മുകളിലുള്ള കൽമണ്ഡപത്തിൽ നിന്നു
അവിടെനിന്നിറങ്ങി അടുത്ത ബസിൽ തന്നെ കയറി പാർക്കിങ്ങിലെത്തി നേരെ കുറ്റാലം പിടിക്കാനുള്ള തീരുമാനമായി.
![]() |
പാലരുവി |
ചെങ്കോട്ട കടന്നപ്പോഴേക്കും മൂന്നാറിനെ ഓർമിപ്പിക്കുന്ന കാഴ്ചകൾ വന്നു തുടങ്ങിയിരുന്നു.
നെൽവയലുകളും മലനിരകളും ചുറ്റുപാടും നല്ല വെയിൽ ആണെങ്കിലും മലകൾ എല്ലാം വെള്ളപുതച്ചു നിന്നിരുന്നു.
ലുണയും,ഒരു ലെവലുമില്ലാതെ പായുന്ന ഓട്ടോറിക്ഷയും പനങ്കരിക്ക് വിൽക്കുന്ന ആളുകളും തമിഴ്നാടിന്റെ കാഴ്ചകൾ കണ്ടു തുടങ്ങിയിരുന്നു.
(ഓട്ടോയുടെകാര്യം ഇവിടെയും അങ്ങനൊക്കെ തന്നെ അല്ലെ.)
അതെല്ലാം കടന്നു കുറ്റാലം എത്തിയപ്പോൾ വെയിലിനു കാഠിന്യം അൽപം കൂടുതലായോ എന്നൊരു സംശയം ഞങ്ങൾക്ക് തോന്നി തുടങ്ങി.വണ്ടി പാർക്ക് ചെയ്തു വെള്ളച്ചാട്ടത്തിനടുത്തേക് നീങ്ങി,
വേനൽ ശോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കുറ്റാലം,,, അതിനടിയിൽ ഇതുവരെ വെള്ളം കണ്ടിട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന വിധം തമിഴ്മക്കളുടെ നീരാട്ട്.
![]() |
കുറ്റാലം |
മുഖം കഴുകാൻ പോലും അവന്മാര് ഒരു ഗ്യാപ് തന്നില്ല.അല്പം തണൽ നോക്കി ചുറ്റുപാടും മുഴുവൻ വീക്ഷിച്ചു ഇതാണ് കുറ്റാലം.
ഞങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനം അടുത്തതാണ് "സുന്ദരപാണ്ട്യപുരം" ചിത്രങ്ങളാൽ ഞങ്ങളെ കൊതിപ്പിച്ച തമിഴ് ഗ്രാമം.
രാവിലെ കുടിച്ച കട്ടന്റെ സ്റ്റാമിനയിൽ ഓടുന്ന വണ്ടി ആദ്യം കണ്ട ഒരു ചെറിയ കടയിൽ നിർത്തി.ഒരു ബിസ്ക്കറ്റും, സെവൻ അപ്പും അതാണ് മീൽസ്,
![]() |
ഡ്രൈവർ ഒഴിച്ച് ബാക്കി എല്ലാവരും ഇങ്ങോട്ട് നോക്കിയിട്ടുണ്ട്..സുന്ദരപാണ്ട്യപുരം. |
യാത്രകളിൽ അധികം ഫുഡ് കഴിച്ചു ശീലം ഇല്ലാത്തതിനാൽ ആ ക്യാഷ് ലാഭം ആണ്.
അവനും അതുപോലെ ആയതുകൊണ്ട് ജോളിയായി..
റോഡിലേക്ക് വള്ളിപ്പടർപ്പുകളാൽ തണൽ ഒരുക്കിയ ഒരു ആലിൻ ചുവട്ടിൽ അല്പ വിശ്രമത്തിനു ശേഷം സുന്ദരപാണ്ട്യപുരത്തേക്..
ഗൂഗിൾ ഇടവഴിയിൽ അൽപം ചതിച്ചെങ്കിലും ശെരിയായ വഴിയിൽ ഞങ്ങളെ കൊണ്ടുചേർത്തു.
പതിയെ നഗരകാഴ്ചകൾ മറയുകയാണ്,പൊടിപടലങ്ങൾ നീങ്ങി കോൺക്രീറ്റ് കെട്ടിടങ്ങൾ വഴിമാറി ചെറു റോഡിലൂടെ സുന്ദരപാണ്ട്യപുരം ആയിത്തുടങ്ങി എന്ന ആദ്യ സൂചന നൽകിയത് രണ്ടു കൂറ്റൻ കാളകളെ പൂട്ടിയ ഒരു കാള വണ്ടിയാണ്... അധികം ദൂരെയല്ലാതെ കാണാം പച്ചനിറത്തിൽ കൃഷിയിടങ്ങൾ..
![]() |
സുന്ദരപാണ്ട്യപുരത്തെ കാഴ്ചകൾ |
പേരിനോട് നൂറുശതമാനം നീതി പുലർത്തുന്ന സുന്ദരമായ തമിഴ് കാർഷിക ഗ്രാമം "സുന്ദരപാണ്ട്യപുരം"
തിരുനെൽവേലി ജില്ലയിൽ തെങ്കാശിയിൽ നിന്നും 10കിലോമീറ്റർ ഉള്ളിലായാണ് കാഴ്ചകളുടെ കലവറയായ ഈ ഗ്രാമം.നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞു കണ്ണിനും മനസിനും പൂർണ തൃപ്തി നൽകുന്ന ഒരിടം.ലളിതമായ ജീവിതശൈലിയും മണ്ണിന്റെ മാറിൽ വിശ്രമമില്ലാതെ പണിയെടുത്തു ജീവിക്കുന്ന വെറും എണ്ണായിരത്തിൽ താഴെ മാത്രം വരുന്ന ജനങ്ങളുടെ സ്വർഗഭൂമി.
ഇനിയും അന്യം നിന്ന് പോയിട്ടില്ലാത്ത കൃഷിയിടങ്ങളും പച്ചപ്പും ആവോളം,കാളവണ്ടികളും,ആട്ടിടയരും,വയസിലും കാഴ്ചയിലും മാത്രം പ്രായം തോന്നിക്കുകയും ഒരു പക്ഷെ നമ്മളെക്കാൾ ചുറുചുറുക്കുള്ള മുതിർന്ന ആളുകളും,കത്തിനിൽക്കുന്ന വെയിലിൽ പോലും പച്ചപ്പിനെ തലോടി വീഴുന്ന തണുത്ത കാറ്റും ഈ ഗ്രാമത്തെ കൂടുതൽ അഴകുള്ളതാക്കുന്നു.
മറ്റൊരു പ്രധാന ആകർഷണം "അന്യൻ പാറ"(റോജ, ജന്റിൽ മാൻ അങ്ങനെ ഒരുപാട് ചിത്രങ്ങൾ )ആണ്.ഒരുപാട് ചിത്രങ്ങൾക് ലൊക്കേഷൻ ആയി മാറിയ ഈ പാറ അന്യൻ റിലീസിന് 12വർഷം ഇപ്പുറവും അതിലെ ചിത്രങ്ങൾ മായാതെ ഇപ്പോഴും കാഴ്ചക്കാരെ ആകർഷിക്കുന്നു.
![]() |
അന്യൻപാറ |
വെയിലിന് അല്പം കഠിനമായതിനാൽ അതിനടുത്തു തന്നെ അരമണിക്കൂറോളം ഒരു ആൽമരത്തിന്റെ ചുവട്ടിൽ കാറ്റും കൊണ്ട് വഴിയോര കാഴ്ച്ചകളും പച്ചനിറം വാരി വിതറിയപോലെയുള്ള നെൽപാടത്തിന്റെ കാഴ്ചകളും കണ്ടു ഞങ്ങൾ വിശ്രമിച്ചു.അതിനിടയിൽ ഞങ്ങളോടൊപ്പം ചേർന്ന ഗ്രാമവാസികളായ ആളുകളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുവാനും കഴിഞ്ഞു..പുതിയ അനുഭവങ്ങളും അറിവുകളുമാണ് ഒരു യാത്രയുo പകർന്നു നൽകുന്നത്.
![]() |
വിശ്രമത്തിനായി തണലൊരുക്കിയ ആൽമരം |
വെയിലിന് അല്പം ശമനം കണ്ടതോടെ ഞങ്ങൾ പാറയുടെ മുകളിലേക്ക് നടന്നു കയറി.
ആ പ്രദേശത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയുന്ന ഒരു വ്യൂ പോയിന്റ് തന്നെ എന്ന് പറയാം അന്യൻ പാറ.പച്ചപ്പട്ടു വിരിച്ചു സുന്ദരിയായ വയലുകൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്നു.പിന്നിൽ ശങ്കർ അന്ന് പെയിന്റ്അടിച്ചു പോയ പാറകൾ അതിന്റെ തനിമ ചോരാതെ ഇന്നും കാണാം.
ശിവാജി ഗണേശൻ,രജനികാന്ത്,കമൽഹാസൻ,എംജിആർ എന്നിവരുടെ എല്ലാം മികവുറ്റ പെയിന്റിങ്ങുകൾ.മറ്റാരുടെയും ശല്യമില്ലാതെ കാഴ്ചകളുടെ ഒരു പറുദീസ തന്നെ ഞങ്ങൾക്കു വേണ്ടി തുറന്നു കിട്ടിയത് പോലെ.
അതിനു താഴെ വന്നിട്ട് മുകളിലേക്ക് അൽപ നേരം നോക്കി വെയിൽ കാരണം കയറാതെ പോയ രണ്ടു KL രെജിസ്ട്രേഷൻ ബൈക്കുകൾ ഞങ്ങൾ മുന്നേ കണ്ടിരുന്നു..(നിങ്ങൾക്ക് വൻ നഷ്ടം തന്നെയാണ്)ഞങ്ങൾ വെയിൽ കുറയാൻ കാത്തു നിന്നാണ് കയറിയത്.. ആ കാത്തിരിപ്പിനും ഊർജം നൽകിയത് അവിടുത്തെ കാഴ്ചകൾ തന്നെയായിരുന്നു.
![]() |
പിന്നിൽ കാണുന്നതാണ് അന്യൻപാറ. |
അവിടുത്തെ കാഴ്ചകൾ മനസിൽനിറച്ചു ഞങ്ങൾ പോയത് സുന്ദരപാണ്ട്യപുരം റോഡ് അവസാനിക്കുന്നിടത്തേക്കാണ്,
ഏകദേശം ആറു കിലോമീറ്റർ ദൂരമേ ഉള്ളു പാറയിൽ നിന്നും അങ്ങോട്ട്.
വഴിനിറയെ കാഴ്ചകൾ എല്ലാം കൃഷിയിടങ്ങൾ തന്നെ.എല്ലായിടവും പച്ചപ്പ് മാത്രം,അതിനിടയിൽ ഒരു പൊട്ടു വലിപ്പത്തിന് അതിൽ പൊന്നു വിളയിക്കുന്ന ഗ്രാമവാസികൾ പണിയെടുക്കുന്നു.ശെരിക്കും എല്ലുമുറിയെ പണിയെടുക്കുക എന്ന വാക്കുകളുടെ നേർകാഴ്ച..
![]() |
അഗ്രഹാരം |
റോഡ് അവസാനിക്കുന്നിടത്തേക് എത്തുമ്പോൾ വഴി ചുരുങ്ങി ഒരു അഗ്രഹാരത്തിനുള്ളിലെക്കാണ് പോവുന്നത്,അതിന്റെ ഒരു വശത്തു പാത അവസാനിക്കുന്നു.നേരെ തന്നെ 4കൽത്തൂണുകൾ കൊണ്ട് നിർമിച്ച ഒരു ചെറിയ മണ്ഡപം നടുവിൽ നിലനിർത്തിയ കുളവും കാണാം.
ഒരുപാട് പേർ,കൂടുതലും കുട്ടികൾ അതിൽ തിമിർത്തു മറിയുന്നുണ്ടായിരുന്നു.കൂട്ടത്തിൽ അൽപം കുരുത്തക്കേട് കൂടുതൽ ഉള്ളവർ കൽമണ്ഡപത്തിനു മുകളിലേക്ക് വലിഞ്ഞു കയറി അതിനുമുകളിൽനിന്നും വെള്ളത്തിലേക്കു ചാടി രസിക്കുന്നു.
അൽപനേരം ആ കാഴ്ചകളോട് കൂട്ടുകൂടി അവിടെ ഇരുന്നു,
ഒരുവശത്തു മേഞ്ഞു നടക്കുന്ന കാലികൂട്ടങ്ങൾ,അതിനു പിന്നിൽ തലയുയർത്തി നിൽക്കുന്ന കാറ്റാടി പാടങ്ങൾ,
മനസിനെ പിടിച്ചിരുത്തുന്ന ഗ്രാമ ഭംഗി എവിടെയും നിറഞ്ഞു നിൽക്കുന്ന ഒരിടം.
![]() |
അഗ്രഹാരം അവസാനിക്കുന്നിടത്താണ് ഈ കാഴ്ചകൾ. |
അവിടെയും കൂടുതൽ വിശേഷങ്ങൾ ഞങ്ങൾ പ്രദേശവാസികളോടാണ് ചോദിച്ചറിഞ്ഞത്.
അതില്നിന്നുമാണ് "തിരുമല കോവിൽ" എന്ന ക്ഷേത്രം ഞങ്ങളുടെ അടുത്ത ലക്ഷ്യമാക്കി ഉറപ്പിച്ചത്.
ഏതാണ്ട്, 25km ഉണ്ട്
അങ്ങോട്ട് എത്തിപെടുവാൻ. പാൻപോളി എന്നാണ് ആ പ്രദേശത്തിന്റെ പേര്.
അവരോടു നന്ദി പറഞ്ഞു കൃത്യമായ വഴിയും ചോദിച്ചു മനസിലാക്കി വീണ്ടും അഗ്രഹാര കാഴ്ചകളിലൂടെ വണ്ടി നീങ്ങി തുടങ്ങി.
ശെരിക്കും തമിഴ് ഗ്രാമങ്ങളോട് അടങ്ങാത്ത ഒരു ഇഷ്ടം ഉണ്ട് എനിക്ക്.അതിനു കൃത്യമായ കാരണങ്ങൾ എന്താണെന്നു ചോദിച്ചാൽ അറിയില്ല..ആ ഇഷ്ടങ്ങളോട് നമ്മൾ പറയാതെ തന്നെ ഇണങ്ങുന്നവർ ആയിരിക്കണം നമ്മുടെ കൂടെയുള്ളവർ..
ആ മനസുള്ളവരുടെ കൂടെ മാത്രമേ ഞാനും യോജിക്കാറുള്ളു..
അങ്ങനുള്ള സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് അതിൽ ഞാൻ സന്തുഷ്ടനാണ്.
തിരുമല കോവിൽ ലക്ഷ്യമാക്കിയുള്ള യാത്രയിൽ മാവിൻ തോട്ടം, നെല്ലിക്ക,ചോളം,തെങ്ങ്,കാറ്റാടികൾ ഇവയെല്ലാമായിരുന്നു ഇരു വശങ്ങളിളെയും കാഴ്ചകൾ..
അതിനുള്ളിലൂടെയും റോഡിന്റെ വശങ്ങളിലും ധാരാളം മയിലുകൾ ഉലാത്തുന്നു..
അവരെയും ശല്യം ചെയ്യാതെ ഞങ്ങൾ മുന്നോട്ടു നീങ്ങി.
വീണ്ടും വഴി തിരക്കി പിടിച്ചു ഞങ്ങൾ ഒരു പ്രധാന ജംഗ്‌ഷൻ എന്ന് തോന്നിക്കുന്ന എന്നാൽ അത്ര വലുതുമല്ലാത്ത ഒരിടത്തെത്തി.സൈൻ ബോർഡുകൾ അവിടെ സഹായകമായി.
നീണ്ടു കിടക്കുന്ന ആ റോഡിൽ ദൂരെ നിന്നെ കോവിലിന്റെ ദൂരകാഴ്ച ദൃശ്യമായിരുന്നു.
ചുവപ്പും വെളുപ്പും ഇടകലർത്തിയ ക്ഷേത്ര മതിലുകൾ, അതിനു മുകളിലായി ഉയർന്നു നിൽക്കുന്ന ക്ഷേത്ര ഗോപുരം.
അൽപം വേഗത കൂട്ടി ക്ഷേത്ര മുറ്റത്തു എത്തി.
ഏകദേശം 600മുകളിൽ പടികൾ കയറി വേണം മുകളിലേക് എത്താൻ.
20രൂപ പാസ്സ് എടുത്താൽ വാഹനങ്ങൾ മുകളിൽ കൊണ്ടുപോവാൻ പ്രത്യേക വഴിയും ഉണ്ട്.
പാസ്സ് എടുത്തു മുകളിലേക് വണ്ടിയുമായി നീങ്ങിയപ്പോൾ കാഴ്ചകളുടെ ഒരു ചാകര തന്നെ ഉണ്ടാവും എന്ന് ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
എവിടെ വേണമെങ്കിലും വണ്ടി നിർത്തി കാഴ്ചകൾ കാണാം, ഒരു ചുരം കണക്കെ നിർമിച്ചിരിക്കുന്ന അമ്പലത്തിലേക് മാത്രം പ്രവേശനമുള്ള വഴിയാണത്.
സമയം 3മണിയോളം ആയതിനാൽ മുകളിലേക്ക് തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.ചുറ്റുമുള്ള മലനിരകൾ എല്ലാം കൊടയാൽ മൂടപ്പെട്ടു കഴിഞ്ഞിരുന്നു.
![]() |
തിരുമലൈ കോവിൽ |
സുന്ദരപാണ്ട്യപുരത്തും മലനിരകൾ ഒരു നിഴൽ എന്ന പോലെയേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
ഇത്രയും വെയിൽ ഉള്ളപ്പോഴും മല മൂടി നിൽക്കുന്ന കോട ഞങ്ങൾക്ക് അപ്പോ അത്ഭുതമാണ് തോന്നിച്ചത്.
ഹെയർപിന് വളവുകൾ കയറി മുകളിലേക്ക് പോവുമ്പോൾ ഒരു ഡാമിന്റെ വിദൂരമല്ലാത്ത ദൃശ്യം കാണാൻ കഴിയും.
എവിടെ നോക്കിയാലും കണ്ണെടുക്കാൻ കഴിയാത്ത കാഴ്ചകൾ കൊണ്ട് അമ്പരപ്പ് ഞങ്ങൾ പരസ്പരം പ്രകടിപ്പിച്ചു.
പാറകൾ വെട്ടി വഴിയുണ്ടാക്കി അതിലൂടെ ടാർ ചെയ്തു മനോഹരമാക്കിയ റോഡ്.പാറകൾ ചെത്തിയെടുത്ത വിടവുകളിലൂടെ ചെറിയ നീർചാലുകൾകാണാം.
എത്ര വെയിലായാലും ക്ഷേത്രവും പരിസരവും എപ്പോഴും അൽപം തണുത്ത കാലാവസ്ഥയായിരിക്കും, വൈകുന്നേരം സമയങ്ങളിൽ കോടമഞ്ഞും കാണാം.
ഞങ്ങൾ മുകളിലെത്തിയപ്പോൾ ചുരുക്കം ചില വാഹനങ്ങൾ മാത്രമേ മുകളിൽ ഉണ്ടായിരുന്നുള്ളു.
ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു മുകളിലേക്ക് നടന്നു കയറി.
അത്യാവശം വലിയ ഒരു ക്ഷേത്രമാണ്.മുരുകൻ ആണ് പ്രതിഷ്ഠ.
അമ്പലത്തിനു മുന്നിൽ നിന്നുള്ള കാഴ്ച വർണ്ണനാതീതമാണ്.ചുറ്റും പശ്ചിമഘട്ട മലനിരകൾ വലയം ചെയ്തിരിക്കുന്നു.പലയിടങ്ങളും മേഘം മലനിരകളുടെ പൂർണരൂപത്തെ ഒളിപ്പിച്ചു വെച്ചിരുന്നു.താഴെയുള്ള പ്രദേശങ്ങൾ എല്ലാംതന്നെ ഒരൊറ്റ ഫ്രെയിമിൽ എന്ന പോലെ കാണാം.
![]() |
കോവിലിന്റെ മുൻവശം. |
ശെരിക്കും രാമക്കൽമേടിലെ കാഴ്ചയേക്കാൾ വിശാലമായ ദൃശ്യഭംഗിയാണിവിടം.
ഒറ്റനോട്ടത്തിൽ ഗൂഗിൾ മാപ്പിൽ എന്നവിധം സ്ഥലങ്ങൾ കാണാം.
ചെറുതും വലുതുമായ ഏഴോളം പട്ടണങ്ങൾ നമുക്ക് ഇവിടെ നിന്ന് കാണുവാൻ കഴിയും.
അമ്പലത്തിനകത്തേക് ഹെൽമെറ്റും ക്യാമറയും കൊണ്ട് പോവാഞ്ഞതിനാൽ ഞങ്ങളോരോരുത്തരായി ഉള്ളിൽ കയറി ദർശനം നടത്തി.ഉള്ളിലെ കാഴ്ചകളും മനോഹരമായ കൽത്തൂണുകളും കൊത്തുപണികളും കൊണ്ട് സമ്പുഷ്ടമാണ്.
(ക്യാമറ കയറ്റില്ല എന്ന് എങ്ങും എഴുതിയിട്ടില്ല,എന്നാലും ക്ഷേത്രമര്യാദകൾ പാലിക്കുന്നതാവും നല്ലത്,ക്യാമറ കൊണ്ട് പോയ കഥ പിന്നാലെ)
![]() |
ക്ഷേത്രത്തിനു മുകളിലെ പാർക്കിംഗ് ഏരിയ.(വാഹനം ഇല്ലെങ്കിൽ 600ഓളം പടികൾ കയറിയും മുകളിൽ എത്താം) |
ദർശനത്തിനു ശേഷം മറ്റു കാഴ്ചകളിലേക്കു ഞങ്ങൾ നടന്നു,മലനിരകളാൽ വലയം ചെയ്യപ്പെട്ട ഈ വലിയ പ്രദേശത്തിന്റെ ഒത്ത നടുവിലെ മലമുകളിൽ ആണ് "തിരുമല കോവിൽ"അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ ഏതു വശവും കാഴ്ചകളാൽ സമ്പന്നമാണ്.
ക്ഷേത്രത്തിന്റെ പിൻഭാഗത് ഒരു വശത്തു പുനർനിർമാണം നടക്കുന്നുണ്ട്.അവിടെ നിന്നാൽ ഡാമിന്റെ വ്യൂ വളരെ ഭംഗിയായി കാണുവാൻ കഴിയും.
ക്ഷേത്രക്കുളം മറ്റൊരു അത്ഭുതമാണ്,മലയുടെ മുകളിലായിട്ടും(മല എന്നാൽ മുഴുവൻ പാറ)വെള്ളം നിറഞ്ഞു നിൽക്കുന്ന വലിയ കുളം.അതിൽ സൂര്യരശ്മികൾ വീണു പ്രതിഫലിക്കുന്നു.
ക്ഷേത്രത്തിനു മുന്നിലെ പൈപ്പിൽ നിന്നും തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ വീണ്ടും എനർജി കൂടിയ പോലെ ഒരു ഫീൽ ആണ് കിട്ടിയത്.
മനസില്ലാമനസോടെ ഞങ്ങൾ പതിയെ താഴേക്കിറങ്ങി,
അപ്പോഴേക്കും അന്തരീക്ഷം ഇരുണ്ടു മൂടാൻ തുടങ്ങിയിരുന്നു.കാറ്റിനു ശക്തി കൂടി,എതിർവശത്തെ കൂറ്റൻ മലമുകളിൽ നിന്നും കോടമഞ്ഞു താഴേക്കിറങ്ങി വരുന്ന കാഴ്ച ഇപ്പോഴും കണ്ണിലുണ്ട്.
അതിനെ അൽപം വകഞ്ഞു മാറ്റി എന്ന വണ്ണം സൂര്യകിരണങ്ങൾ അസ്തമയത്തിന്റെ സൂചന നൽകി.
പോവാനുള്ള മനസ്സ് ഉപേക്ഷിച്ചു ഞങ്ങൾ പ്രവേശനകവാടത്തിനു അടുത്ത് കല്മണ്ഡപത്തിൽ സൂര്യനുനേരെ നോക്കിയിരുന്നു.കാറ്റിനു വീണ്ടും ശക്തി കൂടി വന്നു.
ആ ഒരു അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല..ആ കാഴ്ചകൾ പൂർണമായി പകർത്തുന്നതിനു മുന്നേ ഫോൺ ഓഫ് ആയി പോയിരുന്നു, എന്നാലും ചില നല്ല ദൃശ്യങ്ങൾ പകർത്തിയിരുന്നു.
കാണുവാൻ കഴിയുന്നില്ലായിരുന്നു എങ്കിലും സൂര്യൻ അസ്തമയ ദേശമാകെ ചായക്കൂട്ടുകൾ വാരി വിതറിയിരുന്നു,അവയ്ക്കു കൂടുതൽ വ്യക്തത നൽകി അൽപ നിമിഷം കൊണ്ട് സൂര്യൻ മറഞ്ഞു.മനസ്സ് നിറഞ്ഞു..
അപ്രതീക്ഷിതമായി കിട്ടിയ ആ ഒരു രംഗം ഈ യാത്രയിൽ ഞങ്ങൾക്ക് കിട്ടിയ ഒരു ബോണസ് തന്നെയാണ്.ഒന്നുകൂടി ചുറ്റുപാടും കണ്ണിലേകക്കും മനസ്സിലേക്കും തിരിച്ചെത്തിച്ചു ഞങ്ങൾ വണ്ടി എടുത്തു.
താഴെവരെ എത്താൻ എന്തായാലും വണ്ടി സ്റ്റാർട്ടാക്കേണ്ടി വന്നില്ല,താക്കോൽ ഓൺ ചെയ്ത് താഴേക്കിറങ്ങി...
റോഡിലെത്തി ചെങ്കോട്ടയിലേക്കുള്ള വഴി ചോദിച്ചുമനസിലാക്കി,
റഹ്മത്തിലെ ബോർഡർ പൊറോട്ട ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം എങ്കിലും ഫോൺ ഓഫ് ആയിരുന്നതിനാൽ ഞങ്ങൾ കൃത്യമായ വഴിയിലൂടെ അല്ല ചെങ്കോട്ട കടന്നത്.അതിനാൽ ആ മോഹം ഇനി അടുത്ത യാത്രയിൽ നിറവേറ്റാം എന്ന ആശ്വാസത്തിൽ ഞങ്ങൾ വീട്ടിലേക് തിരിച്ചു..
(ക്യാമറ ഫുൾ ചാർജിൽ മെമ്മറികാർഡ് ഇല്ലാതെയാണ് സുഹൃത്തുക്കളെ കൊണ്ടുപോയത്.. 🙄 ലോക മണ്ടത്തരം ആയി പോയി,ഒരു അഡാപ്റ്റർ തപ്പിനടന്നിട്ടു അതും കിട്ടിയില്ല,വെളുപ്പാന്കാലത്തെ ആരു കട തുറക്കാൻ ആണ്.പോരാത്തതിന് സൺഡേ..)
"എല്ലാവരും ഉണരും മുന്നേ തുടങ്ങിയ യാത്ര.. എല്ലാവരും സുഖനിദ്രയിൽ ആയപ്പോൾ തിരികെയെത്തി.."
മറക്കാതെ സൂക്ഷിക്കാൻ വീണ്ടും ഒരുപിടി പുതിയ ഓർമകളുമായി....
No comments:
Post a Comment